മെൽബൺ: സ്‌കിൽഡ് വിസാ നോമിനേഷൻ പ്രോഗ്രാമിൽ മാറ്റം വരുത്തിക്കൊണ്ട് വിക്ടോറിയൻ സർക്കാർ പ്രഖ്യാപനം നടത്തി. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) മേഖലയിൽ 11 തൊഴിലുകൾക്കുള്ള സ്‌കിൽഡ് വിസാ ആപ്ലിക്കേഷനുകൾ താത്ക്കാലികമായി ക്ലോസ് ചെയ്യുകയാണെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മെൽബണിലേക്ക് കുടിയേറാനുള്ള ഐസിടി പ്രൊഫഷണലുകളുടെ ആഗ്രഹങ്ങൾക്ക് താത്ക്കാലിക വിരാമം ഇടേണ്ട അവസ്ഥയാണ്.

2016 നവംബർ 11 മുതൽ 2017 മാർച്ച് ആറു വരെ ഐസിടി ഒക്യുപ്പേഷനിലേക്ക് സ്‌കിൽഡ് വിസാ ആപ്ലിക്കേഷനുകൾ സ്വീകരിക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം. ഐസിടി പ്രൊജക്ട് മാനേജർ, ഐസിടി ബിസിനസ് അനലിസ്റ്റ്, സിസ്റ്റംസ് അനലിസ്റ്റ്, അനലിസ്റ്റ് പ്രോഗ്രാമർ, ഡവലപ്പർ പ്രോഗ്രാമർ, സോഫ്‌റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ് വെയർ ടെസ്റ്റർ, സോഫ്റ്റ് വെയർ ആൻഡ് ആപ്ലിക്കേഷൻസ് പ്രോഗ്രാമർ നെക്, ഡേറ്റാബേസ് അഡ്‌മിനിസ്‌ട്രേറ്റർ, ഐസിടി സെക്യുരിറ്റി സ്‌പെഷ്യലിസ്റ്റി, കമ്പ്യൂട്ടർ നെറ്റ് വർക്ക് ആൻഡ് സിസ്റ്റംസ് എൻജിനീയർ എന്നീ ഒക്യുപ്പേഷനുകൾക്കുള്ള വിസാ ആപ്ലിക്കേഷനുകളാണ് താത്ക്കാലികമായി ക്ലോസ് ചെയ്തിരിക്കുന്നത്.

ഈ മേഖലകളിലേക്ക് വൻ തോതിൽ സ്‌കിൽഡ് വിസാ നോമിനേഷൻ ആപ്ലിക്കേഷനുകൾ എത്തിച്ചേർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇവ ക്ലോസ് ചെയ്തിരിക്കുന്നത്. കെട്ടിക്കിടക്കുന്ന ആപ്ലിക്കേഷനുകളിൽ തീരുമാനം ആയതിനു ശേഷം മാത്രമായിരിക്കും ഇനി പുതിയ ആപ്ലിക്കേഷനുകൾ സ്വീകരിക്കുക. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അവയുടെ തിയതികൾക്കനുസരിച്ച് തീരുമാനം കൈക്കൊള്ളും. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടികൾ സ്വീകരിക്കുക. എന്നാൽ മറ്റ് ഒക്യുപ്പേഷനുകളിലേക്കുള്ള വിസാ നോമിനേഷനുകൾക്ക് ഇതു ബാധകമല്ലെന്ന് വിക്ടോറിയൻ സർക്കാർ അറിയിക്കുന്നുണ്ട്.

അതേസമയം സ്ട്രീംലൈൻസ് പിഎച്ച്ഡി, 457 പാത്ത് വേയ്‌സ് എന്നിവയ്ക്കു കീഴിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഇതുമായി ബന്ധമില്ലെന്നും മറ്റ് ഐസിടി ഒക്യുപ്പേഷനുകൾക്കൊപ്പം തന്നെ ഇതിന് അപേക്ഷിക്കാമെന്നും പ്രത്യേകം അറിയിപ്പുണ്ട്.