ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ ഫലം പ്രഖ്യാപിക്കും.

പാർലമെന്റിൽ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഒരുക്കിയ പോളിങ് ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് ചെയ്തത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരും വോട്ട് ചെയ്തു. മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് വീൽചെയറിലെത്തിയാണ് വോട്ടുചെയ്തത്.

രാജ്യസഭയിലേയും ലോക്‌സഭയിലേയും എംപിമാർക്കാണ് (നോമിനേറ്റ് ചെയ്യപ്പെട്ടവർ ഉൾപ്പെടെ) ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്. 8 പേരുടെ ഒഴിവുകൾ ഉള്ളതിനാൽ 780 എംപിമാർക്കാണ് ആകെ വോട്ടവകാശം.

ജഗ്ദീപ് ധൻകർ (എൻഡിഎ), മാർഗരറ്റ് അൽവ (പ്രതിപക്ഷം) എന്നിവരാണു മത്സരരംഗത്ത്. ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ എൻഡിഎക്കു ജയമുറപ്പാണ്.

എൻഡിഎക്ക് പുറത്ത് ബിജെഡി (BJD), വൈഎസ്ആർ കോൺഗ്രസ് (YSR CONGRESS), ബിഎസ്‌പി (BSP), ടിഡിപി (TDP) തുടങ്ങിയ പാർട്ടികളുടെ പിന്തുണയും ജഗ്ദീപ് ധൻകറിനുണ്ട്. എന്നാൽ ഐക്യമുണ്ടാക്കാൻ കഴിയാതെ പോയ പ്രതിപക്ഷത്തിന് മാർഗരറ്റ് ആൽവക്കായി 200 വോട്ട് മാത്രമേ ഉറപ്പിക്കാനായിട്ടുള്ളു. ടിആർഎസ് (TRS), ആം ആദ്മി പാർട്ടി (AAP), ജെഎംഎം (JMM), ശിവസേനയിലെ (Shivsena) 9 എംപിമാർ എന്നിവർ മാർഗരറ്റ് ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സമാനമായി ക്രോസ് വോട്ടിങ് നടക്കുമോയെന്ന ആശങ്ക പ്രതിപക്ഷത്തിന് ഉണ്ട്. 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതാവായ അൽവയെ പ്രഖ്യാപിച്ചതെന്നാണു തൃണമൂലിന്റെ പരാതി.

നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേൽക്കും.

അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾക്കിടയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.

രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്‌സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

മുൻ കേന്ദ്ര മന്ത്രി കൂടിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്