കൊച്ചി: നാറാത്ത് ആയുധ പരിശീലന കേസിൽ 21 പേർ കുറ്റക്കാരാണെന്ന് എൻഐഎ പ്രത്യേക കോടതി കണ്ടെത്തി. ഒരാളെ വെറുതെവിട്ടു. ഒന്നാം പ്രതി വിപി അബ്ദുൾ അസീസിന് ഏഴു വർഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബാക്കിയുള്ള 20 പേർക്ക് അഞ്ച് വർഷം തടവും 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ കലാപം ലക്ഷ്യമിട്ട് 2013 ഏപ്രിൽ 23 മുതൽ നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടത്തിൽ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. കലാപം ലക്ഷ്യമിട്ടാണ് പ്രതികൾ ആയുധ പരിശീലനം നടത്തിയതെന്ന വാദം കോടതി ശരിവെക്കുകയാണ് ഉണ്ടായത്. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി കെ.എസ്. സന്തോഷ് കുമാറാണ് വിധി പ്രസ്താവിച്ചത്.

മാലൂർ ശിവപുരം പുതിയ വീട്ടിൽ പി.വി. അബ്ദുൽ അസീസ് (43), ഏച്ചൂർ കോട്ടം ആയിഷ മൻസിലിൽ പി.സി. ഫഹദ് (29), നാറാത്ത് കുമ്മായക്കടവ് ഹൗസിൽ കെ.കെ. ജംഷീർ (27), മുഴപ്പിലങ്ങാട് പുതിയപുരയിൽ ടി.പി. അബ്ദുസമദ് (30), തോട്ടട ഷുക്കൂർ ഹൗസിൽ മുഹമ്മദ് സംറീത് (27), വേങ്ങാട് കുന്നിരിക്ക പുറക്കായിൽ ഹൗസിൽ സി. നൗഫൽ (25), മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റാഹയിൽ സി. റിക്കാസുദ്ദീൻ (25), മുഴപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസിൽ പി. ജംഷീദ് (21), കോട്ടൂർ കെട്ടിനകം ഒറ്റകണ്ടത്തിൽ വീട്ടിൽ ഒ.കെ. ആഷിക് (27), എടക്കാട് ബൈത്തുൽ ഹംദ് (അവൽ പീടിക വളപ്പിൽ വീട്ടിൽ എ.പി. മിസാജ് (23), നാറാത്ത് ഷരീഫ മൻസിലിൽ പി.വി.മുഹമ്മദ് അബ്‌സീർ (23), കിഴുന്നപ്പാറ മർവ മൻസിലിൽ പി.എം. അജ്മൽ (23), പിണറായി വെണ്ടുട്ടായി കുന്നിന്റവിട ഹൗസിൽ കെ.സി. ഹാഷിം (26), എടക്കാട് ജമീല മൻസിലിൽ (അവൽ തയ്യിൽ) എ.ടി. ഫൈസൽ (23) , എടക്കാട് റുവൈദ വില്ലയിൽ (കാരക്കുഞ്ഞി പുതിയ പുരയിൽ) കെ.പി. റബാഹ് (29), മുഴപ്പിലങ്ങാട് ഹൈസ്‌കൂളിനു സമീപം ഷിജിൻസ് മൻസിലിൽ വി. ഷിജിൻ എന്ന സിറാജ് (26), എരുവട്ടി കോളൂർ ബൈത്തുൽ അലീമയിൽ സി.പി. നൗഷാദ് (35), മുഴുപ്പിലങ്ങാട് ബീച്ച് റോഡ് സുഹറ മൻസിലിൽ (അവലിൽ കൊവ്വറക്കൽ) എ.കെ. സുഹൈർ (24), കോയ്യ കേളപ്പൻ മുക്കിൽ സുബൈദ മഹൽ (ചെറിയ മേലാട്) സി.എം. അജ്മൽ (23), മുഴപ്പിലങ്ങാട് മറലിൽ ഹൗസിൽ (മറീന മൻസിൽ) പി. ഷഫീഖ് (27), മുഴപ്പിലങ്ങാട് കെട്ടിനകം ഷർമിനാസിൽ ഇ.കെ. റാഷിദ് (23) എന്നിവർക്കാണ് തടവും പിഴയും ശിക്ഷ ലഭിച്ചത്.

രണ്ടു മാസം മുമ്പാണ് കേസിൽ വിചാരണ തുടങ്ങിയത്. കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച കേസുകളിൽ വേഗത്തിൽ കോടതി നടപടി പൂർത്തിയാക്കിയതും ഈ കേസിലാണ്. നവംബർ 23 ന് വിചാരണ തുടങ്ങിയ കേസിൽ എൻ.ഐ.എ. സമർപ്പിച്ച 62 പേരുടെ സാക്ഷിപ്പട്ടികയിൽ നിന്ന് 26 പേരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചു.

ജനവരി 12 ന് അന്തിമ വാദം പൂർത്തിയാക്കി. വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 21 പ്രതികളാണ് കേസിലുള്ളത്. എൻ.ഐ.എ. പ്രത്യേക കോടതി ജഡ്ജി കെ.എസ്. സന്തോഷ് കുമാറാണ് വിധി പറഞ്ഞത്. മയ്യിൽ പൊലീസാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു. എൻ.ഐ.എ. ഏറ്റെടുത്ത ശേഷമാണ് കേസിൽ 22 പേർക്കെതിരെ കുറ്റപത്രം നൽകിയത്.

മയ്യിൽ എസ്.ഐയായിരുന്ന സുരേന്ദ്രൻ കള്ളിയാട് അടക്കം 26 സാക്ഷികളെ വിസ്തരിച്ചും 109 രേഖകളും 38 തൊണ്ടി സാധനങ്ങളും പരിശോധിച്ചുമാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രതി ഭാഗത്തു നിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചിരുന്നു. കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത എൻ.എ.എ കേസുകളിൽ ഏറ്റവും വേഗത്തിൽ വിചാരണ പൂർത്തിയായ കേസാണിത്. കഴിഞ്ഞ നവംബർ 23 നായിരുന്നു വിചാരണ നടപടികളുടെ തുടക്കം. വിചാരണ തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് വിധി പറയുകയും ചെയ്തു.