കറാച്ചി: പാക്കിസ്ഥാനിലെ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറൽ പർവേസ് മുഷാറഫ് നൈറ്റ് ക്ലബിൽ യുവതിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. 73 വയസുള്ള ജനറൽ മഞ്ഞ വസ്ത്രം ധരിച്ച സുന്ദരിക്കൊപ്പം താളം പിടിച്ച് ചുവടുകൾ വയ്ക്കുന്ന വീഡിയോയാണ് പ്രചരിപ്പിക്കുന്നത്.

2013 ൽ ദീപിക പദുക്കോണും രൺബീർ കപൂറും നായികാ നായകന്മാരായി പുറത്തിറങ്ങിയ യേ ജവാനി ഹേ ദീവാനി എന്ന ചിത്രത്തിലെ ഡൽഹി വാലി ഗേൾഫ്രണ്ട് എന്ന ഗാനത്തിനൊപ്പമാണ് മുൻ പാക് പ്രസിഡന്റ് നൃത്തം വച്ചത്. എപ്പോൾ എവിടെവച്ചാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നു വ്യക്തമല്ല.

മുതിർന്ന പാക് മാദ്ധ്യമപ്രവർത്തകൻ ഹമീദ് മിർ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്ത വീഡിയോ മറ്റുള്ളവർ റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകകയും ചെയ്തതോടെ ഒറ്റ ദിസവം കൊണ്ട് കാട്ടുതീ പോലെ പടരുകയായിരുന്നു.

ഈ വീഡിയോയിൽ ഡാൻസ് ചെയ്യുന്നത് ആരാണെന്ന് അറിയാമോയെന്നു ചോദിച്ചുകൊണ്ടാണ് ഹമീദ് മിർ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രതിഷേധവും തമാശയും കലർന്ന പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിച്ചത്. മുൻ പട്ടാള മേധാവി ഇത്തരത്തിലുള്ള കൂത്തുകൾക്കു തയാറാകുന്നത് നാണക്കേടാണെന്നായിരുന്നു ചിലരുടെ പ്രതികരണം. അതേസമയം ഇത് നല്ലൊരു വ്യായമാണെന്നും ചിലർ പരിഹാസത്തോടെ പ്രതികരിച്ചു.