കൊച്ചി: സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ വധിക്കാൻ ഒരുസംഘം വൈദികർ ഗൂഢാലോചന നടത്തിയതായി ആരോപണം.പിതാവിനെ നേരിൽ കണ്ട് ഒരുസംഘം ഭീഷണി മുഴക്കുന്ന വീഡിയോയും പുറത്തുവന്നു.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ.മെൽബിൻ മാത്യു കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ പരാതി നൽകി.

മാർ ആലഞ്ചേരി പിതാവിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി 2017 ഡിസംബറിൽ ആറ് ഗൂണ്ടകളെ റിന്യൂവൽ സെന്ററിലും ബിഷപ്പ് ഹൗസിലുമായി താമസിപ്പിച്ചു. എന്നാൽ, ഈ ഗൂഢപദ്ധതി പരാജയപ്പെട്ടു. ഇതുകൂടാതെ ഡിസംബർ 23 ന് അന്ന ഷിബി എന്ന സ്ത്രീയൂടെ നേതൃത്വത്തിൽ പത്തോളം ഗൂണ്ടകൾ ആലഞ്ചേരി പിതാവിനെ തടസ്സപ്പെടുത്തി ക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി.

കർദ്ദിനാളിനെ അന്ന ഷിബിയും സംഘവും ചോദ്യംചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയിൽ പറയുന്നത്:

എറണാകുളം-അങ്കമാലി രൂപതകളിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് വാർത്തകൾ വന്നു. അന്വേഷിച്ചപ്പോൾ സത്യമാണെന്ന് അറിയുകയും ചെയ്തു. അതിൽ പിതാവിന്റ ഭാഗത്തുനിന്ന് മറുപടി ഞങ്ങൾക്ക് വേണം എന്ന് പറഞ്ഞുകൊണ്ട് അന്ന ഷിബിയുടെ നേതൃത്വത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയിൽ നിന്ന് ഒരു സംഘം വിശദീകരണം തേടുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അഡ്വ. മെൽബിൻ മാത്യു കൊച്ചി സിറ്റി അസി. പൊലീസ് കമ്മിഷണർക്ക് കർദ്ദിനാളിന്റെ ജീവൻ അപകടത്തിലാണെന്ന് വ്യക്തമാക്കി പരാതി നൽകിയിട്ടുള്ളത്.>

ഞങ്ങൾ പിതാവിന്റെ കയ്യിൽ മുത്താറില്ലേ.. അതുകൊണ്ട് ഞങ്ങൾക്ക് ഇക്കാര്യത്തിൽ മറുപടി വേണം എന്ന് പറഞ്ഞുകൊണ്ടാണ് പിതാവിനോട് ചോദ്യങ്ങൾ അന്ന ഷിബി ചോദിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടായത്? എങ്ങനെയാണ് ആർക്കും ന്യായീകരിക്കാൻ പറ്റാത്ത ഒരു ക്രയവിക്രയം നടന്നത്? ഇതിൽ അങ്ങേക്കുള്ള പങ്കെന്താണ്? ഇത്തരം ചോദ്യങ്ങളാണ് ഉന്നയിച്ചത്.

ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ മറുപടി പറയാനാകൂ എന്നും മാർ ആലഞ്ചേരി ഇതിന് മറുപടി നൽകുന്നു. അതിനുശേഷം ഇതിൽ ആക്ഷൻ ഉണ്ടാവുമെന്നും കർദിനാൾ വിശദീകരിക്കുന്നുണ്ട്.

ആക്ഷൻ എടുക്കുന്നതിനെ കുറിച്ചല്ല താൻ ചോദിച്ചതെന്ന് അന്ന പറയുന്നു. ഇങ്ങനെ ഒരു ആരോപണത്തിൽ അന്വേഷണം നടത്തുകയും അതിൽ പറഞ്ഞകാര്യങ്ങൾ സത്യസന്ധമാണെന്ന് വ്യക്തമാകുകയും ചെയ്തതിന് തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് അന്ന വ്യക്തമാക്കുന്നു.

അതെങ്ങനെയെന്ന് പിതാവ് ചോദിക്കുമ്പോൾ അത് ഞങ്ങളുടെ കയ്യിലുണ്ടെന്ന് പറഞ്ഞുകൊണ്ട് ഈ അഴിമതിക്ക് പിതാവ് എന്തു മറുപടി പറയുമെന്ന് അന്ന ചോദ്യംചെയ്യുന്നു. അറുപതു കോടി രൂപയുടെ കടബാധ്യത തീർക്കാൻ വേണ്ടി ഭൂമിവിറ്റതിൽ എന്തു മറുപടിയുണ്ടെന്നാണ് ചോദ്യംചെയ്യൽ.

ഇതോടെ ഇരുവരും ശബ്ദമുയർത്തി സംസാരം തുടരുകയും വാക്കേറ്റത്തിലേക്ക് നീങ്ങുകയുമാണ്. ഇതിൽ മധ്യസ്ഥനുമല്ല.. നിങ്ങൾക്ക് മറുപടിയും പറയുന്നില്ല എന്ന് പറയുകയാണ് കർദ്ദിനാൾ.

എന്നാൽ പിതാവ് മധ്യസ്ഥനാണ് എന്ന നിലയിൽ ഉത്തരം പറയേണ്ടിവരും. അങ്ങയുടെ കൈവെള്ളയിൽ മുത്തുന്നതുകൊണ്ടുതന്നെ ഇത് അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. എന്ന് പറഞ്ഞതോടെ എന്നാൽ നിങ്ങൾ കോടതിയിൽ ചോദ്യം ചെയ്തോ എന്നാണ് പിതാവ് പറയുന്നത്.

ഞങ്ങൾക്ക് കോടതിയിൽ ചോദ്യം ചെയ്യേണ്ടെന്നും ഞങ്ങൾ കൈമുത്താൻ വരുന്നത് കോടതിയിൽ അല്ലെന്നും അന്ന പറയുന്നു. നിങ്ങൾ എന്റെ കയ്യിൽ മുത്തണമെന്നൊന്നും എനിക്ക് നിർബന്ധമില്ലെന്ന് പറഞ്ഞുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ആലഞ്ചേരി പിതാവ്. ഈ വിഷയത്തിൽ ഞാൻ വച്ചിരിക്കുന്ന കമ്മിഷന്റെ ഫൈനൽ റിപ്പോർട്ട് ഇതുവരെ തന്നിട്ടില്ല. അതു തന്നിട്ടേ ഇതിൽകൂടുതൽ ഞാൻ പറയത്തുള്ളൂ. ഇനി നിങ്ങളെന്നെ ചോദ്യം ചെയ്യണ്ട. - അദ്ദേഹം പറയുന്നു.

ഇതോടെ ഞങ്ങളുന്നയിച്ച ആരോപണങ്ങൾക്ക് എന്താണ് മറുപടിയെന്നായി അന്നയുടെ ചോദ്യം. ഇല്ല. അതൊക്കെയിവിടെ ചോദ്യം ചെയ്യുന്നതെന്തിന്? ഇതെന്താ കോടതിയാണോ എന്ന് ആലഞ്ചേരി ചോദിക്കുന്നു. ഞങ്ങൾ അൽമായരുടെ വേദനയാണ് ഇത് എന്ന് അന്ന പറയുന്നു. അൽമായരുടെ പ്രതിനിധികളോട് ഞാൻ പറഞ്ഞിരുന്നു ഇതേ നിലപാടെന്ന് പിതാവ് മറുപടി നൽകുന്നു.

പിതാവേ ഞാനിപ്പോഴും ചോദിക്കുന്ന കാര്യം നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നും എന്തുകൊണ്ട് ഈ ഭൂമി ഇടപാടുകളെ കുറിച്ച് മൂന്നുമാസമായിട്ടും അന്വേഷിക്കുന്നില്ല എന്നും അന്ന ചോദിക്കുന്നു. ഞങ്ങളുടെ നേർച്ചപ്പണവും ഞങ്ങളുടെ വിയർപ്പുമാണ് ഇവിടെ എത്തിയിട്ടുള്ളത്. - അവർ പറയുന്നു. നിങ്ങൾ ചോദിച്ചതിനേക്കാളും ശക്തമായി ഇവിടെ അൽമായർ ചോദിച്ചിട്ടുണ്ട്. അതിന്റെ പേരിലാണ് അന്വേഷണ കമ്മിഷനെ വച്ചിട്ടുണ്ട്. അതിന്റെ ഫൈനൽ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടികളെടുക്കും. അതാണ് സഭയുടെ രീതി. ഇതിൽ കൂടുതലൊന്നും പറയാനില്ല - ഇത്രയും മറുപടി നൽകി പിതാവ് എഴുന്നേൽക്കുന്നു. പിന്നെയും ചോദ്യം ഉയരുന്നെങ്കിലും കൂടുതലൊന്നും പറയാതെ കർദ്ദിനാൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ് ദൃശ്യത്തിൽ.

ഇത് കോടതിയിൽ ചോദ്യംചെയ്യേണ്ടെ എന്ന് ചോദിക്കുമ്പോൾ ചോദ്യം ചെയ്തോ എന്നായിരുന്നു പിതാവിന്റെ മറുപടി.

ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.പോൾ കരേടൻ, ഫാ.ജോസഫ് പാറേക്കാട്ടിൽ,ഫാ.ജോയ്‌സ് കൈതക്കാട്ടിൽ, ഫാ.ബെന്നി മാരാംപരമ്പിൽ എന്നിവർക്കെതിരെയാണ് ഗൂഢാലോചന ആരോപിക്കുന്നത്.എറണാകുളം-അഹ്കമാസി അതിരൂപതാ സഹായ മെത്രാന്മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന സേവ് എ ഫാമിലി എന്ന സംഘടനയുടെ മറവിൽ പാവങ്ങളെ സഹായിക്കാൻ എന്ന പേരിൽ, ഫാ.അഗസ്റ്റിൻ വട്ടോളിയുടെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾക്കും മറ്റു തീവ്രവാദ സംഘടനകൾക്കും സഹായം ചെയ്യുന്നതായ വിവരം കിട്ടിയപ്പോൾ മാർ ആലഞ്ചേരി താക്കീത് ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിനാണ് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.

ഈ മാസം മൂന്നിന് എറണാകുളം ബസലിക്ക പള്ളിയിൽ ഫാ.കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിൽ അറുപതിലേറെ വൈദികർ സംഘം ചെർന്ന് അനുമതിയില്ലാതെ പരസ്യമായി ബസലിക്കയിൽ നിന്ന് ബിഷപ്പ് ഹൗസിലേക്ക് മാർച്ച നടത്തിയിരുന്നു. പിന്നീട് ബിഷപ്പ് ഹൗസിന്റെ മുമ്പിൽ വച്ച് വാർത്താസമ്മേളനം നടത്തി വെല്ലുവിളി മുഴക്കി.ഇതിനിടെയിലാണ് സഹായ മെത്രാനായ മാർ എടയന്ത്രത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഇതിൽ, ആലഞ്ചേരി പിതാവിനെതിരെയും പ്രൊക്യുറേറ്റർക്കെതിരെയും പകയോടെ സംസാരിക്കുന്നത് കേൾക്കാം.

ഫാ.അഗസ്റ്റിൻ വട്ടോളി കുർബാന ചൊല്ലാതെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവരുന്നയാളാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ഒത്താശ നൽകുന്നത് മാർ എടയന്ത്രത്ത് പിതാവ് ആണ്. ഫാ.കുര്യാക്കോസ് മുണ്ടാടനെയും, ഫാ.പോൾ കരേടനെയും മെത്രാന്മാരായി വാഴിക്കാത്തതിൽ അവർക്ക് കടുത്ത വിരോധം ആലഞ്ചേരി പിതാവിനോടുണ്ട്. ധ്യാനത്തിന്റെ മറവിൽ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുള്ള പാറേക്കാട്ടിലച്ചനും തന്നെ ആലഞ്ചേരി പിതാവ് താക്കീത് ചെയ്തതിലുള്ള വിരോധമാണ്. ഇതോടെയാണ് ഏതുവിധത്തിലും ആലഞ്ചേരി പിതാവിനെ ഇല്ലായ്മ ചെയ്ത് രൂപതയിലെ അധികാരം പിടിച്ചടക്കാനാണ് ശ്രമം. ഇതോടെ കാനഡയിൽ നിന് ് സേവ് എ ഫാമിലിയുടെ പേരിൽ വരുന്ന പണം ഉപയോഗിച്ച് വിധ്വംസ്‌ക പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.

വിശ്വാസം സംരക്ഷിക്കേണ്ട വൈദികർ തെരുവിലിറങ്ങി പരസ്യമായി നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചതിന്റെ പിന്നിൽ ബ്ലാക്ക് മാസ് നടത്തുന്ന ആളുകളുടെയും മയക്ക് മരുന്ന വിൽപ്പനക്കാരുടെയും സഹായത്തോടെയാണെന്ന് സംശയിക്കുന്നു.ഇവരുടെ ഫോൺകോളുകൾ പരിശോധിച്ചാൽ ഇതിന്റെ തെളിവുകൾ കിട്ടുമെന്നും പരാതിയിൽ പറയുന്നു.ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മഹറോൺ നിയമപ്രകാരവും കേസെടുക്കേണ്ടതാണെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.വധഭീഷണി, ഗൂഢാലോചന എന്നിവയെ കുറിച്ച് പ്ര്‌ത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും കൊച്ി സിറ്റി അസിസ്റ്റന്റ് കമ്മീഷണർക്ക് അയച്ച പരാതിയിൽ പറയുന്നു.

സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.അഗസ്റ്റിൻ വട്ടോളി, ഫാ.പോൾ തേലക്കാടൻ, ഫാ.ജോസ് പാറേക്കാട്ടിൽ, ഫാ.പോൾ കരേടൻ, ഫാ.ബെന്നി മാരാംപറമ്പിൽ,ഫാ.ജോയസ് കൈതേക്കാട്ടിൽ,അന്ന ഷിബ്ി എന്നിവർക്കെതിരെ കേസെടുത്ത് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.