ഡൽഹി: ദൈനംദിനത്തിൽ നിരവധി ലൈംഗികാതിക്രമ വിവരങ്ങളാണ് പുറത്ത് വരുന്നത്.പല കുറ്റകൃത്യങ്ങളും നടക്കുന്നത് ഇരുട്ടിന്റെയോ സ്വകാര്യതയുടെയോ മറവിലായിരുന്നെങ്കിൽ ഇന്ന് പൊതുമധ്യത്തിലും തിക്കുംതിരക്കുമുള്ള ഇടങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ഡൽഹി മെട്രോയിൽ തനിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്.ട്വീറ്റ് പിന്തുണയുമായി നിരവധി പേർ എത്തിയതോടെ മെട്രോ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഡൽഹി മെട്രോ സ്റ്റേഷനിലുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവതി. ജോർ ബാഗ് മെട്രോ സ്റ്റേഷനിൽ നിരവധി ആളുകളുടെ നടുവിലാണ് ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്നതെന്നും സ്ഥലത്തുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ട്വിറ്ററിൽ കുറിച്ചു.ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെടൽ.

സംഭവം ഇങ്ങനെ..വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50നു 1.55നു ഇടയിലാണ് സംഭവമെന്ന് യുവതി പറഞ്ഞു. 'ആ സമയത്ത് കുറച്ച് ആളുകൾ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നു. ഒരു വിലാസത്തെക്കുറിച്ച് സംശയവുമായി ഒരാൾ സമീപിക്കുകയായിരുന്നു. അയാളെ ഞാൻ സഹായിച്ചു. ഇതിനുശേഷം കാബ് ബുക്ക് ചെയ്യാനായി പ്ലാറ്റ്‌ഫോമിലിരിക്കുമ്പോൾ വീണ്ടും അയാളെത്തി. സഹായത്തിനാണെന്ന് ഞാൻ വിചാരിച്ചു.

എന്നാൽ വിലാസം അടങ്ങിയ ഫയൽ കാണിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അയാൾ തന്റെ ലൈംഗികാവയവം പ്രദർശിപ്പിച്ചു.എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത വിധം ഭയങ്കരമായിരുന്നു അത്. ഞാൻ സ്തംഭിച്ചുപോയി. ഭയന്ന്, എത്രയും പെട്ടെന്ന് ഓടിപ്പോയി.യുവതി പറയുന്നു.

ഇത്തരമൊരു സംഭവം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയില്ല. കാരണം ഇങ്ങനെയൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല. ചില ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു. പക്ഷേ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും അവർ ഒന്നും ചെയ്തില്ല.ഇതു കഴിവില്ലായ്മയാണ് അതല്ലെങ്കിൽ ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലായിരിക്കാമെന്ന് യുവതി വിശദീകരിക്കുന്നു.

എത്ര തവണ സംഭവങ്ങൾ നടന്നാലും ഇതു സ്ഥിരമാണെന്നു ന്യായീകരിക്കാനാണ് അവരുടെ ശ്രമം.ഞാൻ മെട്രോയിൽ യാത്ര ചെയ്യുന്നത് ഏറ്റവും സുരക്ഷിതമാണെന്നു കരുതിയാണ്. എന്നാൽ ഈ സംഭവം വളരെ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സിസിടിവി ദൃശ്യങ്ങൾ പരസ്യമാക്കിയാൽ ഞാൻ പറയുന്നത് എത്രത്തോളം ശരിയാണെന്നു മനസ്സിലാകും.' യുവതി കൂട്ടിച്ചേർത്തു.

അതേസമയം സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും നടപടി സ്വീകരിക്കുമെന്നും ഡിഎംആർസി പിആർഒ സുമൻ നൽവ അറിയിച്ചു. സംഭവദിവസം സിഐഎസ്എഫ് കോൺസ്റ്റബിൾ ഡ്യൂട്ടിക്ക് പുറത്തായിരുന്നു. അതിനാലാണ് പെൺകുട്ടിയോട് സിഐഎസ്എഫ് കൺട്രോൾ റൂമിനെ സമീപിക്കാൻ നിർദ്ദേശിച്ചത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി മറ്റൊരു മെട്രോയിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയെന്നും പിആർഒ അറിയിച്ചു.