മെൽബൺ : ജൂൺ ആറ് മുതൽ ഗതാഗത പിഴയടക്കണമെന്ന് നിർദ്ദേശിച്ച് നോട്ടീസ് ലഭ്യമായവർക്ക് തത്കാലം പിഴകളിൽ നിന്ന് രക്ഷ. ക്യാമറ സംവിധാനത്തിൽ വൈറസ് ബാധ ഉണ്ടായതാണ് നിയമലംഘകർക്ക് ഗുണകരമായത്. വേഗനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വിക്ടോറിയൻ റോഡുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ചിരിക്കുന്ന റെഡ് ലൈറ്റുകളും സ്പീഡ് കാമറകളും ഇതോടെ തൽക്കാലത്തേക്ക് പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്.

ഈ കാമറകളുടെ തെറ്റായ റിപ്പോർട്ട് പ്രകാരം പിഴയടയ്ക്കാൻ നിർദേശിക്കുന്ന നോട്ടീസുകൾ പിൻവലിച്ചതായി അസിസ്റ്റന്റ് കമ്മീഷണർ ഡൗഗ് ഫ്രയർ അറിയിച്ചു. സംസ്ഥാന വ്യാപകമായി ജൂൺ ആറുമുതൽ പിഴയടയ്ക്കണമെന്ന് നിർദേശിച്ച് നൽകിയിരിക്കുന്ന നോട്ടീസുകളാണ് ഗതാഗത വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 280 കാമറകൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ഇവയിലും വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കും. ഈ കാമറകളെ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിശോധന പൂർത്തിയായശേഷം പിഴയടയ്ക്കാനുള്ള നോട്ടീസ് വീണ്ടു നൽകുമെന്ന് ഫ്രയർ പറഞ്ഞു. ഏകദേശം ഏഴായിരം ടിക്കറ്റുകളാണ് തടഞ്ഞിരിക്കുന്നത്.