മകനെ നിഷ്‌കരുണം കൊന്നവന്റെ ഭാര്യയ്ക്കും മക്കൾക്കും മധുരം നൽകി നോമ്പ് തുറന്ന് ഒരു പുതു ജീവൻ ആ കുടുംബത്തിന് തുറന്ന് നൽകിയിരിക്കുകയാണ് ആയിഷ ബീവി. ലോകത്ത് കരുണയും മനുഷ്യത്വവും ഇനിയും മരിച്ചിട്ടില്ലെന്നതിന്റെ നേർ കാഴ്ചയാണ് ആയിഷ ബീവി ലോകത്തിന് കാണിച്ചു തരുന്നത്. മതവും ജാതിയും പറഞ്ഞ് സമൂഹത്തെ വേർതിരിച്ച് വെറുപ്പും വിദ്വേഷവും കുത്തി വയ്ക്കുന്ന ഓരോരുത്തരും ആയിഷ ബീവിയെ കാണുക ആ നന്മ തിരിച്ചറിയുക.

ആയിഷ ബീവി നൽകിയ പ്രതീക്ഷയുടെ മധുരംകൊണ്ട് നോമ്പുതുറന്ന്, റസിയയും ബന്ധുക്കളും ഉത്തർപ്രദേശിലേക്കു തിരികെപ്പോവുകയാണ് ഉടൻ ഇനി സൗദിയിലെ തൂക്കുമരത്തിൽനിന്ന് രക്ഷപ്പെട്ട് ഭർത്താവ് മുഹറം അലി ഷഫീഉല്ല (38)എത്തുന്നതും കാത്തിരിക്കും റസിയയും മൂന്നുമക്കളും അവർക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ പുതു ജീവനാണ ഈ പുണ്യ പ്രവർത്തിയിലൂടെ ആയിഷ ബീവിയും കുടുംബവും തിരികെ നൽകിയിത്.

സൗദിയിൽ കൊലക്കേസിൽ പ്രതിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലിക്ക് അയാളുടെ കത്തിക്കിരയായ ഒറ്റപ്പാലം പത്തൊൻപതാംമൈൽ സ്വദേശി മുഹമ്മദ് ആഷിഫി(24)ന്റെ കുടുംബം ഇന്നലെ മാപ്പുനൽകി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് വികാരനിർഭരമായ രംഗങ്ങൾക്കൊടുവിൽ, ആഷിഫിന്റെ മാതാവ് ആയിഷ ബീവി മാപ്പുനൽകൽ രേഖയിൽ ഒപ്പുവച്ചു. അൽഹസ കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) പ്രവർത്തകർ അത് കോടതിക്കു സമർപ്പിക്കുന്നതോടെ മോചനത്തിന്റെ വാതിൽ തുറക്കുമെന്നാണു പ്രതീക്ഷ.

മനോനില തെറ്റിയ അലി ഇപ്പോൾ സൗദിയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ്. അൽഹസയിലെ പെട്രോൾ പമ്പ് ജീവനക്കാരായിരുന്നു ആഷിഫും ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശി അലിയും. സ്വബോധത്തിലല്ലാത്ത ഏതോ നിമിഷത്തിലാവണം ഉറങ്ങിക്കിടക്കുകയായിരുന്ന ആഷിഫിനെ അലി കഴുത്തറുത്തു കൊന്നു.

ആറുവർഷം മുൻപാണ് സംഭവം. ആഷിഫിനുവേണ്ടി കെഎംസിസി നിയമപോരാട്ടം നടത്തി. അതിനിടെ, മനോനില തെറ്റിയ അലിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. 2017 നവംബറിൽ കോടതി വധശിക്ഷ വിധിച്ചു. മാനസികാരോഗ്യകേന്ദ്രത്തിലായതിനാൽ ശിക്ഷ നടപ്പാക്കുന്നത് നീണ്ടു.

അലിയുടെ ദുരവസ്ഥയറിഞ്ഞ കെഎംസിസി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ഭാര്യയോ മാതാവോ മാപ്പുനൽകിയാൽ ഇളവനുവദിക്കാമെന്ന സൗദി നിയമത്തിലായി പ്രതീക്ഷ. കെഎംസിസി തന്നെ സാദിഖലി തങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു വഴിയൊരുക്കുകയായിരുന്നു.