വിക്ടോറിയയിലെ പൊതുഗതാഗതത്തിൽ ഫെയ്‌സ് മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ്. ഇത്തരക്കാർക്ക് 200ഡോളർ വരെ പിഴ ഈടാക്കാനാണ് തീരുമാനം. തിങ്കളാഴ്‌ച്ച മുതൽ പൊലീസ് നടപടി തുടങ്ങാനാണ് തീരുമാനം. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.

ട്രെയിൻ യാത്രക്കാരിൽ 53 ശതമാനം പേരും ട്രാം യാത്രക്കാരിൽ 52 ശതമാനവും മാത്രമാണ് ഇപ്പോൾ മാസ്‌ക് ധരിക്കുന്നതെന്ന് മാർക്കറ്റ് റിസേർച്ച് വ്യക്തമാക്കുന്നു. പൊലീസ് ആദ്യ പടിയായി മാസ്‌ക് ധരിക്കാൻ ഉപദേശിക്കുകയാണ് ചെയ്യുക. പിന്നീട് നിയലം ലംഘിച്ചാൽ 200 ഡോളർ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നടപടിയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ നഗരത്തിലെ പൊതുഗതാഗത ശൃംഖലയിലുടനീളം പട്രോളിങ് നടത്തുന്ന ഒരു പ്രൊട്ടക്റ്റീവ് സർവീസസ് ഓഫീസർമാരെയും (പിഎസ്ഒ) പൊലീസ് സാന്നിധ്യത്തെയും യാത്രക്കാർക്ക് കാണാനാകും. സാധുവായ കാരണമില്ലാതെ മുഖംമൂടി ധരിക്കാത്തവരുമായി പൊലീസ് ഇടപഴകുകയും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ചട്ടം ഇപ്പോഴും മാനിക്കപ്പെടുന്നുണ്ടെന്ന് യാത്ര ചെയ്യുന്നവർക്ക് ഉറപ്പുനൽകുകയും ചെയ്യും.

ജൂൺ 6 വരെയാണ് പൊലീസ് മാസ്‌ക് ധരിക്കാത്തവർക്ക് ബോധവത്കരണവുമായി രംഗത്തുണ്ടാവുക. മെൽബൺ ട്രെയിനുകൾ, ട്രാമുകൾ, ബസുകൾ എന്നിവയിലും, ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലും ലൈനുകളിലും പട്രോളിങ് നടത്തും, തിരക്കേറിയ സമയങ്ങളിൽ കനത്ത സാന്നിധ്യമുണ്ടാകും.

2020 പകുതി മുതൽ വിക്ടോറിയയിലെ പൊതുഗതാഗതത്തിന് ഫെയ്‌സ് മാസ്‌കുകൾ നിർബന്ധമാണ്.എന്നിരുന്നാലും, സംസ്ഥാനത്തിന്റെ 87 ദിവസത്തെ പൂജ്യം കോവിഡ് കേസുകൾ പല വിക്ടോറിയക്കാർക്കിടയിലും അലംഭാവം സൃഷ്ടിച്ചതായാണ് വിലയിരുത്തൽ.