നപ്രിയഫെമിനിസത്തിന്റെ മലയാളരാജകുമാരിയാണ് ശാരദക്കുട്ടി. നട്ടെല്ലും തലച്ചോറുമുള്ള സ്ത്രീകൾക്ക് ശരീരവും ആത്മാവും രണ്ടല്ല എന്നു തെളിയിച്ചുകൊണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം രഞ്ജിനി ഹരിദാസ് ടെലിവിഷനിൽ ചെയ്യുന്നതാണ് ശാരദക്കുട്ടി എഴുത്തിൽ ചെയ്യുന്നത്. മാധവിക്കുട്ടിക്കുശേഷം അക്ഷരങ്ങൾകൊണ്ട് മലയാളിസ്ത്രീയുടെ മുഖത്തുനിന്ന് ലജ്ജയുടെ വ്യാജമൂടുപടം തോണ്ടിമാറ്റിയ മഷിപ്പേനകളിലൊന്ന് അവരുടേതാണ്.

സൈദ്ധാന്തികവും അക്കാദമികവുമായ സ്ത്രീവാദമാർഗങ്ങളിലല്ല, ലാവണ്യാത്മകവും അനുഭൂതിപരവും അനുഭവനിഷ്ഠവുമായ തിരിച്ചറിവുകളിലാണ് ശാരദക്കുട്ടിക്കു വിശ്വാസം. അവരുടെ വിചാരവും വിമർശവും രൂപംകൊള്ളുന്നതും മറ്റൊരു പശ്ചാത്തലത്തിലല്ല. സ്വന്തം അനുഭവങ്ങളും നാനാരൂപങ്ങളിൽ രേഖപ്പെടുത്തപ്പെട്ട സ്ത്രീജീവിതങ്ങളും ചുറ്റുപാടുകളിലെ കാഴ്ചകളും നൽകുന്ന ഭാവബന്ധങ്ങൾ കൊണ്ട് ശാരദക്കുട്ടി തന്റെ കാലത്തെ സ്ത്രീയെയും പുരുഷനെയും നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നു.

പരന്ന വായനയുടെ ഭാവനാലോകങ്ങളിൽ നിന്നാർജ്ജിച്ച സ്ത്രീസ്വത്വബോധത്തിന്റെ കനൽരൂപങ്ങൾ വാക്കുകളിൽ വിതറിയിട്ട് അവർ മലയാളിയുടെ വിറകുപോലുണങ്ങിയ സദാചാരക്കോലങ്ങൾക്കു തീ കൊളുത്തുന്നു. ആൺകോയ്മ നിലനിർത്തുന്ന സാമൂഹികസ്ഥാപനങ്ങളെയും വ്യവസ്ഥകളെയും ആശയധാരകളെയും സംശയങ്ങളേതുമില്ലാതെ വെല്ലുവിളിക്കുന്നു. ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭിന്നമണ്ഡലങ്ങളിൽ കൊമ്പുമുളച്ചുനിൽക്കുന്ന പുരുഷാഹന്തകളെ വെറും വാക്കുകൾകൊണ്ടുതന്നെ വിറപ്പിച്ചുതാഴ്‌ത്തുന്നു.

ശരീരത്തിനുചുറ്റും ചിറകുകളുള്ള പെണ്മയുടെ നൃത്തവേദിയാണ് അവരുടെ ഓരോ ലേഖനവും. പ്രണയം മുതൽ മരണം വരെയും കല മുതൽ രതിവരെയും കാമന മുതൽ ഭാവനവരെയുമുള്ള ജീവിതാനുഭൂതികളെ അവയുടെ ലിംഗപദവിയും ലൈംഗികസ്വരൂപവും നിശ്ചയിക്കുന്ന നീതിബോധം മുൻനിർത്തി ഹർഷോന്മാദത്തോടെ സ്വാഗതം ചെയ്യുന്നു, ശാരദക്കുട്ടി. പെൺവിനിമയങ്ങൾ, പെണ്ണുകൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യംവയ്ക്കുന്നു എന്നീ ഗ്രന്ഥങ്ങൾക്കുശേഷം പ്രസിദ്ധീകൃതമായ 'വിചാരം, വിമർശം, വിശ്വാസം' എന്ന പുസ്തകം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾക്കുള്ളതും മറ്റൊരു സ്വഭാവമല്ല.[BLURB#1-VL] വിഷയം സാഹിതീയമാകട്ടെ, സാമൂഹികമാകട്ടെ, സ്വതന്ത്രവും മൗലികവും കാലികവും മാനവികവുമായ സ്ത്രീപക്ഷനിലപാടുകളുടെ തുറന്നെഴുത്താണ് ശാരദക്കുട്ടിയുടെ രീതി. വിഗ്രഹങ്ങൾ പലതും അവിടെ തകരും. താരപൂജ അവിടെ നിഷിദ്ധമാണ്. വായിച്ച പുസ്തകങ്ങളും അനുഭവിച്ച ജീവിതവും പ്രണയികളുടെ ഹൃദയമിടിപ്പുപോലെ കൂട്ടിയിണക്കുന്ന വിസ്മയകരമായ ഒരു രാസവിദ്യയാണ് അവർക്ക് എഴുത്ത്. ജീവിതത്തിന്റെ ഒരനിവാര്യത. 'ആകയാൽ എനിക്കു ഭയങ്ങളേയില്ല' എന്ന രചനയിലൊരിടത്ത് ശാരദക്കുട്ടി തന്റെ എഴുത്തിന്റെ പ്രത്യയശാസ്ത്രം ഇങ്ങനെ പ്രഖ്യാപിക്കുന്നു: 'എഴുത്ത് ഒരേസമയം മോചനവും പലായനവും ആത്മസാക്ഷാത്കാരവുമാണ്. പെണ്ണിന് അത് എല്ലാ അർഥത്തിലും ഒരു പോരാട്ടംകൂടിയാണ്. അന്നുവരെ കണ്ടതും അറിഞ്ഞതുമായ സകലതിനോടുമുള്ള യുദ്ധപ്രഖ്യാപനം കൂടിയാണത്. തന്റെയുള്ളിൽ സൂക്ഷിക്കുന്ന കനൽ സ്വയം എരിഞ്ഞുതീരാനുള്ളതല്ലെന്നും തന്നെ അടിച്ചമർത്തുന്ന ആധിപത്യവ്യവസ്ഥയ്ക്ക് തീകൊളുത്താൻ ഉള്ളതാണെന്നും തിരിച്ചറിയുമ്പോൾ മാത്രമാണ് പെണ്ണിന് എഴുത്ത് ആയുധമാകുന്നത്. അങ്ങനെയൊരു ദിവസം ഞാനും എന്റെ തോന്നലുകൾ വിളിച്ചുപറയാൻ തുടങ്ങി. കുടുംബത്തിനുവേണ്ടിയോ മറ്റുള്ളവർക്കോ ഒരു സ്ത്രീ എന്തൊക്കെയാണ് ത്യജിക്കുന്നതെന്ന് ഒരിക്കലും ഒരാളും തിരിച്ചറിയുകയോ അംഗീകരിക്കുയോ ചെയ്യില്ല. 'ഞങ്ങൾ ആവശ്യപ്പെട്ടിട്ടാണോ നീ നിന്റെ കഴിവുകൾ വേണ്ടെന്നുവച്ചത്' എന്ന പരിഹാസം നിറഞ്ഞ നിർദയമായ ഒരു ചോദ്യം ജീവിതാവസാനം കേൾക്കേണ്ടിയും വന്നേക്കാം. അപ്പോൾ പിന്നെ ചില തീരുമാനങ്ങൾ നടപ്പാക്കുകതന്നെ. അങ്ങനെ ദേഹത്തോട് ഒട്ടിപ്പിടിച്ചുപോയിരുന്ന ചപ്പും ചവറും പായലും ഓരോന്നായി പറിച്ചുമാറ്റാൻ തുടങ്ങി. ഭാഷയും സാഹിത്യവും സംഗീതവും കൂട്ടുവന്നു. എന്തൊരാനന്ദമായിരുന്നു! അന്തസ്സായി, മനോഹരമായി ജീവിച്ചുകാണിക്കുക എന്നത് ഒന്നാന്തരമൊരു പ്രതികാരനടപടികൂടിയാണ്. നിങ്ങൾ ഒരു കത്തി എന്റെ നെഞ്ചിൽ ആഴ്‌ത്തിയിറക്കിയാൽ ഞാൻ ഒരു വാക്ക് നിങ്ങളിൽ ആഴ്‌ത്തിയിറക്കും എന്നു ശപഥം ചെയ്തുകൊണ്ട് എഴുത്തിലൂടെയും വായനയിലൂടെയും സ്വയം രക്ഷിക്കുകയാണ് ഞാൻ'. ഈ രക്ഷപെടലിന്റെ സാക്ഷ്യപത്രങ്ങളാണ് ഈ പുസ്തകത്തിലെ പത്തൊൻപതു രചനകളും.

'വിചാരം' എന്ന ഒന്നാം ഭാഗം പൊതുവെ സാഹിത്യസംബന്ധിയാണ്. ചങ്ങമ്പുഴ, കുമാരനാശാൻ, അന്ന അഖ്മത്തോവ, തകഴി, എസ്.കെ. പൊറ്റക്കാട്, ടി. പത്മനാഭൻ എന്നിവരെ കേന്ദ്രീകരിക്കുന്നവ. പല ലേഖനങ്ങളിലും ഈ എഴുത്തുകാർ ശാരദക്കുട്ടിക്ക് തന്റെ കാവ്യലോകസഞ്ചാരത്തിനുള്ള നിമിത്തമോ തുടക്കമോ മാത്രമാണ്. പ്രണയത്തിന്റെ മഴവില്ലും മന്ദഹാസവും പകൽക്കിനാവും ആത്മഹർഷവും മാത്രമല്ല കയ്പുനീരും തീപ്പൊള്ളലും ചുട്ടുനീറ്റലും മരണരതിയും വരെ പ്രതിഭയിലാവാഹിച്ച ജീനിയസ് എന്ന നിലയിൽ ചങ്ങമ്പുഴയെ ഒന്നിലധികം രചനകളിൽ ശാരദക്കുട്ടി അനുസ്മരിക്കുന്നു. തന്റെ തന്നെ ആത്മാവിനു നേരെപിടിച്ച കണ്ണാടിയായി അവർ ചങ്ങമ്പുഴക്കവിതയിലെ സ്ത്രീചിത്തങ്ങളെ കാണുന്നു. ചങ്ങമ്പുഴക്കവിതക്കൊപ്പം നഗ്നനൃത്തമാടാൻ തന്റെ മനസ്സിനെ കൂടുതുറന്നുവിട്ട കൗമാരകാലത്തെ ഓർത്തെടുക്കുന്നു. പിന്നെ ഗന്ധർവഗായകൻ യേശുദാസിലേക്കും അവസാനത്തെ മലയാളകവി ബാലചന്ദ്രനിലേക്കും ആ ഓർമ പുളകത്തോടെ സഞ്ചരിക്കുന്നു. 'ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല, മറ്റേപ്പൂവിന്റെ വിചാരം കാരണം' എന്ന കെ.എ. ജയശീലന്റെ വരികൾകൊണ്ട് ചങ്ങമ്പുഴക്കാലത്തിനും തന്റെ മോഹജീവിതത്തിനും ശാരദക്കുട്ടി ഒരേസമയം അടിവരയിടുന്നു.

കമ്യൂണിസ്റ്റ് സർവാധിപത്യത്തെ തന്റെ ഹൃദയവും ഭാവനയും വാക്കുകളും കൊണ്ടു നേരിട്ട അന്നയെ ശാരദക്കുട്ടി ഇങ്ങനെ അവതരിപ്പിക്കുന്നു: 'അന്നയുടെ രോദനങ്ങൾ റഷ്യയെ കീറിമുറിച്ച അസ്ത്രങ്ങളായിരുന്നു. സംഘടനകൾക്കും സാമ്രാജ്യത്വശക്തികൾക്കും ഭരണകൂടങ്ങൾക്കും കവിതയുടെയും ആത്മാവിന്റെയും ഊർജപ്രവാഹത്തെ തളച്ചിടാനോ തടഞ്ഞുനിർത്താനോ കഴിയുന്നതല്ല എന്നു തെളിയിച്ചുകൊണ്ട് അന്ന അഖ്മതോവ പറഞ്ഞു, തന്നെ കവയിത്രി എന്നല്ല കവി എന്നുതന്നെയാണ് വിളിക്കേണ്ടതെന്ന്. എങ്കിലും ആ കവിതകളിൽ മനുഷ്യനെന്ന ഉഭയലിംഗവാചിയായ പദത്തിനുൾക്കൊള്ളാനാവുന്നതിലധികം ഒരു സ്ത്രീയുടെ പ്രസരിപ്പും കരുത്തും ആത്മവീര്യവുമാണ് കാണാനാവുന്നത്. കരിങ്കടലിന്റെ തീരത്തു ജനിച്ച മറ്റൊരു കടൽ, അതായിരുന്നു അന്ന. രണ്ടു ലോകയുദ്ധങ്ങൾക്കിടയിൽ റഷ്യൻകവിതയിൽ സംഭവിച്ച മഹാവിപ്ലവമായിരുന്നു അത്. യാതനകളുടെയും പ്രതിഷേധങ്ങളുടെയും ഇടയിൽ പ്രണയഭരിതമായ മനസ്സോടെ സ്വത്വബോധമുള്ള ഒരു സ്ത്രീ നേടിയെടുത്ത വിജയങ്ങൾ. അതിശക്തമായ ഭാഷയിൽ രാഷ്ട്രീയകവിതകളെഴുതി സാമ്രാജ്യത്വശക്തികളാൽ പടിക്കുപുറത്താക്കപ്പെട്ട ഒരു കവയിത്രിയിൽ ദുരിതകാലങ്ങളെയെല്ലാം അതിജീവിക്കാൻ പാകത്തിൽ പ്രണയത്തിന്റെ ഒരിക്കലുമണയാത്ത ജലധാരകൾ ഒന്നിനു പിറകേ ഒന്നെന്ന മട്ടിൽ ഉറവയെടുക്കുന്നത് കാണുമ്പോൾ എന്റെയാത്മാവ് അതിന്റെയെല്ലാ ഭാരവും പൊഴിച്ചുകളഞ്ഞ് മൃദുലമാകുന്നു'.

അന്ന അഖ്മത്തോവയുടെ കവിതകൾ തർജ്ജമചെയ്തുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് മാഹാകവിയായി ജീവിക്കുന്ന പ്രതിഭാരക്ഷസ്സുകളുടെ നാടാണ് കേരളം എന്നും ഓർക്കുക.

പുരുഷന്റെ രതിവിചാരങ്ങൾക്കും അധികാരമദങ്ങൾക്കും ആത്മീയതാപൂരണങ്ങൾക്കും വഴങ്ങിയും കീഴടങ്ങിയും മാത്രം രൂപംകൊള്ളുന്ന സ്ത്രീകളാണ് കുമാരനാശാന്റെ കാവ്യലോകത്തുള്ളതെന്ന കൂസലില്ലാത്ത നിരീക്ഷണം മുന്നോട്ടുവച്ചുകൊണ്ടാണ് 2004-ൽ ശാരദക്കുട്ടി തന്റെ ആദ്യലേഖനം അവതരിപ്പിച്ചത്. ഈ ഗ്രന്ഥത്തിലുമുണ്ട് ലീലയെ മുൻനിർത്തി ആശാൻപ്രതിഭയെന്ന പൂജാവിഗ്രഹത്തെ തലകീഴ്മറിക്കുന്ന ഒരു രചന, 'ലീല ഒരു ദുരവസ്ഥ'.

തകഴിയുടെ പുരുഷന്മാർ കാണാതെ പോകുന്ന സ്ത്രീയുടെ ആത്മലോകങ്ങളുടെ മറുപുറം തേടുകയാണ് മറ്റൊരു ലേഖനം. 'ഏണിപ്പടികളി'ലെ കേശവപിള്ള, തന്റെ മുഴുവൻ ആഗ്രഹങ്ങളും മൂടിവച്ചു ജീവിക്കുന്ന ഭാര്യക്കുമുന്നിൽ, അവളെ മനസ്സിലാക്കാനാവാതെ പകച്ചുനിൽക്കുന്ന നിൽപ്പുകണ്ട് ശാരദക്കുട്ടി എഴുതുന്നു: 'സ്ത്രീകൾ, അവർക്കു പറയാനുള്ളത് പറയാതെ പറയുന്ന ആ പ്രത്യേകരീതി ലോകാവസാനത്തോളം ഒരു പുരുഷനും പിടികിട്ടുകയില്ല'. ആരുപറഞ്ഞൂ, ശാരദക്കുട്ടി കവിയല്ലെന്ന്?

എസ്.കെ. പൊറ്റക്കാട് എങ്ങനെ തന്റെ വായനയിലും അനുഭവത്തിലും യാതൊരു വൈകാരികാനുഭൂതിയും പകർന്നുതരാതെ ഓളപ്പരപ്പിൽ പൊന്തിനീങ്ങിപ്പോയി എന്നു വിശദീകരിക്കുന്നു, അടുത്തലേഖനം. ടി. പത്മനാഭന്റെ കഥകളിൽ ആത്മീയാനുഭൂതിയായി വളരുന്ന ഭൂതദയയുടെ സെന്റ്ഫ്രാൻസിസ് വഴികൾ കണ്ടെത്തുന്നു, ഈ ഭാഗത്തെ അവസാന രചന.

'വിമർശം' എന്ന രണ്ടാംഭാഗത്തെ അഞ്ചുരചനകളും സ്ത്രീയുടെ ശ്വാസം മുട്ടിക്കുന്ന ജീവിതാവസ്ഥകളെക്കുറിച്ചുള്ളവയാണ്. ബുദ്ധിയും ഭാവനയും സ്വപ്നവും ഭാഷയും സ്വന്തമായുള്ള സ്ത്രീകൾ ജീവിതത്തെ സ്‌നേഹിക്കുന്നുവെന്ന കുറ്റത്തിന് സമൂഹത്താൽ വേട്ടയാടപ്പെടുന്ന ഭിന്നസന്ദർഭങ്ങളുടെ മറനീക്കൽ. ദേഹം മുഴുവൻ കണ്ണുകളുമായി കാത്തിരിക്കുന്ന ഒളിഞ്ഞുനോട്ടരതിക്കാരുടെ സൈന്യത്തിനുനേർക്ക് ആത്മബോധത്തിന്റെ ഒരൊറ്റ മൂന്നാംകണ്ണു തുറന്നാൽ മതി എന്ന് മുഴുവൻ സ്ത്രീകളെയും ശാരദക്കുട്ടി ഓർമ്മിപ്പിക്കുന്നു. രാജലക്ഷ്മിയും മാധവിക്കുട്ടിയും മർലിൻ മൺറോയും ഇന്ദിരാഗാന്ധിയും മുതൽ ഫേളാബറുകഥാപാത്രമായ ഫെലിസിതെ വരെ ജീവിച്ച ജീവിതവും കൊണ്ട കല്ലേറുകളും വിവരിച്ചുകൊണ്ട് അവർ എഴുതുന്നു: 'സാഹിത്യമുള്ള കാലത്തോളം ഓർമിക്കപ്പെടാവുന്ന ഒരു കരുത്തയായ സ്ത്രീയെയും നമ്മുടെ പുതിയ കാലത്തിന്റെ പെണ്ണെഴുത്ത് കാണിച്ചുതരുന്നില്ല. പത്തു സരസ്വതിയമ്മയും നൂറു ലളിതാംബിക അന്തർജനവും മാധവിക്കുട്ടിയും സാറാജോസഫും ഒരുമിച്ചുനിന്നാലും പരിഹരിക്കാൻ ആകാത്തത്ര സങ്കീണ്ണമാണ് സ്ത്രീയവസ്ഥകൾ കേരളത്തിൽ. എന്നിട്ടും നമ്മുടെ പുതിയ എഴുത്തുകാരികളിൽനിന്ന് എന്തുകൊണ്ടാണ് കാലത്തെ ഭേദിക്കുന്ന ഒരു സ്ത്രീകഥാപാത്രം ഉണ്ടാകാത്തത്? കേരളത്തിന്റെ ഇടുങ്ങിയ സാമൂഹികബോധവും സദാചാരസങ്കല്പങ്ങളും ഒരു സ്ത്രീയെയും സ്വന്തം ഉന്മാദത്തിന് സ്വയം വിട്ടുകൊടുക്കാൻ അനുവദിക്കുന്നില്ല എന്നതാണോ കാരണം?'.

എങ്കിലും പുതിയ മലയാളകവിതയിലെ പ്രകോപിതം തന്നെയായ ചില പെണ്ണെഴുത്തുകൾ വിശകലനം ചെയ്തുകൊണ്ട് അടുത്തലേഖനത്തിൽ ശാരദക്കുട്ടി സ്ത്രീയുടെ ആത്മബോധത്തിന്റെ പ്രതീക്ഷാനിർഭരമായ ഉള്ളടരുകൾ ചിലതു ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിന്ദുകൃഷ്ണനും ഡോണാ മയൂരയും സിന്ധു കെ.വിയും മറ്റും മാധവിക്കുട്ടിയെപ്പോലെതന്നെ അനുഭവങ്ങളെ പകർത്തുകയല്ല, അവയിലേക്കിറങ്ങിച്ചെന്ന് പെണ്ണെഴുത്തിന്റെ രാഷ്ട്രീയം വിശ്വാസത്തിന്റേതും വികാരത്തിന്റേതും പ്രതിരോധത്തിന്റേതുമാണ് എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

രാജലക്ഷ്മി പണ്ടെന്നോ തന്നോട് കാമാതുരയായി പെരുമാറിയെന്നെഴുതി വാർധക്യത്തിൽ തന്റെ കാമനൈരാശ്യവും മനോവിഭ്രാന്തിയും വെളിപ്പെടുത്തി അപഹാസ്യനായ ഉണ്ണിക്കൃഷ്ണൻ പുതൂരിനെക്കുറിച്ചാണ് ഒരു ലേഖനം - ചെകുത്താന്റെ കണ്ണാടി.

ഈ ലേഖകന്റെ ഒരു പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സാറാജോസഫ് കാലടി സർവകലാശാലയിൽ നടത്തിയ പ്രഭാഷണം മലയാളം വാരികയിൽ അച്ചടിച്ചുവന്നപ്പോൾ കത്തോലിക്കാസഭയിലെ ചില പുരോഹിതർക്കുണ്ടായ രോഷവും അവർ സാറാജോസഫിനെ വിമർശിച്ചുകൊണ്ടെഴുതിയ ഇടയലേഖനവും എത്രമേൽ ചരിത്രവിരുദ്ധവും സമൂഹവിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമാണെന്നു സ്ഥാപിക്കുന്നു, 'പുതിയ ആകാശം, പുതിയ ഭൂമി'. ഈ പുസ്തകത്തിലെ ഏറ്റവും രാഷ്ട്രീയതീഷ്ണമായ മത-സാമൂഹ്യവിമർശനം. കുടുംബ, ദാമ്പത്യ, ലൈംഗിക സദാചാരങ്ങളെച്ചൊല്ലി പുരോഹിതമതങ്ങൾ നടത്തുന്ന കയ്യേറ്റങ്ങൾ എല്ലായ്‌പ്പോഴും സ്ത്രീക്കുമേലാണ് നടപ്പാകുന്നതെന്ന് ഈ ലേഖനം തുറന്നുകാട്ടുന്നു. സാഹിത്യവും ചരിത്രവും കലയും നിയമവുമൊക്കെ ഇതിനു തെളിവുനൽകി നമുക്കു മുന്നിലുണ്ട്.[BLURB#3-H]നവോത്ഥാനകേരളത്തിന്റെ തനിനിറമെന്താണ്? ശാരദക്കുട്ടി എഴുതുന്നു: 'സ്വതന്ത്രമായി ഇടപെടുന്ന ആണിനെയും പെണ്ണിനെയും കണ്ടാൽ ഉടനെത്തന്നെ കെട്ടിയെടുത്ത് പൊലീസിൽ ഏല്പിക്കുക എന്നതാണ് നവകേരളസംസ്‌കാരം. കേരളത്തിന്റെ ചരിത്രഭഞ്ജകർ പെണ്ണെഴുത്തുകാരല്ല, ഈ നവ സദാചാരവാദികളാണ്. ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ച് മിണ്ടിപ്പോകരുത് എന്നു വിലക്കുന്ന സമൂഹത്തിന്റെ അബോധം ആദ്യം കിട്ടുന്ന അവസരത്തിൽ ഇങ്ങനെ പെണ്ണിന്റെ മണ്ടയ്ക്കു പാഞ്ഞുകയറാൻ കുതിച്ചുകൊണ്ടിരിക്കുകയാണ്'. ഇത്തരമൊരവസ്ഥ പൊതുസമൂഹത്തിൽ മാത്രമല്ല ഉള്ളത്. കുടുംബങ്ങളും ഒട്ടുമേ ആശാസ്യമായ അവസ്ഥയിലല്ല നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്. വിവാഹവും ദാമ്പത്യവും കുടുംബവുമൊക്കെ അത്രമേൽ വാഴ്‌ത്തപ്പെടേണ്ട സ്ഥാപനങ്ങളല്ല എന്ന കാര്യത്തിൽ ശാരദക്കുട്ടിക്കു ശങ്കകളേതുമില്ല.[BLURB#2-VL]'ഭർത്താവിന്റെ അതിക്രൂരമായ പീഡനങ്ങൾക്കു വിധേയയായ ഒരു സ്ത്രീ തന്റെ ശരീരത്തിലെ മാരകമായ മുറിവുകൾ കാണിച്ച് നിലവിളിച്ചിട്ടും സഹായം അഭ്യർത്ഥിച്ചിട്ടും എങ്ങനെയും സഹിച്ച് കൂടെ നില്ക്കണം എന്നാണ് പള്ളിയിൽനിന്ന് ഉപദേശം കിട്ടിയത്. സമാധാനമായി ഉറങ്ങിയിട്ട് വർഷങ്ങളായി എന്നു വിലപിക്കുമ്പോഴും കരുണാമയന്മാരുടെ കരളലിയുന്നില്ല. വിവാഹശേഷമുള്ള ഇത്തരം നിർബന്ധിത രതിക്രീഡകളിലൂടെയും മറ്റ് അസഹ്യതകളിലൂടെയും കടന്നുപോകുമ്പോഴാണ് ഒരു പെണ്ണ് ശരിക്കും പ്രണയിക്കാൻ പാകമാകുന്നത്. വിവാഹം കഴിയാതെ, വിവാഹത്തിന്റെ മടുപ്പറിയാതെ ഒരാണിനും പെണ്ണിനും ശരിയായ പ്രണയം എന്തെന്ന് അറിയാൻ കഴിയില്ല. ഭർത്താവിനെയല്ല പെണ്ണിനാവശ്യം, സ്‌നേഹിക്കാനും മനസ്സിലാക്കാനും തളർച്ചകളിൽ സാന്ത്വനമാകാനും കഴിയുന്ന ആണിനെയാണ്. ആണിനും അങ്ങനെതന്നെ. വൈകാരികതകൊണ്ട് വഷളാക്കപ്പെട്ട സ്ഥാപനമാണ് കുടുംബം. വീടിനുള്ളിൽ പ്രണയം സാധ്യമല്ല.ദാമ്പത്യത്തിനു പുറത്തേക്കു പ്രണയം നീളുന്നു എന്നത് ഒരസ്വാഭാവികതയായി കാണേണ്ടതില്ല. ദാമ്പത്യത്തിനു പുറത്തു മാത്രമേ അതിനു വാതിലുകൾ തുറന്നുകിട്ടുകയുള്ളൂ. അങ്ങനെ വീടിനോട് യാന്ത്രികമാകുകയും പുറത്ത് സൗഹൃദങ്ങൾ കണ്ടെത്തുകയും ചെയ്തുകൊണ്ട് ഒരു ഇരട്ടജീവിതത്തിനുള്ള സാധ്യതകൾ ആരായുമ്പോഴാണ് കുടുംബം സഹനീയമാകുന്നത്. അടിമകൾക്കു മാത്രമാണ് മതം സ്വർഗരാജ്യം വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകൾ അസംതൃപ്തരാകുമ്പോൾ അവർ വികാസത്തിന്റെ പാതയിലാണ് എന്നുകൂടി ഒരർഥമുണ്ട്'.

മനുഷ്യോചിതമായ ഒരു ലൈംഗികസംസ്‌കാരം രൂപംകൊള്ളാൻ കേരളം ഇനിയും ഒരുപാടു ദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്ന് ഇവർ വിശ്വസിക്കുന്നു. എലിക്കെണിയുടെ സ്വഭാവമുള്ള വിവാഹത്തിന്റെ രക്തസാക്ഷിയായി മാറിയ പെൺകുട്ടികളെക്കുറിച്ചാണ് അടുത്തലേഖനം. നവോത്ഥാനകേരളത്തിന്റെ ശീർഷാസനത്തിൽ സംഭവിക്കുന്ന നിരവധിയായ പെൺജീവിതദുരന്തങ്ങൾക്ക് ഒരടിക്കുറിപ്പായി മാറുന്നു, ഈ ലേഖനം.

'വിശ്വാസം' എന്ന മൂന്നാംഭാഗത്തെ രചനകൾ ആത്മകഥാപരമായ കുറിപ്പുകളാണ്. തൊട്ടുപൊള്ളിക്കുന്നവയാണ് പലതും. സ്വന്തം അനുഭവങ്ങളുടെ വന്യതകൾ സ്ത്രീകൾ തുറന്നെഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്തുടങ്ങിയാൽ എന്താകും നമ്മുടെ സമൂഹത്തെക്കുറിച്ചു നമുക്കു കിട്ടുന്ന ചിത്രം എന്ന് ഈ രചനകൾ വെളിപ്പെടുത്തുന്നു. തന്റെ ശരീരത്തിനും ആത്മാവിനും മേൽ ഒരു സ്ത്രീ മറ്റൊരാൾക്ക് ഉടമസ്ഥത ചാർത്തിക്കൊടുക്കുന്നതെപ്പോഴാണെന്നറിയാൻ (അതറിയാത്തവർ) ഈ ലേഖനങ്ങൾ വായിച്ചാൽ മതി.

അമ്മയുടെ അന്ധത തന്റെയും ജീവിതത്തിൽ വീഴ്‌ത്തിയ ഇരുട്ടിനെക്കുറിച്ചാണ് ആദ്യലേഖനം. ഭാവിയിൽ ശാരദക്കുട്ടി ഒരാത്മകഥ അതേപേരിൽ എഴുതേണ്ടിവരില്ലെന്നും, എഴുതിയാൽ അതൊരു ക്ലാസിക്കാകും എന്നും ഒരേസമയം തെളിയിക്കുന്ന രചന. ജീവിതം എഴുത്തിലേക്കും എഴുത്ത് ജീവിതത്തിലേക്കും പരകായപ്രവേശം നടത്തുന്ന കാവ്യാത്മകമായ അനുഭവാവിഷ്‌ക്കാരം. നിസംശയം പറയാം, ആത്മാവിൽനിന്നു ചീന്തിയെടുത്ത ഒരേട്; വക്കിൽ കണ്ണീർ പൊടിഞ്ഞിരിക്കുന്നു.

സ്വന്തം പിതാവിനാൽ പലകുറി ബലാൽക്കാരം ചെയ്യപ്പെടുകയും ഒടുവിൽ അയാളുടെ കുഞ്ഞിനെത്തന്നെ പ്രസവിച്ച്, അയാളെ ഭർത്താവാക്കി ജീവിക്കേണ്ടിവരികയും ചെയ്യുന്ന നിർമലയെന്ന തമിഴ്‌പെൺകുട്ടിയുടെ അനുഭവങ്ങളെ ഒരു നീണ്ടകാലത്തിന്റെ ഓർമ്മച്ചരിത്രമാക്കി മാറ്റുന്നു, അടുത്ത ലേഖനം. ഒരർധരാത്രിയിൽ കാമപ്പിശാചുക്കളിൽ നിന്നഭയംതേടിയെത്തിയ വീട്ടുവേലക്കാരിയായ പെൺകുട്ടിയുടെ കഥയാണ് 'രാത്രിയിലകളുടെ രുചി'. കഥയെക്കാൾ വിചിത്രമായ ജീവിതത്തിന്റെ സ്ത്രീയനുഭവങ്ങൾതന്നെയാണ് തുടർന്നുള്ള രണ്ടു രചനകളും. വായിക്കുമ്പോൾ, കണ്ണീരടഞ്ഞ് കാഴ്ചമറയ്ക്കുന്ന കുറിപ്പുകൾ.[BLURB#4-H] ശാരദക്കുട്ടിയുടെ എഴുത്ത് മലയാളിസ്ത്രീയുടെ ചിറകുമുളച്ച ഭാവനകളുടെ ആകാശസഞ്ചാരം മാത്രമല്ല. സ്വന്തം ജീവിതത്തിന് അനുഭവങ്ങളുടെ നീതിസാരകഥകൾകൊണ്ടെഴുതിയ മാനിഫെസ്റ്റോയുമാണ്. ചരിത്രവും സാഹിത്യവും രാഷ്ട്രീയവും മതവും ഭൂതവും വർത്തമാനവും ലിംഗബോധത്തിന്റെ അളവുകോലുകൾ കൊണ്ടളന്നെടുത്ത് അവർ സ്ത്രീയുടെ ആത്മകഥകളെഴുതുന്നു. പെണ്ണെഴുത്തിന്റെ മലയാളവഴികളിൽ അവരുടെ സാഹിത്യവിമർശനങ്ങളും സാമൂഹ്യനിരീക്ഷണങ്ങളും വിശ്വാസനിലപാടുകളും ജീവിതാനുഭൂതിയുടെ വിരലടയാളങ്ങൾ പതിക്കുന്നു. അങ്ങനെ, ഭയത്തിന്റെ നിശാവസ്ത്രങ്ങളുരിഞ്ഞെറിയുന്ന സ്ത്രീയുടെ ജീവിതനൃത്തം അതിന്റെ ലാസ്യവും താണ്ഡവവും ഒന്നിച്ചാവിഷ്‌ക്കരിക്കുന്നതിന്റെ മലയാളമാതൃകകളായി അവ മാറുന്നു.

പുസ്തകത്തിൽനിന്ന്:-
ഴുതുകയോ ചിത്രം വരയ്ക്കുകയോ പാട്ടുപാടുകയോ നൃത്തം ചെയ്യുകയോ പോലെയുള്ള ഒരു സർഗാത്മകപ്രവൃത്തിതന്നെയാണ് മനോഹരമായി ജീവിക്കുക എന്നതും. കലാകാരനോ കലാകാരിയോ ആകാൻ വേണ്ട എല്ലാ ഭാവനയും സർഗാത്മകതയും സ്വപ്നാത്മകതയും സാഹസികതയും ജീവിതവും ആവശ്യപ്പെടുന്നുണ്ട്. സ്വതന്ത്രമായി, നിർഭയമായി ജീവിക്കുക എന്നത് ഒന്നാന്തരം കലാപ്രവർത്തനമാണ്. നർത്തകി രംഗവേദിയിൽ തന്റെ ശരീരത്തെ അനായാസം ഉന്മത്തതയ്ക്കു വിട്ടുകൊടുത്തുകൊണ്ട് നൃത്തലഹരിയിൽ സ്വയം മറക്കുമ്പോൾ അവൾക്കു മുന്നിൽ തുറന്നുകിട്ടുന്ന അത്ഭുതലോകങ്ങൾതന്നെയാകും വിസ്മയപ്പെട്ടു ജീവിക്കാൻ കഴിവുള്ള ഏതൊരാൾക്കു മുന്നിലും തുറക്കപ്പെടുന്നത്... നഷ്ടപ്പെട്ടുപോയ സ്വർഗവാതിൽ തുറന്നുകിട്ടുന്ന ആ അപൂർവനിമിഷത്തിനായി പ്രാണവേദനയോടെ നൃത്തം ചെയ്യുന്ന അപ്‌സരകന്യകയെപ്പോലെ ശാപം കിട്ടിയ ആത്മാക്കളാണ് ജീവിതാസക്തിയുള്ള മനുഷ്യർ. ആനന്ദത്തിന്റെയും ഭീതിയുടെയും ദുഃഖത്തിന്റെയും നിമിഷങ്ങൾ ഒരേ തീവ്രതയോടെയാകും അവർ അനുഭവിക്കുക. ആനന്ദത്തിനുമാത്രം കൈക്കൊള്ളാനാകുന്ന മൂർച്ചയേറിയ, മധുരമേറിയ വേദനയും അവർ അനുഭവിക്കുന്നു. സിൽവിയ പ്ലാത്ത് എഴുതിയത് എത്ര സത്യം! 'എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാൻ കഴിയില്ലായിരിക്കാം. ഞാൻ പക്ഷേ, സന്തുഷ്ടയാണ്. ജീവിതം എന്നെ ആഴത്തിൽ സ്വാധീനിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു. എനിക്കു സ്വതന്ത്രയാകണം. ലോകം മുഴുവൻ ചുറ്റിക്കറങ്ങണം. ദൈവമാകാൻ മോഹിച്ച പെൺകുട്ടി എന്ന് അറിയപ്പെടണം'. അവൾ ഒടുവിൽ ആത്മഹത്യ ചെയ്തു.

മാനസികമായ ഭാരത്തെയോ ശാപത്തെയോ സൂചിപ്പിക്കുന്നതിനായി സാഹിത്യത്തിലും മറ്റും ആൽബട്രോസ് എന്ന പക്ഷിയെ ഒരു മെറ്റഫറായി ഉപയോഗിക്കാറുണ്ട്. 'ഒരു ആൽബട്രോസിനെപ്പെലെ ഞാൻ മർലിൻ മൺറോയെ പേറിനടക്കുന്നു' എന്നൊരിക്കൽ മർലിൻ മൺറോ തന്നെക്കുറിച്ചുതന്നെ പറഞ്ഞു. 'ദയവുചെയ്ത് എന്നെയൊരു തമാശ ആക്കാതിരിക്കുക' എന്നാണ് മർലിൻ മൺറോയ്ക്ക് ലോകത്തോടു പറയാനുണ്ടായിരുന്നത്. ആരും എന്നെ ഗൗരവമായി എടുക്കുന്നില്ല എന്നവർ വേദനിച്ചു. ലോകത്തെയും ജീവിതത്തെയും ആർത്തിയോടെ സ്‌നേഹിക്കുന്ന തന്നെ മറക്കുകയും തന്റെ ശരീരത്തെ മാത്രം ഗൗരവമായി കാണുകയും ചെയ്യുന്ന ലോകത്തോട് അവർ പരിഭവിച്ചു. മരിച്ചിട്ട് അൻപതുകൊല്ലമായെങ്കിലും ഇന്നും അവർ സെക്‌സ് സിംബൽ മാത്രമായി തുടരുന്നു... എന്നാൽ, എന്തിന്റെയെങ്കിലും പ്രതീകമാവുന്നുവെങ്കിൽ, അതു സെക്‌സിന്റെതന്നെയാകാം. കാരണം, നമ്മുടെ മറ്റു പല പ്രതീകങ്ങളെക്കാളൊക്കെ ഭേദമാണല്ലോ അത് എന്നും അവർ സമാധാനിച്ചു. തനിച്ചാകുമ്പോൾ അവൾ വിലപിച്ചു, 'ഒരു വ്യക്തി എന്നതിനു പകരം ഒരു നോക്കുകണ്ണാടി എന്ന മട്ടിലാണ് ആളുകൾ എന്നെ നോക്കിയിരുന്നത്. അവർ എന്നെ കണ്ടില്ല, പകരം കാമോദ്ദീപകമായ സ്വന്തം ചിന്തകൾ മാത്രമാണ് അവർ കണ്ടത്. എന്നിട്ടവർ സ്വന്തം കപടമുഖം മറച്ചുവച്ച് എന്നെ തേവിടിശ്ശി എന്നുവിളിച്ചു'. വിഖ്യാതയായ ആ നടിക്കും ആത്മഹത്യ ചെയ്യേണ്ടിവന്നു.

രാജലക്ഷ്മിയും ആത്മഹത്യചെയ്തു. അവിവാഹിതയായ ഈ എഴുത്തുകാരി വർഷങ്ങൾക്കു മുൻപ് എഴുത്തുകാരനായ മറ്റൊരു സുഹൃത്തിനെ വീട്ടിൽ സത്കരിച്ചതിനെച്ചൊല്ലിയുണ്ടായ വാദകോലാഹലങ്ങൾ കെട്ടടങ്ങിയതേയുള്ളൂ. വയോധികയായ അമ്മയുടെ കൂടെ തനിയേ താമസിച്ചിരുന്ന ഒരു കലാകാരി അനുഭവിക്കാൻ ഇടയുള്ള വൈകാരികമായ ഒറ്റപ്പെടൽ എത്ര ഭീകരമായിരിക്കും എന്നത് ഊഹിച്ചെടുക്കാൻ സദാചാരം തലയ്ക്കുപിടിച്ച് കാഴ്ച നഷ്ടപ്പെട്ട ഒരു സമൂഹത്തിന് അത്ര പെട്ടെന്നു കഴിഞ്ഞേക്കില്ല. സർഗാത്മകമനസ്സുള്ള ഒരാണിനോട് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരെഴുത്തുകാരിക്ക് തോന്നിയെങ്കിൽ അതിലെന്താണു തെറ്റ്? നിലാവുള്ള രാത്രിയും പ്രശാന്തസുന്ദരമായ അന്തരീക്ഷവും രണ്ടു സർഗാത്മകമനസ്സുകളും. ലോകത്തെ അതിമനോഹരമാക്കാൻ ഇതിലും അനുകൂലമായ മറ്റെന്തു സാഹചര്യമുണ്ട്? രാവെളുക്കുവോളം അവർ ജീവിതത്തെ സ്‌നേഹിച്ചു സ്‌നേഹിച്ച് അവിടെ കഴിഞ്ഞുകൂടുന്നു എന്നു സങ്കല്പിച്ചുനോക്കുക. എത്ര ഹൃദ്യമായ ഒരു സാധ്യതയെയാണ് സ്വന്തം മനോവൈകല്യവും ഭാഷാവൈകല്യവും കൊണ്ട് ഒരാൾ മറ്റൊന്നാക്കി അശ്ലീലപ്പെടുത്തിയത്!

ജീവിതത്തെ സ്‌നേഹിക്കുന്ന പെണ്ണിനെ ലോകം അന്നും ഇന്നും ഏതു നാട്ടിലും ക്രൂരമായി പിന്തുടരുകയാണ്. അഴിമതിക്കാരെയും കൂട്ടിക്കൊടുപ്പുകാരെയും ദുരധികാരത്തിന്റെ ആൾരൂപങ്ങളെയും ചുമന്നുകൊണ്ട് നടക്കുന്നവർപോലും പെണ്ണിന്റെ ജീവിതമോഹങ്ങളോട് ക്ഷമിക്കുന്നില്ല.

വിചാരം വിമർശം വിശ്വാസം
ശാരദക്കുട്ടി
മാതൃഭൂമിബുക്‌സ്, 2015
വില : 140 രൂപ