- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈന്ദവ ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഉത്സാഹവും താൽപ്പര്യവും ക്ഷേത്ര സംരക്ഷണ കാര്യത്തിലും കാണിക്കണം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വാർഷിക സഹായധനം പുതുക്കണം; ക്ഷേത്രത്തെ സർക്കാർ അവഗണിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം നിത്യനിദാനത്തിന് പോലും ബുദ്ധിമുട്ടുന്ന പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി ആവശ്യപ്പെട്ട സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം ഹിന്ദു മത സ്ഥാപനങ്ങളോട് സർക്കാർ തുടർന്നുവരുന്ന അസഹിഷ്ണുതയുടെ ഭാഗമെന്ന് വിശ്വഹിന്ദു പരിഷത്ത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ദൈനംദിനച്ചെലവുകൾക്കും ശമ്പളത്തിനും വേണ്ടി മാത്രം പ്രതിമാസം കോടി കണക്കിന് രൂപ വേണ്ടി വരുന്ന സാഹചര്യത്തിൽ അൻപത്തി രണ്ട് കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട ഭരണസമിതിക്ക് രണ്ടുകോടി രുപ പ്രതിമാസം, പതിനാറ് ലക്ഷം രൂപാ ക്രമത്തിൽ തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ നൽകാമെന്ന സർക്കാർ തീരുമാനം അവഹേളനാപരമാണ്.
വാർഷിക വിഹിതം, തിരുപ്പുവാരം, ആനുവിറ്റി എന്നിങ്ങനെ നിയമ പ്രകാരം ലഭിക്കേണ്ട തുകകളുടെ കുടിശിഖ മാത്രമാണ് സമിതി ആവശ്യപ്പെട്ടത് അതു നൽകുന്നതോടൊപ്പം 1949 ലെ കവനന്റ് പ്രകാരം ചിത്തിര തിരുനാൾ അന്നു നിശ്ചയിച്ച ആറു ലക്ഷം രൂപ എന്ന വാർഷിക സഹായധനം നാളിതുവരെയായിട്ടും പുതുക്കാൻ ഒരു സർക്കാരും തയ്യാറായിട്ടില്ല. ഈ സഹായ ഫണ്ട് കാലഘട്ടത്തിനനുസരിച്ച് പുതുക്കി നൽകാൻ സർക്കാർ തയ്യാറാകണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വകയായ ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാർ കൈവശം വച്ചിരിക്കുന്നതിന്റെ വാടക വിഹിതം പോലും ഇന്നുവരെ നിശ്ചയിച്ച് നൽകിയിട്ടില്ല.
ഹൈന്ദവ ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഉത്സാഹവും താൽപ്പര്യവും ക്ഷേത്ര സംരക്ഷണ കാര്യത്തിലും സർക്കാർ കാണിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ