- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ക്ഷേത്രത്തെ തകർക്കുക എന്ന ലക്ഷ്യം വച്ച് വ്യാജരേഖകൾ അവതരിപ്പിച്ചു; മോൺസനുമായി ചേർന്ന് റിപ്പോർട്ടർ സഹിൻ ആന്റണി ഒറ്റയ്ക്ക് നടത്തിയ നീക്കമെന്ന് വിശ്വസിക്കാനാവില്ല; 24 ന്യൂസ് മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹിഷ്കരണം എന്ന് വിശ്വ ഹിന്ദു പരിഷത്ത്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിനെ തകർക്കുക എന്ന ലക്ഷ്യം വച്ച് വ്യാജ രേഖകൾ സംഘടിപ്പിച്ച് ന്യൂസ് റിപ്പോർട്ട് അവതരിപ്പിച്ച ന്യൂസ് 24 ചാനൽ മാപ്പു പറയാൻ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാറിന്റെയും പൊലീസിന്റെയും തണലിൽ വളർന്ന മോൻസൺ എന്ന വ്യക്തിയുമായി ചേർന്ന് ചാനൽ നടത്തിയ ഈ ഗൂഢ നീക്കം എന്തിനായിരുന്നു എന്നും ചാനൽ അയ്യപ്പ വിശ്വാസികളോടും ജനങ്ങളോടും വ്യക്തമാക്കണം. അല്ലാത്ത പക്ഷം ചാനൽ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടേണ്ടി വരും എന്ന് വി എച്ച് പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ വ്യക്തമാക്കി. മോൻസണിന്റെ കലൂരെ വീട്ടിലേക്ക് വി എച്ച് പി നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാജശേഖരൻ.
വ്യാജ രേഖകൾ ചമച്ചതിനും, തെറ്റായ വാർത്ത പ്രചരിപ്പിച്ചു ആചാര ലംഘനത്തിനു വഴിയൊരുക്കിയ നടപടിക്കും ക്രിമിനൽ ഗൂഢാലോചനക്കും നിയമ നടപടികൾക്ക് ചാനലിനെ വിധേയമാക്കണമെന്ന് ദേവസ്വം ബോർഡിനോട് വി എച്ച് പി ആവശ്യപ്പെടുന്നു. ഇത് സഹിൻ ആന്റണി എന്ന ഒരു വ്യക്തി നടത്തിയ നീക്കമാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നതല്ല. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം നടക്കുന്ന വേളയിൽ ഇല്ലാത്ത രേഖകൾ കാട്ടി ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. മറ്റ് ഹൈന്ദവ സംഘടനകളുമായി ചേർന്ന് ചാനലിന്റെ ഓഫീസുകളിലേക്കുള്ള മാർച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് വി എച്ച് പി സംസ്ഥാന പ്രചാർ പ്രമുഖ എസ്സ് സഞ്ജയൻ അറിയിച്ചു.
400 വർഷം പഴക്കമുള്ള 'ചെമ്പോല തിട്ടൂരം' എന്ന പേരിലാണ് മോൻസൺ മാവുങ്കൽ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയിൽ ആചാരങ്ങൾ നടത്താൻ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വർഷം 843 ൽ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാർത്ത നൽകിയത്.
തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ഷഹിൻ ആന്റണിയാണ് ഈ വ്യാജവാർത്ത റിപ്പോർട്ട് ചെയ്തത്. ചെമ്പോല തിട്ടൂര പ്രകാരം ഈഴവർക്കാണ് ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ നടത്താൻ ഉള്ള അവകാശമെന്നും ഈ രേഖകൾ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയിൽ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നു തയാറാക്കിയ റിപ്പോർട്ടിൽ ഇപ്പോൾ പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കൈവശമാണ് ഇപ്പോൾ ഈ രേഖയെന്നതും ആ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കിന്റെ കേസ് മുറുകുമ്പോൾ 24 ന്യൂസും പ്രതിക്കൂട്ടിലാണ്. 24 ന്യൂസിന്റെ കൊച്ചി റിപ്പോർട്ടറാണ് മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് പരാതിക്കാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു.
നേരത്തെ മോൻസൺ മാവുങ്കലിനെതിരെ പരാതി വന്നപ്പോൾ ഒതുക്കി തീർത്ത കൊച്ചി എസിപി ലാൽജിയുമായും, ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മൺ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീർ, സിദ്ദിഖ്, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ, 24 ന്യൂസ് ചാനൽ കോഴിക്കോട് റീജനൽ മേധാവി ദീപക് ധർമ്മടം മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായിരുന്നു. തുടർന്ന് ചാനൽ മുഖം രക്ഷിക്കാൻ ഇയാളെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഒളിവിൽ പോയപ്പോൾ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടത് സഹിൻ ആന്റണിയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ