- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ നാടക അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽ; വിടവാങ്ങുന്നത് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ കരസ്ഥമാക്കിയ പ്രതിഭ
മുംബൈ: ദേശീയ അവാർഡ് ജേതാവായ നടി സുരേഖ സിക്രി അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചാണ് അന്ത്യം.പക്ഷാഘാതത്തെ തുടർന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.
ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ സുരേഖ കിസ കുർസി കാ എന്ന ചിത്രത്തിലൂടെ 1978 ലാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയാണ് സുരേഖ വരവറിയിച്ചത്.തുടർന്ന് മമ്മോ (1995), ബദായി ഹോ (2018) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും സുരേഖയെത്തേടി ദേശീയ പുരസ്കാരമെത്തി.സഹനടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്.
നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2008 മുതൽ 2016 വരെ സീരിയലിൽ അഭിനയിച്ചു.'ബാലിക വധു' എന്ന സീരിയയിലെ കല്യാണി ദേവിയായി നിറഞ്ഞാടി കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരിയായി. കഭി കഭി, സമയ്, കേസർ, സാഥ് ഫേരേ, ബാലിക വധു എക് ത രാജ ഏക് തി റാണി തുടങ്ങിയവയാണ് പ്രധാന ടെലിവിഷൻ സീരീസുകൾ.
അടുത്തിടെ ആയുഷ്മാൻ ഖുറാനയുടെ 'ബദായി ഹോ'യിൽ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.ചിത്രത്തിലൂടെ നേടിയ ദേശീയ പുരസ്കാരം സ്വീകരിക്കാൻ അവർ വീൽചെയറിലായിരുന്നു വന്നത്. സംവിധായിക സോയ അക്തറിന്റെ നെറ്റ്ഫ്ളിക്സ് ആന്തോളജിയായ 'ഗോസ്റ്റ് സ്റ്റോറീസ്' ആണ് അവസാനം അഭിനയിച്ച ചിത്രം.1989ൽ സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്.
പിതാവ് വ്യോമസേന ഉദ്യോഗസ്ഥനും മാതാവ് അദ്ധ്യാപികയുമായിരുന്നു.പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്.ഒരു മകനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ