'' നിഖാബ് ധരിച്ച നിങ്ങളെ കാണാൻ പില്ലർ ബോക്സ് പോലുണ്ട്..''' ആൽഡിയിൽ ഷോപ്പിംഗിനെത്തിയ നിഖാബ് ധരിച്ച ഒരു മുസ്ലിം സ്ത്രീയോട് മറ്റൊരു സ്ത്രീ ആക്രോശിച്ചത് ഇത്തരത്തിലാണ്. ഈ സ്ത്രീയുടെ വർഗീതയ കലർത്തിയുള്ള അസഭ്യം പറയൽ ആൽഡിയിലെ ക്യാമറയിൽ പതിയുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വെസ്റ്റ് ലണ്ടനിലെ ഫെൽത്താമിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇത്തരത്തിൽ ഭാര്യയെ ശരീരം പൂർണമായും പുതപ്പിക്കുന്ന വസ്ത്രം ധരിപ്പിച്ചതിന്റെ പേരിൽ ഈ സ്ത്രീ ഭർത്താവിനോട് തട്ടിക്കയറുകയും ചെയ്തിരുന്നു. എന്നാൽ അതവരുടെ ഇഷ്ടമാണെന്നായിരുന്നു ഭർത്താവ് ശാന്തനായി മറുപടിയേകിയത്.

മുസ്ലിം സ്ത്രീയുടെ ഭർത്താവ് ശാന്തനായി കാണപ്പെട്ടുവെങ്കിലും മറ്റേ സ്ത്രീ കൂടുതൽ ശബ്ദത്തിൽ അധിക്ഷേപങ്ങൾ തുടരുകയായിരുന്നു. നിങ്ങൾ സ്വയം പഠിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം തങ്ങളെ അധിക്ഷേപിച്ച സ്ത്രീയെ തുടർന്ന് ഉപദേശിച്ചിരുന്നത്. ഓരോരുത്തർക്കും ഇഷ്ടത്തിനനുസരിച്ച് ജീവിതം തെരഞ്ഞെടുക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കുന്നുണ്ടോയെന്നായിരുന്നു മുസ്ലിം സ്ത്രീയുടെ ഭർത്താവ് മറ്റേ സ്ത്രീയോട് ചോദിച്ചത്. സ്ത്രീയുടെ ഇത്തരത്തിലുള്ള മനോഭാവം തങ്ങളെ അസ്വസ്ഥരാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ ദമ്പതികളുടെ മനോഭാവം തന്നെയാണ് അസ്വസ്ഥതയാക്കുന്നതെന്നായിരുന്നു സ്ത്രീ ബാലിശമായി തിരിച്ചടിച്ചത്.

ഇത്തരത്തിൽ ഇരു കൂട്ടരും തമ്മിലുള്ള വാഗ്വാദങ്ങൾ പൊടി പൊടിക്കവെ സ്റ്റോർ വർക്കർ ഇതിൽ ഇടപെട്ട് അവരെ ശാന്തരാക്കുകയായിരുന്നു. എല്ലാവരും ശാന്തത പാലിക്കാൻ അയാൾ നിർദേശിക്കുകയായിരുന്നു. മെയ്‌ 22ന് മാഞ്ചസ്റ്റർ അരീനയിൽ ജിഹാദി ഭീകരാക്രമണം ഉണ്ടായതിന് ശേഷം ഇവിടെ മുസ്ലിം വിരോധവും ഭയവും 500 ശതമാനം വർധിച്ചുവെന്ന് പൊലീസിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നു. മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചുമുള്ള നൂറ് കണക്കിന് പരാതികളാണ് ഇതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പേകുന്നു.