കണ്ണൂർ: തന്നെ മഹത്വവൽകരിച്ച് തയ്യാറാക്കിയ സംഗീത ആൽബവുമായി ബന്ധമൊന്നുമില്ലെന്ന് പി.ജയരാജനും, ജില്ലാ സെക്രട്ടറി അറിഞ്ഞല്ല നിർമ്മാണമെന്ന് പുറച്ചേരി ഗ്രാമീണ കലാസമിതിയും വാദമുഖങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും വീഡിയോ കാണുന്നവർക്ക് അത് ജയരാജനെ വാഴ്‌ത്താൻ രചിച്ചതാണെന്ന തോന്നിയാൽ തെറ്റുപറയാനാവില്ല.

ആറ് മിനിറ്റ് ദൈർഘ്യമുള്ള ആൽബത്തിൽ ഒരു ബാലികയാണ് മുഖ്യഗായിക. ഒപ്പം കോറസുമുണ്ട്. 'കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ നാടിൻനെടുനായകനല്ലോ പി.ജയരാജൻ ധീരസഖാവ്‌ചെമ്മണ്ണിൻ മാനം കാക്കും നന്മകൾ തൻ പൂമരമല്ലോ...ചെങ്കൊടി തൻ നേരത് കാക്കും നേരുള്ളൊരു ധീരസഖാവ്' എന്നിങ്ങനെ ജയരാജനെ പ്രകീർത്തിച്ച് കൊണ്ട് മുഖ്യഗായിക ആദ്യം പാടുകയും പിന്നീട് കോറസ് അതേറ്റുപാടുകയുമാണ് ചെയ്യുന്നത്.

തിരുവോണനാളിൽ ജയരാജനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ഓർത്തുകൊണ്ടാണ്...കലിതുള്ളിയ ഭീകരവർഗം പകതീർത്തൊരു നാളുകളോർക്കെ..പൊന്നോണപ്പൂവുകൾ പോലും വിടരാൻ മടി കാട്ടുവതെന്തേ, എന്ന് ചോദിക്കുന്നത്.വീണ്ടും ജയരാജന്റെ പ്രകീർത്തനമാണ്. ചാട്ടുളികൾ പോൽ വാക്കുകൾ തീർക്കെ..വർഗീയത താണ്ഡവമാടും കോമരങ്ങൾ ഓടിയൊളിക്കുമെന്ന് പറയുന്നു.
അരിയിൽ ഷുക്കൂർ വധക്കേസിൽ ജയരാജൻ അറസ്റ്റിലായ സംഭവവും ഓർക്കുന്നു. 'കാരാഗൃഹനാളുകൾ തീർത്തൊരു അധികാരവർഗ്ഗമറിഞ്ഞോ?തടവറകൾക്കുയിര് പകർന്നൊരു കമ്യൂണിസ്റ്റെന്ന കരുത്ത്..നെറികേടിന് നെഞ്ചുകൊടുത്തൊരു ചങ്കുറപ്പുള്ളൊരു ധീരൻ..പോരാട്ടം മാത്രമല്ലോ ജയരാജന് ജീവിത ലക്ഷ്യം..'

'ജയരാജന് പിന്നിലണിയായ് നവകേരളമൊറ്റമനസ്സായ് രണഗാഥതീർത്ത കരുത്താൽ മുന്നേറ്റ ഗാഥ രചിക്കും', എന്നിങ്ങനെ ആഹ്വാനത്തോടെയാണ് വീഡിയോ സമാപിക്കുന്നത്.

'ഗ്രാമീണരായ പ്രവർത്തകരുടെ വികാരമാണ് ആൽബം നിർമ്മിക്കാൻ പ്രേരണയായത്. വർഗീയ ശക്തികളെ കരുത്തോടെ എതിരിടുകയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഐആർപിസി രൂപീകരിക്കുകയും ചെയ്തതാണ് ആൽബത്തിൽ പ്രതിപാദിച്ചത്. ഒരു കമ്യൂണിസ്റ്റിന്റെ എളിയ പ്രവർത്തനം ഒരു ഗ്രാമത്തിലെ കലാസമിതി അവതരിപ്പിച്ചതാണ്. അല്ലാതെ മഹത്വവത്കരണമല്ല.' പുറച്ചേരി കലാസമിതി ഭാരവാഹികൾ പറഞ്ഞു.

പുറച്ചേരി വായനശാല കേന്ദ്രീകരിച്ച് ആറു വർഷമായി കലാരംഗത്തു പ്രവർത്തിക്കുന്ന കൂട്ടായ്മയാണു ഗ്രാമീണ കലാസമിതി. നാടൻപാട്ട്, മുടിയേറ്റ് എന്നിവ അവതരിപ്പിക്കാറുണ്ട്. കളരി പഠിപ്പിക്കാറുണ്ട്. സി.പി.എം പ്രവർത്തകർ തന്നെയാണു നേതൃത്വം നൽകുന്നത്. ടി.വി. ധനേഷാണു പ്രോഗ്രാം കോ ഓർഡിനേറ്റർ, പി.പി. രാജേഷ് മാനേജർ. മൊകേരി സ്വദേശിയായ പ്രദീപനാണു ജയരാജനെ പറ്റിയുള്ള പാട്ടെഴുതിയത്. സംഗീതം കലാസമിതി പ്രവർത്തകരുടേതാണ്.