ന്യൂഡൽഹി: അധികാരത്തിൽ എത്തിയപ്പോൾ നരേന്ദ്ര മോദി സംഘപരിവാർ നേതാക്കളെ വേണ്ടതു പോലെ ഗൗനിക്കുന്നില്ലേ? ഈ തോന്നൽ പരിവാർ നേതാക്കൾക്ക് സ്വയം തോന്നി തുടങ്ങിയിട്ടുണ്ട്. ലോകം മുഴുവൻ കറങ്ങിയടിച്ച് നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ മോദി ശ്രമിക്കുമ്പോഴും പരിവാർ നേതാക്കളിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ ആണ്. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിന്റെ പേരിലാണ് തൊഗാഡിയ മോദിക്കെതിരെ തിരഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ പാക്കിസ്ഥാൻ നയം പരാജയമാണെന്ന് തൊഗാഡിയ ആരോപിച്ചു. ഇന്ത്യ സാരീ-ഷാൾ നയതന്ത്രം അവസാനിപ്പിക്കണം. ഇന്ദിരാ ഗാന്ധി പ്രകടിപ്പിച്ച ഇച്ഛാശക്തി ആവശ്യമാണെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. നവാസ് ഷെരീഫ് ഇന്ത്യയിൽ എത്തിയപ്പോൾ മോദി സാരികൾ സമ്മാനിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് തൊഗാഡിയയുടെ പരാമർശം.

സാരിയും ഷാളും മാങ്ങയും കൈമാറിയുള്ള നയതന്ത്രം അവസാനിപ്പിക്കാൻ സമയമായി. പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചയും അവസാനിപ്പിച്ച് അവരെ ശക്തമായ പാഠം പഠിപ്പിക്കാൻ ഇന്ത്യ തയ്യാറാകേണ്ട സമയമായെന്നും തൊഗാഡിയ പറഞ്ഞു. തിങ്കളാഴ്ച പഞ്ചാബിലെ ഗുർദാസ്പൂരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനെ സംബന്ധിച്ച ഇന്ത്യയുടെ വിദേശനയം പൂർണ്ണ പരാജയമാണ്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികൾക്ക് ശിക്ഷ നൽകുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ ഈ വീഴ്ച കൂടുതൽ ആക്രമണങ്ങൾ നടത്താൻ പാക്കിസ്ഥാന് ധൈര്യം നൽകിയെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

മോദിയെ രൂക്ഷമായി വിമർശിക്കുന്നതിനിടെ ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്താനും തൊഗാഡിയ മറന്നില്ല. ഇന്ദിരാഗാന്ധി അപാരമായ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു. പാക്കിസ്ഥാനെ കൈകാര്യം ചെയ്യുന്നതിൽ ഇന്ദിരയുടെ ഇച്ഛാശക്തി മോദി പ്രകടിപ്പിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. തൊഗാഡിയയുടെ വിമർശനം മോദിക്ക് വരും ദിവസങ്ങളിലും കൂടുതൽ തലവേദന ആയേക്കും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തുന്ന വേളയിലാണ് തൊഗാഡിയയും മോദിയെ വിമർശിച്ചരിക്കുന്നത്.