വിക്ടോറിയയിൽ ഒരാഴ്ച തുടർച്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തൊഴിലിടങ്ങളിലും സ്‌കൂളുകളിലും ഇനി മാസ്‌ക് ധരിക്കേണ്ടതില്ല എന്നതാണ് പ്രധാന മാറ്റം. വ്യാഴാഴ്ച (നാളെ) അർദ്ധരാത്രി മുതൽ കൂടുതൽ ഇളവുകൾ നടപ്പാക്കും.

ജൂലൈ ഒന്ന് മുതൽ ഇളവുകൾ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറസ് ബാധ പടർന്നതോടെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത് വിക്ടോറിയ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.സ്‌കൂളുകളിലും തൊഴിലിടങ്ങളിലും ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാൽ കെട്ടിടത്തിനുള്ളിൽ മാസ്‌ക് നിർബന്ധമായി തുടരും. പൊതുസമൂഹവുമായി ഇടപഴകേണ്ട ആവശ്യമില്ലാത്ത തൊഴിലിടങ്ങളിലാണ് മാസ്‌ക് നിർബന്ധമല്ലാത്തത്.

സ്റ്റേഡിയത്തിൽ 75 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കും.ഡാൻസ് ഫ്‌ളോറുകളിൽ 50 പേരെ അനുവദിക്കും. ബാറുകൾ റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ ഇളവ് ചെയ്യും. അതേസമയം, വീടുകളിൽ 15 പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ. ഈ നിയന്ത്രണത്തിൽ മാറ്റം വരുത്തിയിട്ടില്ല.