സിഡ്‌നി: ഫിലിപ്പ് ഹ്യൂസിന്റെ നിര്യാണമുണ്ടാക്കിയ വേദന ഇതുവരെയും ക്രിക്കറ്റ് ലോകത്തു നിന്നു മാഞ്ഞുപോയിട്ടില്ല. ബൗൺസറിൽ പരിക്കേറ്റു ജീവൻ തന്നെ ഉപേക്ഷിക്കേണ്ടി വന്ന ഹ്യൂസിന്റെ കഥ ഏവരുടെയും കണ്ണുനനച്ചതാണ്.

എന്നാലിതാ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും ഈ ലോകത്തുണ്ടെന്നു തെളിയിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. ഹ്യൂസിനോടുള്ള ആദരസൂചകമായി സ്ഥാപിച്ച ബാറ്റ് അജ്ഞാതനായ ഒരാൾ കവർന്നുകൊണ്ടുപോകുന്ന കാഴ്ചയാണ് പുറത്തുവന്നത്.

സിഡ്‌നിയിലെ ഒരു സ്മാരകത്തിനുമുന്നിലാണ് സംഭവം. ഹ്യൂസിനോടുള്ള ആദരസൂചകമായി സിഡ്‌നിയിലെ സ്മാരകത്തിന് പുറത്ത് വച്ചിരുന്ന ബാറ്റാണ് കള്ളൻ മോഷ്ടിച്ചുകൊണ്ടു പോയത്. കഴിഞ്ഞ ദിവസം ക്യാമറയിൽ കുടുങ്ങിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ക്രിക്കറ്റ് മൈതാനങ്ങളുടെ പുറത്തും മറ്റിടങ്ങളിലും ഹ്യൂസിനോടുള്ള ആദരസൂചകമായി ബാറ്റ് ചാരിവയ്ക്കുന്ന അനുസ്മരണ രീതി കായിക ലോകം ഏറ്റെടുത്തിരുന്നു. സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെയുള്ളവരും വ്യത്യസ്തമായ അനുസ്മരണ രീതിയിൽ പങ്കു ചേർന്നു. ലോകമെങ്ങുമുള്ള കായികപ്രേമികൾ ഹ്യൂസിന്റെ വിയോഗത്തിലുള്ള വേദനയിൽ കഴിയുമ്പോഴാണ് ഹ്യൂസിന്റെ സ്മരണാർഥം സ്ഥാപിച്ചിരുന്ന ബാറ്റുമായി കള്ളൻ മുങ്ങിയത്.