ലഖ്‌നൗ: അന്തരിച്ച വി.എച്ച്.പി. നേതാവ് അശോക് സിംഗാളിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള അസ്ഥികലശ യാത്രയ്ക്കിടെ പശുക്കൾക്ക് വി.എച്ച്.പി. പ്രവർത്തകരുടെ മർദനം. വഴിയിൽ തടസ്സമുണ്ടാക്കി പശുക്കളെ തൊഴിക്കുകയും തല്ലുകയും ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഹുസൈൻ ഗൻജിലെ രാംഭവനു സമീപമാണു സംഭവം. പശുക്കൾ വഴിമുടക്കി റോഡിൽ കിടന്നതുമൂലം ചിതാഭസ്മം വഹിച്ചെത്തിയ മിനി ബസിനു കടന്നുപോകാനായില്ല. സ്ഥലത്തുണ്ടായിരുന്ന വി.എച്ച്.പി. പ്രവർത്തകർ പശുക്കളെ ഓടിച്ചുവിടാൻ നോക്കിയെങ്കിലും അവ റോഡിൽത്തന്നെ കിടപ്പുതുടർന്നു. തുടർന്നാണ് മർദ്ദനം.

പ്രകോപിതരായ പ്രവർത്തകർ പശുക്കളെ തൊഴിക്കുകയും ക്രൂരമായി തല്ലുകയുമായിരുന്നു. എന്നാൽ, വി.എച്ച്.പി. പ്രവർത്തകർക്ക് പശുക്കളോട് ഇത്തരത്തിൽ പെരുമാറാനാകില്ലെന്നു വി.എച്ച്.പി. ലഖ്‌നൗ മേഖലാ സെക്രട്ടറി റാസ് ബിഹാരി പറഞ്ഞു. പശുവിനെ ഗോമാതാവായി കാണുന്ന വി.എച്ച്.പിക്കാർ പശുക്കളെ ആക്രമിക്കുന്നതിനെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയ സജീവമായതോടെയാണ് ഈ വിശദീകരണം എത്തിയത്.