രീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച വീഡിയോ കോളിങ് സംവിധാനം വാട്‌സ്ആപ്പ് എല്ലാ ഉപയോക്താക്കൾക്കും നൽകുന്നു. പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റോൾ ചെയ്താൽ എല്ലാവർക്കും വീഡിയോ കോൾ സംവിധാനം ഉപയോഗിക്കാം.

വാട്‌സ്ആപ്പിൽ ഒരു മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് വീഡിയോ കോളിങ് അവതരിപ്പിച്ചത്. എല്ലാവർക്കുമായി വീഡിയോ കോളിങ് ഉൾപ്പെടുത്തിയുള്ള അപ്‌ഡേറ്റ് എത്തിക്കഴിഞ്ഞു.

നേരത്തേ, ബീറ്റാ പതിപ്പ് പുറത്തിറക്കി പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അപ്‌ഡേറ്റ് ഗൂഗിൾ പ്ലേ സ്റ്റോറിലും വിൻഡോസ് സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും എത്തിക്കുന്നത്. ഇതോടെ, സ്‌കൈപ്പിനും ആപ്പിളിന്റെ ഫേസ് ടൈമിനും വൈബറിനും ലൈനിനും ഡുവോയ്ക്കും കടുത്ത വെല്ലുവിളി വാട്‌സ്ആപ്പ് ഉയർത്തും.

വാട്‌സ്ആപ്പിന്റെ വീഡിയോ കോളിങ് ഉപയോഗിക്കുന്നതെങ്ങനെയെന്നു വിശദമാക്കുന്ന വീഡിയോ ടെക് ക്രഞ്ച് പുറത്തിറക്കിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യണം. തുടർന്നു ഫോൺ റീ സ്റ്റാർട് ചെയ്യുക.

വാട്‌സ്ആപ്പ് തുറന്ന് ഏതെങ്കിലും ചാറ്റോ കോൺടാക്ടോ തെരഞ്ഞെടുത്തശേഷം അതിലെ കോൾ ബട്ടണിൽ അമർത്തുക. ഫോണിന്റെ റിസീവറിന്റെ ചിത്രമുള്ള ഐക്കണിൽ അമർത്തുമ്പോൾ വീഡിയോ കോളിംഗാണോ വോയ്‌സ് കോളിംഗാണോ വേണ്ടതെന്നു ചോദിക്കും. അതിൽ വീഡിയോ കോളിങ് തെരഞ്ഞെടുക്കുക. ഏതു കാമറയിലാണ് സംസാരിക്കേണ്ടതെന്നു തെരഞ്ഞെടുക്കാനും കഴിയും. അതായത് പ്രധാനകാമറയിലോ മുൻ കാമറയിലോ സംസാരിക്കാം എന്നർഥം. വീഡിയോ കോളിങ് നടത്തുമ്പോൾ നിങ്ങൾക്കു മറ്റ് ആപ്ലിക്കേഷനുകൾ തുറക്കണമെങ്കിലോ പ്രവർത്തിക്കണമെങ്കിലോ സാധിക്കുമെന്നതും നേട്ടമാണ്.

കോളിന്റെ വ്യക്തത ഏത് സർവീസ് പ്രൊവൈഡറാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. സ്പീഡുള്ള കണക്ഷനിൽ മാത്രമേ മികച്ച വീഡിയോ കോളിങ് അനുഭവം കിട്ടൂ.