ലണ്ടൻ: ലണ്ടനിൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്ന സംഭവങ്ങൾ നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ക്രോയ്‌ഡോണിലൂടെ നടന്ന് പോകുന്ന ചുരിദാർ ധരിച്ച രണ്ടു സ്ത്രീകളെ രണ്ട് മോപ്പഡിൽ എത്തിയവർ ആക്രമിച്ച് മാലപറിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഈ സംഭവത്തെ പറ്റി ദേശീയ മാധ്യമങ്ങൾ ചർച്ചയാക്കുകയും ചെയ്തിട്ടുണ്ട്. സ്വർണാഭരണങ്ങൾ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ദൗർബല്യമായതിനാൽ ഇത്തരം കവർച്ചകൾ അവർക്ക് തീരാ ഭീഷണിയായി മാറിയിട്ടുമുണ്ട്.

ക്രോയ്‌ഡോണിൽ നടന്ന കവർച്ചയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു രണ്ട് മോപ്പഡിലെത്തിയ നാല് കവർച്ചക്കാർ സ്ത്രീകളിൽ നിന്നും നാല് സ്വർണനെക്ക്‌ലെസുകൾ കവർന്നെടുത്തത്. കറുത്ത വസ്ത്രം ധരിച്ച് വെളുത്ത ഹെൽമെറ്റ് വച്ച ഒരാൾ മോപ്പഡിന്റെ മുമ്പിൽ നിന്നും ചാടി വീഴുകയും കത്തി കാട്ടി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതും കാണാം. മറ്റ് പേരിൽ ഒരാൾക്ക് ഏതാണ്ട് 70 വയസ് വരെ പ്രായം വരുമെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ക്രോയ്‌ഡോണിലെ തോൺടൻ ഹീത്തിൽ വച്ചാണ് ഞെട്ടിപ്പിക്കുന്ന കവർച്ച നടന്നിരിക്കുന്നത്.

45 സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ സമീപത്തെ വീട്ടിൽ നിന്നാണ് പകർത്തിയിരിക്കുന്നത്. 70കാരനെ നിലത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ കവർച്ച ഇടയ്ക്ക് നടക്കാറുണ്ടെന്നാണ് അയൽക്കാർ വെളിപ്പെടുത്തുന്നത്. അടുത്തിടെ നിരവധി കവർച്ചകൾക്ക് ഇവിടം സാക്ഷിയായിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രദേശവാസിയായ ഒരു സ്ത്രീ പറയുന്നു. മൂന്ന് വെള്ളക്കാരെയും ഒരു കറുത്ത വർഗക്കാരനെയും പൊലീസ് തേടുന്നുവെന്നും ഇവർ നാല് പേരും ആക്രമണത്തിനിടെ ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും സ്‌കോട്ട്‌ലൻഡ് യാർഡ് വക്താവ് പറയുന്നു.