അബുദാബി: വലിയ പ്രതീകഷകളുമായി ഗൾഫിലേക്ക് വിമാനം കയറിയ ശേഷം ആട് ജീവിതം നയിക്കേണ്ടിവരുന്നവരുടെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ആലപ്പുഴ സ്വദേശി യു.എ.ഇയിൽ എത്തി പത്ത് മാസം പൊരിവെയിലത്ത് ശമ്പളമോ താമസ സ്ഥലമോ നൽകാതെ ഉടമ പീഡിപ്പിക്കുന്നുവെന്ന് വിശദീകരിച്ചുള്ള മലയാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഭക്ഷണം പോലുമില്ലാതെയാണ് തങ്ങൾ ഇപ്പോൾ കഴിയുന്നതെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ആലപ്പുഴ സ്വദേശി മിഥുൻ മാത്യുവാണ് ദുരിത കഥ വിവരിച്ച് തന്റെ ഫേസ്‌ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ ആലപ്പുഴ സ്വദേശികൾ തന്നെയായ മനു മണിയൻ, രഞ്ജു, അനീഷ് എന്നിവരും ഇതേ ദുരിതത്തിൽ തന്നെയാണ്.

ഒന്നര രക്ഷം രൂപ വീതം നൽകി കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇവർ നാല് പേരും യുഎ.ഇയിൽ എത്തിയത്. നാട്ടിൽ ഡ്രൈവർമാരായിരുന്ന ഇവർക്ക് അതേ ജോലി തന്നെ നൽകുമെന്ന് വാഗ്ദ്ധാനം നൽകിയാണ് ഇവിടേക്ക് എത്തിച്ചത്. എന്നാൽ തൊഴിലാളികളെ മറ്റു കമ്പനികളിലേയ്ക്ക് ജോലിക്കായി നൽകുന്ന ലേബർ സപ്ലൈ കമ്പനിയിലായിരുന്നു നാലുപേരും എത്തപ്പെട്ടത്. ഇവിടെ നിന്ന് പൊരിവെയിലത്ത് റോഡ് നിർമ്മാണത്തിലും കെട്ടിട നിർമ്മാണത്തിലേക്കും പറഞ്ഞയച്ചു.

ഏറെ കഷ്ടപ്പാട് അനുഭവിച്ച് പൊരിവെയിലത്ത് ജോലി ചെയ്‌തെങ്കിലും ശമ്പളം നൽകാൻ ഉടമ തയ്യാറായില്ല. രണ്ടു മാസം മുൻപ് ജോലിയിൽ നിന്നു പറഞ്ഞുവിട്ടതോടെ മിഥുനും മനുവും ഷാർജ വ്യവസായ മേഖലയിലെ തമിഴ്‌നാട് സ്വദേശികളുടെ മുറിയിൽ കഴിഞ്ഞുകൂടുകയാണ്. അവർ കഴിച്ച് ബാക്കിയായ ഭക്ഷണമാണു കഴിക്കുന്നത്. രഞ്ജുവും അനീഷും അബുദാബിയിൽ ഇതേ ദുരവസ്ഥയിൽ കഴിയുകയാണ്. അതിനിടെ ജീവിതം അവസാനിപ്പിക്കാൻ മനു വിഷം കഴിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. തങ്ങളെ രക്ഷിക്കാൻ മനസിൽ നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവർത്തകരെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ