തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് മർദ്ദനമേറ്റ സ്‌കൂൾ വിദ്യാർത്ഥി അവശ നിലയിൽ എന്ന് വ്യക്തമാക്കി വാട്‌സ് ആപ്പിൽ വീഡിയോ ദൃശ്യങ്ങൾ. സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും ആരുമറിഞ്ഞില്ലെന്നും എസ്‌ഐയെ സ്ഥലംമാറ്റിയെന്നും വ്യക്തമാക്കിയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ ഡിപ്പാർട്ടുമെന്റ് തല അന്വേഷണം നടക്കുന്നതായും ഇതോടൊപ്പം സന്ദേശമായി ചേർത്തിട്ടുണ്ട്.

റോഡരികിൽ അവശ നിലയിൽ ഒരു യുവാവ് കിടക്കുന്നതും സമീപത്ത് എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘവും അവരെ ചോദ്യംചെയ്ത് നാട്ടുകാരും നിൽക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താനും മക്കളുള്ളവനല്ലേ.. ഒരു പയ്യനെ അടിച്ച് ഈ അവസ്ഥയിലാക്കിയില്ലേയെന്നും മറ്റും സ്ത്രീകളുൾപ്പെടെയുള്ളവർ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളുടെ ചോദ്യംചെയ്യലിൽ വിഷണ്ണരായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്നലെ എട്ടുമണിക്ക് തുടങ്ങിയതാണ് ഇടിയെന്നും പയ്യൻ അവശനായെന്നും നാട്ടുകാർ പറയുന്നുണ്ട്. ചാനലുകളിൽ വിളിക്കാനും പ്രസ്‌കഌബ്ബിൽ അറിയിക്കാനുമാണ് ചിലർ പറയുന്നത്. ഈ സമയമത്രയും റോഡരികിൽ അവശനിലയിൽ കിടക്കുകയാണ് യുവാവ്. പതിനെട്ടുവയസ്സായെ ചെറുക്കനെ ഇങ്ങനെ മർദ്ദിക്കേണ്ട കാര്യമില്ല. അവൻ അതിന് വേണ്ടി എന്തു തെറ്റുചെയ്തുവെന്ന് രോഷാകുലയായി ഒരു സ്ത്രീ ചോദിക്കുമ്പോഴും മറുപടി പറയാനാവാതെ നിൽക്കുകയാണ് പൊലീസ്.

ചാവുന്നതുവരെ പയ്യനെ ഇവിടെ കിടത്താനാണോ ഭാവമെന്ന് ചോദിച്ചാണ് ചിലർ കയർക്കുന്നത്. പയ്യനെ ആശുപത്രിയിലാക്കാൻ സമ്മതിക്കുന്നില്ലെന്ന വാദവും ജനം ഉയർത്തുന്നു. എന്നാൽ നടപടിയെടുക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നുമുണ്ട്. പൊലീസ് ജീപ്പിൽ തന്നെ പയ്യനെ ആശുപത്രിയിൽ എത്തിക്കാനാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനിടെ കയർത്തു സംസാരിക്കുന്നവരെ പൊലീസ് വിലക്കുമ്പോൾ ചെറിയ പയ്യന്മാരെ പെറ്റിയടിച്ച് അകത്തിടുന്നതുപോലെയല്ലെന്നും ഞങ്ങളെ വിരട്ടാൻ നോക്കിയാൽ വിവരമറിയുമെന്നുമുള്ള മട്ടിലും ചിലർ പ്രതികരിക്കുന്നുണ്ട്.

തുടർന്ന് പയ്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുമായി നാട്ടുകാരും പൊലീസും തമ്മിൽ തർക്കം രൂക്ഷമാകുന്നു. നാട്ടുകാർ രോഷാകുലരായി മാറുന്ന സാഹചര്യമുണ്ടായതോടെ പൊലീസ് തന്നെ പയ്യനെ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റോഡരികിൽ ഈ സമയം കൊണ്ട് ജനം തടിച്ചുകൂടുകയും ചെയ്തു. വാഹനങ്ങളിൽ പോകുന്നവരെല്ലാം വണ്ടി നിർത്തി ബഹളമെന്തെന്ന് അന്വേഷിക്കുന്നതും കാണാം.

അതേസമയം സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് മാസങ്ങൾക്ക് മുമ്പുണ്ടായ സംഭവമാണെന്നും ഒരു പ്രതിയെ അറസ്റ്റുചെയ്യാനായി പോയപ്പോഴാണ് സംഭവമെന്നും മർദ്ദനമൊന്നും നടന്നില്ലെന്നുമാണ് നെയ്യാറ്റിൻകര പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

സംഭവത്തിൽ രാഷ്ട്രീയക്കാർ ഇടപെട്ടതോടെയാണ് പ്രശ്‌നം പറഞ്ഞുതീർത്തയാണ് പൊലീസ് പറയുന്നത്. നേരത്തെ ഷിജി എന്ന എസ്‌ഐ ഉണ്ടായിരുന്നപ്പോഴാണ് സംഭവമെന്നും ഇദ്ദേഹം മാറി പകരം വന്ന എസ്‌ഐ സുജിത് ഒരു മാസം മുമ്പാണ് സ്റ്റേഷനിൽ ചാർജെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ ഈ ദൃശ്യങ്ങൾ.