അയോധ്യ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തീവ്രഹിന്ദുത്വമെന്ന പഴയ പല്ലവിയിലേക്ക് ബിജെപി  നീങ്ങുന്നതായി സൂചന. നീണ്ട ഇടവേളയ്ക്ക് വീണ്ടും അയോധ്യയിലെ രാമക്ഷേത്ര വിവാദം ഉയർത്തിക്കൊണ്ട് വിഎച്ച് പി രംഗത്തെത്തിയത് ഇതിന്റെ കൃത്യമായ സൂചനയായി. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ശേഷം വികസനമെന്ന അജണ്ടയുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെ പലതവണ വിഎച്ച്പി രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് ഉചിതമായ സമയെന്ന് മോദി സർക്കാറിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെ നിർമ്മാണം തുടങ്ങാൻ ഒരുങ്ങുകയാണെന്നാണ് വിഎച്ച്പി വ്യക്തമാക്കിയത്.

രണ്ട് ലോഡ് കല്ലുകൾ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യാഗോപാൽ ദാസിന്റെ കാർമികത്വത്തിൽ ശിലാപൂജയും നടത്തി. ക്ഷേത്രനിർമ്മാണത്തിനുള്ള സമയമിതാണെന്ന 'സൂചന' മോദി സർക്കാറിൽനിന്ന് ലഭിച്ചെന്ന് മഹന്ത് നൃത്യാഗോപാൽ ദാസ് അവകാശപ്പെട്ടു. സ്ഥിതിഗതികൾ തങ്ങൾ നിരീക്ഷിക്കുകയാണെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി.

ക്ഷേത്രനിർമ്മാണത്തിനുള്ള കല്ലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഭരിക്കുമെന്ന് ആറ് മാസം മുമ്പ് വി.എച്ച്.പി. പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ കല്ലെത്തുമെന്നാണ് വി.എച്ച്.പി. വക്താവ് ശരദ് ശർമ പറഞ്ഞത്. 2.25 ലക്ഷം ക്യുബിക് അടി കല്ലാണ് ക്ഷേത്രനിർമ്മാണത്തിന് ആവശ്യം. ഇതിൽ 1.25 ലക്ഷം ക്യൂബിക് അടി ഇപ്പോൾത്തന്നെ സംഭരിച്ചിട്ടുണ്ട്.

പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കെ, കല്ലുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ദേവാശിഷ് പാെണ്ഡ വ്യക്തമാക്കി. സ്വകാര്യ സ്ഥലത്താണ് ഇപ്പോൾ കല്ലിറക്കിയിട്ടുള്ളതെന്നും സമാധാനമോ മതസൗഹാർദമോ തകർക്കുംവിധമുള്ള പ്രവർത്തനം ഉണ്ടായാൽ പൊലീസ് ഇടപെടുമെന്നും ഫൈസാബാദ് സീനിയർ എസ്‌പി. മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ജൂൺ മാസത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നതിനായി കല്ല് ശേഖരിച്ച് തുടങ്ങാൻ വിഎച്ച്പി നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. ക്ഷേത്രം നിർമ്മിക്കാൻ മുസ്ലിം സമൂഹം എതിര് നിൽക്കരുതെന്ന മുന്നറിയിപ്പും അന്ന് വിഎച്ച്പി നൽകിയിരുന്നു. ക്ഷേത്രം നിർമ്മിക്കുന്നതിനായി ആകെ വേണ്ടി വരുന്നത് 2.25 ലക്ഷം ഘനയടി കല്ലാണെന്ന് മരിച്ചു പോയ വിഎച്ച്പി നേതാവ് അശോക് സിംഗാൾ നേരത്തെ പറഞ്ഞിരുന്നു. ഇതിൽ പകുതിയിലേറെ വിഎച്ച്പിയുടെ അയോധ്യ ഹെഡ്ക്വാർട്ടേഴ്‌സിൽ ഉണ്ടെന്നും ബാക്കി മാത്രമെ ശേഖരിക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അയോധ്യയിൽ കല്ലുകൾ എത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ അനുവദിക്കില്ലെന്നായിരുന്നു അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ദേവശിഷ് പാണ്ഡെ പ്രതികരിച്ചത്. എന്നാൽ, ഇരപ്പോൾ കല്ല് എത്തിക്കുകയും ശിലാപൂജ നടത്തുകയും ചെയ്ത സാഹചര്യത്തിലും സർക്കാർ മൗനം പാലിക്കുകയാണ്. അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ച് രാമക്ഷേത്രനിർമ്മാണത്തിനും പള്ളി നിർമ്മാണത്തിനും അനുവദിക്കണമെന്ന് 2010ൽ അലഹാബാദ് ഹൈക്കോടതി വിധിച്ചെങ്കിലും അപ്പീൽ പരിഗണിച്ച സുപ്രീംകോടതി അത് സ്റ്റേ ചെയ്തിരിക്കുകയാണ്.