ഡേവിഡ് യൂബാങ്ക് എന്ന 56കാരനായ മുൻ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സസ് ഓപ്പറേറ്റർക്ക് ഇത് ജന്മസാഫല്യത്തിന്റെ നിമിഷമാണ്. ഇറാഖിലെ മൊസൂളിൽ തുരുതുരാ വെടിയുതിർത്ത ഐസിസ് ഭീകരരുടെ തോക്കിന് മുന്നിൽ നിന്നും ഒരു കുരുന്നിനെ രക്ഷിച്ചതിന്റെ ധന്യതയിലാണ് ഡേവിഡ് ഇപ്പോൾ. സ്വന്തം ജീവൻ പണയം വച്ച് പാഞ്ഞ് പോയിട്ടായിരുന്നു ഇദ്ദേഹം ഐസിസുകാരുടെ തോക്കിന്മുനയിൽ നിന്നും കുട്ടിയെ മരണമുഖത്ത് നിന്നും രക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഐസിസിന്റെ കസ്റ്റഡിയിലായിരുന്ന മൊസൂൾ നഗരം വീണ്ടെടുക്കാൻ യൂഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേന ത്വരിത നീക്കം നടത്തുന്നതിനിടയിലായിരുന്നു ഈ ചെറിയ പെൺകുട്ടി ഐസിസുകാരുടെ വെടിവയ്പിന് മുന്നിൽ അകപ്പെട്ട് പോയിരുന്നത്.

കഴിഞ്ഞ എട്ട് മാസങ്ങളായി ഈ സേന ഐസിസിൽ നിന്നും മൊസൂളിന്റെ ഭാഗങ്ങൾ ഓരോന്നായി പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഐസിസിന്റെ സ്‌നിപ്പർ ആക്രമണത്തിന് മുന്നിൽ ജീവൻ നഷ്ടപ്പെട്ട സിവിലിയന്മാരുടെ സംഘത്തിൽ പെട്ട കുട്ടിയായിരുന്നു ഇതെന്ന് ഡേവിഡ് വെളിപ്പെടുത്തുന്നു. ഒരു കൈക്കുഞ്ഞും പെൺകുട്ടിയും ഈ മൃതദേഹങ്ങൾക്കിടയിലൂടെ അപകടകരമായ സാഹചര്യത്തിൽ നീങ്ങുന്നത് കണ്ടപ്പോൾ അവരെ ഏത് നിമിഷവും ഐസിസ് വെടിവച്ചിടുമെന്ന് തനിക്ക് മനസിലായെന്നും അതിനെ തുടർന്ന് സ്വന്തം ജീവൻ പണയം വച്ച് അവളെ രക്ഷിക്കുകയായിരുന്നുവെന്നും ഡേവിഡ് വിശദീകരിക്കുന്നു.

താൻ ഈ ശ്രമത്തിനിടയിൽ വെടിയേറ്റ് മരിച്ചാലുംഅത് തന്റെ ഭാര്യക്കും മകനും മനസിലാകുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും ഡേവിഡ് പറയുന്നു. ഇദ്ദേഹം പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടി ഓടുമ്പോൾ ഒപ്പം രണ്ട് സെൽഫ് സ്‌റ്റൈൽഡ് എയ്ഡ് ഗ്രൂപ്പ് അംഗങ്ങളും ഓടുന്നത് കാണാം. ഫ്രീ ബർമൻ റേഞ്ചേർസ് ഗ്രൂപ്പിൽ പെട്ട ഇവരായിരുന്നു കുട്ടിക്കും ഡേവിഡിന് വെടി കൊള്ളാതെ മറയേകിയിരുന്നത്. ഹെൽമറ്റം ബാലിസ്റ്റിക് വെസ്റ്റുമണിഞ്ഞായിരുന്നു ഡേവിഡ് രണ്ടും കൽപിച്ച് പെൺകുട്ടിയെ രക്ഷിക്കാനിറങ്ങിയിരുന്നത്. ഈ പെൺകുട്ടിയുടെ മുടി പിങ്ക് റിബണുകൾ കൊണ്ട് കെട്ടിയിരുന്നു.

 

പെൺകുട്ടിയെ രക്ഷിച്ച ശേഷം ചെറിയ മറ്റേ കുട്ടിയെ രക്ഷിക്കാൻ ഡേവിഡ് തിരിച്ച് വന്നെങ്കിലും അത് വിജയിക്കാതെ പോവുകയായിരുന്നു. ഫ്രീ ബർമൻ റേഞ്ചേർസ് എന്ന ക്രിസ്ത്യൻ ഹ്യൂമാനിറ്റേറിയൻ ഗ്രൂപ്പിന്റ സ്ഥാപകനാണ് ഡേവിഡ്. യുഎസ് സൈന്യത്തിൽ നിന്നും പിരിഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹം ഇത് സ്ഥാപിച്ചിരുന്നത്. ഐസിസുകാർ മൊസൂളിലെ സിവിലിയന്മാരോട് ചെയ്യുന്ന ക്രൂരകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇരകളെ പിന്തുണക്കുന്നതിനായിരുന്നു മൊസൂൾ കേന്ദ്രീകരിച്ച് ഈ സംഘടന പ്രവർത്തനം ആരംഭിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയായ കരെനും ഈ പ്രവർത്തനങ്ങളിൽ സജീവമാണ്.