അബുദാബി : പർദ്ദ ധരിച്ചെത്തിയ പാക്ക് പൗരൻ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അബുദാബി പരമോന്നത കോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ് ലോകം. കേസിൽ വരുന്ന ഡിസംബർ 9ന് അബുദാബി പരമോന്നത കോടതി വിധി പ്രസ്താവിക്കും. പ്രതിയായ പാക്ക് പൗരന്  വധശിക്ഷ തന്നെ നൽകണമെന്ന് അബുദാബി പ്രാഥമിക കോടതി വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് പ്രതി അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണ്. 

കൊലപാതകവും പീഡനവും അടക്കം തനിക്കെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും പ്രതി കോടതിയിൽ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ എത്രയും പരമാവധി ശിക്ഷ തന്നെ നൽകണമെന്നും മകന്റെ ഓർമ്മകളിൽ തങ്ങൾ നീറിയാണ് കഴിയുന്നതെന്നും കുട്ടിയുടെ മാതാപിതാക്കൾ നിറകണ്ണുകളോടെ പറയുന്നു. വിധി വൈകില്ലെന്ന് കരുതിയിരുന്നപ്പോഴാണ് ഇത് ഡിസംബർ 9ലേക്ക് മാറ്റിയതെന്ന് കുട്ടിയുടെ പിതാവ് ഡോ. മജീദ് ജുൻഹ പറയുന്നു. പ്രതി ഇവിടെ ഏറെ നാളായി ഏസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഇയാൾക്ക് 33 വയസാണ് പ്രായമെന്നും അധികൃതർ വ്യക്തമാക്കി.

കൊലപാതകം നടത്തുന്നതിന് നാലു മാസം മുൻപ് മുതൽ തന്നെ പ്രതി കുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നെന്നും രക്ഷിതാക്കളുമായി അടുപ്പം പുലർത്തിയിരുന്ന ഇയാൾ കുട്ടിയോട് ഏറെ വാത്സല്യം കാണിക്കാറുണ്ടായിരുന്നെന്നും പ്രോസിക്യൂഷൻ പറയുന്നു. സംഭവം നടന്ന ദിവസം, പ്രതി പർദ ധരിച്ച് സ്ത്രീവേഷത്തിലാണ് ഇവർ താമസിക്കുന്ന സ്ഥലത്തെത്തിയത്. അന്നേ ദിവസം കുട്ടി പിതാവിനൊപ്പം പള്ളിയിൽ പോകുന്ന വിവരവും ഇയാൾക്ക് അറിയാമായിരുന്നു. 2017 ജൂൺ ഒന്നിനാണ് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മുറൂർ റോഡിലെ ഫ്‌ളാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാൻ മജീദ് എന്ന പതിനൊന്നുകാരനെ പർദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂർവം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

പിന്നീട് വലിയ തുണിയിൽ കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു. പീഡനത്തിൽ നിന്നു ചെറുത്തുനിൽക്കാൻ കുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയ്‌ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കേസിൽ നിർണായകമായത് പ്രതി കുട്ടിയുടെ താമസസ്ഥലത്ത് എത്തുന്നതിന്റെ സിസിടിവി ദൃശ്യമാണ്.   കൊല നടത്തുന്ന സമയം പ്രതിയുടെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇത് പൊളിയുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ഇത് തെളിഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സമ്മർദത്തിന് വഴങ്ങിയാണ് മൊഴി നൽകിയതെന്നാണ് പ്രതി മുൻപ് കോടതിയിൽ പറഞ്ഞിരുന്നത്. 

മാത്രമല്ല തന്നെ പർദ്ദ ധരിപ്പിച്ച് വ്യാജമായാണ് വീഡിയോ സൃഷ്ടിച്ചതെന്നും ഇയാൾ മൊഴി നൽകിയിരുന്നു. സംഭവം നടക്കുമ്പോൾ കുറ്റാരോപിതനായ പാക്ക് പൗരൻ അബുദാബിയിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം നടക്കുമ്പോൾ തന്റെ കക്ഷി ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത്തരം വാദങ്ങൾ എല്ലാം തള്ളിയാണ് അബുദാബി പ്രാഥമിക കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.