കീവ്: റോഡ് നെടുകേ പിളർന്നു വെള്ളം കുതിച്ചെത്തിയത്. ഏഴുനില കെട്ടിടത്തിന്റെ പൊക്കത്തിൽ വെള്ളം ഉയർന്നു പൊങ്ങി. യുക്രൈൻ തലസ്ഥാനമാ കീവിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയപ്പോൾ ഉണ്ടായ ദുരന്തമാണിത്. കാറുകളും കെട്ടിടങ്ങളും റോഡും നശിച്ചു. ആർക്കും പരിക്കില്ലാതെ പോയത് ഏറെ ആശ്വാസമായി എന്നതും മാത്രം.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണു റോഡിനടിയിലൂടെ പോകുന്ന വലിയ പൈപ്പു പൊട്ടിയത്. അപകടത്തിനു തൊട്ടുമുമ്പു റോഡിൽ പ്രകമ്പനമുണ്ടായി. അരികിലുള്ള വാഹനങ്ങളും കെട്ടിടങ്ങളും ചെറുതായി ഇളകി. പക്ഷേ വൻഅപകടത്തിന്റെ മുന്നറിയിപ്പാണെന്ന് ആർക്കും മനസിലായില്ല. നിമിഷങ്ങൾക്കകം റോഡും പരിസരവും ചെളിക്കളമായി.

സിസിടിവി കാമറകളിലാണ് പൈപ്പുപൊട്ടലിന്റെ ഭീകരത വെളിപ്പെട്ടത്. ഒന്നിലധികം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ റോഡരുകിലൂടെ പോകുമ്പോഴാണ് സംഭവം. എന്നാൽ വെള്ളവും ചെളിയും വീണു കാമറ മൂടിയതിനാൽ അവർക്കെന്തുപറ്റിയെന്നു ദൃശ്യങ്ങളിൽ വ്യക്തമല്ല.

നിറുത്തിയിട്ടിരുന്ന കാറുകളെ വകഞ്ഞുമാറ്റി വെള്ളം മുകളിലേക്കു കുതിക്കുന്നതു വിഡിയോയിൽ തെളിഞ്ഞുകാണാം. സമീപത്തെ കെട്ടിടത്തിനും കേടുപാടുണ്ടായി. ചെളിയുംകല്ലും വീണു കാറുകളുടെ ചില്ലുകൾ പൊട്ടിതകർന്നു. വീടുകളുടെയും കടകളുടെയും വാതിലുകളും ജനലുകളും മുമ്പിലെ വഴികളും നശിച്ചു. പ്രളയമുണ്ടാതു പോലെയാണ് കീവ് ഇപ്പോഴെന്നു പ്രാദേശിക മാധ്യമപ്രവർത്തകൻ വിശദീകരിച്ചു.