തേച്ചിട്ട് പോവുകയെന്ന പ്രയോഗം അർഥവത്തായത് 79-കാരനായ ഈ മുൻവൈദികന്റെ ജീവിതത്തിലാണ്. തന്നെക്കാൾ 54 വയസ്സ് കുറവുള്ള യുവാവുമൊത്ത് ജീവിക്കുന്നതിനായി രണ്ടുലക്ഷം പൗണ്ട് വിലവരുന്ന വീട് വിറ്റ വൈദികനെ, വിവാഹത്തിനുശേഷം യുവാവ് കൈവിട്ടു. വീടുനൽകി ദിവസങ്ങൾക്കകം തന്നെ യുവാവ് ബന്ധം വിഛേദിച്ചതോടെ, വൈദികന് കൂടും കൂട്ടുമില്ലാത്ത അവസ്ഥയായി.

മുൻ വൈദികനായ ഫിലിപ്പ് ക്ലെമന്റ്‌സിനാണ് ഈ ദുര്യോഗം. മോഡൽ കൂടിയായ ഫ്‌ളോറിൻ മാരിനെന്ന 24-കാരനെ കണ്ടപ്പോഴാണ് അവനുമൊത്ത് ജീവിക്കണമെന്ന് ഫിലിപ്പിന് ആഗ്രഹം തോന്നിയത്. ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീടത് പ്രണയത്തിലായി. കെന്റിലെ വീട് വിറ്റ് റുമാനിയൽ ഒരുലക്ഷം യൂറോ മുടക്കി വൈദികൻ ഫ്ളാറ്റ് വാങ്ങി. അത് ഫ്‌ളോറിന്റെ പേരിലാക്കിക്കൊടുക്കുകയും ചെയ്തു.

ബുക്കാറസ്റ്റിലെ പുതിയ ഫ്ളാറ്റിന്റെ താക്കോൽ കൈയിൽകിട്ടിയതോടെ ഫ്‌ളോറിന്റെ മട്ടുമാറി. നിസ്സാരകാര്യത്തിനുപോലും ക്ലെമന്റ്‌സുമായി അവൻ വഴക്കിടാൻ തുടങ്ങി. ദിവസങ്ങൾക്കകം വേർപിരിയുകയും ചെയ്തു. ഗത്യന്തരമില്ലാതെ ബ്രിട്ടനിലേക്ക് തിരിച്ചുവന്ന ക്ലെമന്റ്‌സ് ഇപ്പോൾ സുഹൃത്തുക്കളുടെ കനിവുകൊണ്ടാണ് അന്തിയുറങ്ങാനൊരിടം കണ്ടെത്തുന്നത്.

പുരോഹിതർ സ്വവർഗ വിവാഹം നടത്തരുതെന്ന ഇംഗ്ലണ്ട് സഭയുടെ ചട്ടത്തിന് വിരുദ്ധമായാണ് ക്ലെമന്റ്‌സും ഫ്‌ളോറിനും വിവാഹിതരായത്. മുൻ വൈദികനാണെങ്കിൽക്കൂടി ഈ ചട്ടം ക്ലെമന്റ്‌സിന് ബാധകമായിരുന്നു. മതനിയമങ്ങളെ വെല്ലുവിളിച്ച് അദ്ദേഹം കഴിഞ്ഞ ഏപ്രിലിൽ ഫ്‌ളോറിനെ ജീവിതത്തിലേക്ക് കൂട്ടി. റാംസ്‌ഗേറ്റ് രജിസ്റ്റർ ഓഫീസിൽവച്ചായിരുന്നു വിവാഹം.

വിവാഹശേഷം അവർ റുമാനിയയിലേക്് പോയി. ബുക്കാറസ്റ്റിൽ ക്ലെമന്റ്‌സിന് ഏറെക്കുറെ ഏകാന്തജീവിതം നയിക്കേണ്ടിവന്നു. പരിചയക്കാർപോലും കുറവ്. റുമാനിയൻ ഭാഷയുമറിയില്ല. ഫ്‌ളോറിന്റെ സ്വഭാവത്തിലും മാറ്റം വന്നുതുടങ്ങിയതോടെ, അദ്ദേഹത്തിന്റെ ജീവിതം നരകതുല്യമായി. ദിവസവും നിശാക്ലബ്ബുകളിൽ രാത്രി വൈകുവോളം ചെലവിട്ടിരുന്ന ഫ്‌ളോറിൻ അവിടേക്ക് ക്ലെമന്റ്‌സിനെ കൂട്ടിയിരുന്നില്ല. വയസ്സാവർക്ക് പറ്റിയ സ്ഥലമല്ല അതെന്നായിരുന്നു ഫ്‌ളോറിന്റെ ന്യായം.

ഓഗസ്റ്റിൽ വൈദ്യപരിശോധനയ്ക്കായി ക്ലെമന്റ്‌സ് ഇംഗ്ലണ്ടിലേക്ക് തിരിച്ചുവന്നു. തിരികെ റുമാനിയയിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതും ജീവിതം ദുസ്സഹമായതും. വിവരമറിഞ്ഞ ബ്രിട്ടനിലെ സുഹൃത്തുക്കൾ ക്ലെമന്റ്‌സിനോട് തിരിച്ചുവരാൻ അഭ്യർത്ഥിച്ചു. അപ്പോഴേക്കും ബുക്കാറസ്റ്റിൽ വാങ്ങിയ ഫ്ളാറ്റ് ക്ലെമന്റ്‌സ് ഫ്‌ളോറിന്റെ പേരിലേക്ക് മാറ്റിയിരുന്നു.