മുംബൈ: പെൺകുട്ടികൾ വീടിന്റെ അകത്തളത്തിന് പുറത്തെ ലോകത്തെക്കുറിച്ച് സ്വപ്നം കാണാൻ അർഹതയില്ലാത്തരാണെന്ന സാമുഹ്യബോധത്തെ മലർത്തിയടിച്ച് ആമിർ ഖാൻ ചിത്രം ദംഗലിലെ പുതിയ ഗാനം. ഇന്ത്യൻ ഗുസ്തിതാരങ്ങളായ ഗീത ഫോഘട്ടിന്റേയും ബബിത ഫോഘട്ടിന്റേയും പിതാവിന്റെ ജീവിതം പറയുന്ന ചിത്രത്തിലെ ഗീതയുടെയും ബബിതയുടെയും കുട്ടിക്കാലം കാണിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ദാക്കഡ് എന്ന ഗാനത്തിൽ ഗോദയിൽ തങ്ങളേക്കാൾ മുതിർന്ന പുരുഷന്മാരെപ്പോലും മലർത്തിയടിക്കുന്ന കൊച്ചു ഗീതയെ കാണാം. പെൺകുട്ടിയാണെന്ന് കരുതി മത്സരിക്കാൻ വരരുതെന്ന് തന്റെ എതിരാളിയോട് പറയുന്ന ഗീതയാണ് പാട്ടിലെ മുഖ്യാകർഷണം. മകൾക്കൊപ്പം ഗുരുവും പിതാവുമെല്ലാമായി നിൽക്കുന്ന ആമിർഖാന്റെ കഥാപാത്രം താരത്തിന്റെ വേറിട്ട മുഖം കാണിച്ച് തരുന്നു. ഗുസ്തിരംഗങ്ങളാണ് ഗാനത്തിന്റെ മുഖ്യാകർഷണം.

ചിത്രത്തിലെ ആദ്യഗാനമായ ഹാനികാരഗ് ബാപ്പുവിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എതിരാളികളെ മലർത്തിയടിച്ച് മുന്നേറുന്ന ഗീത ദൃശ്യങ്ങൾ പെൺകരുത്തിന്റെ പ്രതീകമാവുന്നു. പ്രീതം ഈണം പകർന്ന ദാക്കഡ് ഗാനം ആലപിച്ചിരിക്കുന്നത് റഫ്താറാണ്.