പത്തനംതിട്ട: യൂത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആർ മഹേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ കോൺഗ്രസിലെ വർഗീയ വാദികൾക്കെതിരേ രൂക്ഷവിമർശവുമായി ഐ ഗ്രൂപ്പ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡിസിസി വൈസ് പ്രസിഡന്റും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയുമായ വെട്ടൂർ ജ്യോതി പ്രസാദാണ് ഹിന്ദുക്കളെ തകർക്കാൻ കോൺഗ്രസിൽ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് രംഗത്തുവന്നിട്ടുള്ളത്.

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:

സി.ആർ.മഹേഷിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല. എന്നാൽ ഒരു കാര്യം സത്യമാണ് ആത്മാർത്ഥതയോടെ പരിവാർ സംഘടനകൾക്കെതിരെ നിലപാടെടുക്കുന്ന ഹൈന്ദവരായ നേതാക്കളെ സംഘിവേഷം ചാർത്തി തകർക്കാൻ ഒരാസൂത്രിത ഗൂഢാലോചന തന്നെ നടക്കുന്നുണ്ട്. കൂറേ പേരെ പുകച്ച് പുറത്തു ചാടിക്കാനും ഉന്മൂലനം ചെയ്യാനും ചില മാഫിയാസംഘം തന്നെപ്രവർത്തിക്കുന്നുണ്ട്.

ഭൂരിപക്ഷ സമൂദായാംഗങ്ങൾ പരിവാർ കുടക്കീഴിൽ അണിനിരക്കുമ്പോൾ മഹാമേരു പോലെ അതിനെ തടുക്കാൻ കരുത്തരായ നേതാക്കളെ, പരിവാർ ആരോപണം എന്ന പുകമറ സൃഷ്ടിച്ച് തകർക്കാൻ ശ്രമിക്കുന്നത് ആർക്കു വേണ്ടിയാണ് എന്ന് ആത്മപരിശോധന അനിവാര്യമാണ്. വിശ്വാസത്തിന്റെ പേരിൽ കുറി തൊടുന്നവനും ചരടു കെട്ടുന്നവനും ക്ഷേത്രത്തിൽ പോകുന്നവനും സംഘി പട്ടം നൽകുന്നവർക്ക് കാലംപോലും മാപ്പ് നൽകില്ല.

ഖദർധാരികളെല്ലാം കോൺഗ്രസുകാരാകണം എന്ന് നമുക്ക് ശഠിക്കാൻ പറ്റുമോ? അതേ പോലെ കുറിയും ചരടുംകെട്ടുന്നവരെ സംഘി പാളയത്തിലെത്തിക്കണമെന്ന് ആർക്കാണ് നിർബന്ധം? ഉന്നതമായ മതേതര മൂല്യത്തിലധിഷ്ഠിതമായ നമ്മുടെ പാർട്ടിയിലും കടന്നു കൂടിയിട്ടുള്ള ചില വിഷബീജങ്ങളാണ് ഇതിനു പിന്നിൽ.

മഹേഷിന് മാത്രമല്ല എനിക്കും തോൽവി സമ്മാനിച്ചത് ഇത്തരം പ്രചാരണം തന്നെ. ഇവർ സംഘികളെ മടയിൽ കയറി പ്രതിരോധിക്കാൻ മാത്രം ശക്തനായ രമേശ് ചെന്നിത്തലയെയും വേട്ടയാടും. അല്ല, വേട്ട ആരംഭിച്ചിട്ടുണ്ട്. കെ. മുരളീധരനും വി.ഡി.സതീശനും ബലറാമും കെ.സുധാകരനും കെ.സി. വേണൂഗോപാലിനുമൊക്കെ ഈദുർഭൂതങ്ങളെ നേരിടേണ്ടി വരും.

പക്ഷേ ഒന്നുണ്ട് സത്യം, ഹൈന്ദവ വർഗീയതയെന്ന അടിത്തറയിൽ മണിമന്ദിരം സ്വപ്നം കാണൂന്ന സംഘി പടയോട്ടങ്ങൾക്ക് തടയിടാൻ രാഹുൽഗാന്ധിക്ക് കരുത്തായി മുന്നേറ്റം സൃഷ്ടിക്കാൻ ഊർജസ്വല നേതൃത്വം നൽകാൻ രമേശ് ചെന്നിത്തല എന്ന യോദ്ധാവിനേ സാധ്യമാവൂ. ചെന്നിത്തലയുടെ നേതൃത്വത്തിൽ കെ.സി, മുരളി, സതീശൻ, സുധാകരൻ, ബലറാം.. ആർക്ക് തടയാൻ പറ്റും ഈ യാഗാശ്വങ്ങളെ?

സംഘികൾക്കെതിരെ, സി.പി.എം കാപാലികതകൾക്കെതിരായ പോരാട്ടങ്ങൾക്കാകട്ടെ നമ്മുടെ പുതിയ പ്രഭാതങ്ങൾ. കുപ്രചരണങ്ങൾ, അരക്കില്ലങ്ങൾ, പത്മവ്യൂഹങ്ങൾ, മുളയാണിച്ചുരികകൾ, വാരിക്കുഴികൾ... കരുതി പോരാടാം...

കുറിതൊടുകയും കൈയിൽ ഒരു ഡസൻ ചരടു കെട്ടുകയും ചെയ്യുന്ന നേതാവാണ് വെട്ടുർ ജ്യോതിപ്രസാദ്. പോരാത്തതിന് എൻഎസ്എസ് പ്രതിനിധി സഭാംഗവും. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ വക്താവ് കൂടിയായ വെട്ടൂർ ജ്യോതിപ്രസാദ് അടക്കമുള്ളവർ സംഘിയാണെന്ന പ്രചാരണം കോൺഗ്രസിനുള്ളിൽ തന്നെ വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറി.