കോട്ടയം: സംഗീതജ്ഞൻ ബാലഭാസ്‌ക്കറിനും കുടുംബത്തിനുമുണ്ടായ അപകടത്തിൽ കേരളം ദുഃഖത്തിലാണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യം തിരികെ കിട്ടണമേ എന്ന പ്രാർത്ഥനയാണ് ഇപ്പോൾ ഉയരുന്നത്. ഇതിനിടയിലാണ് ബാലഭാസ്‌ക്കറിന്റെ അവസ്ഥയെക്കുറിച്ച് ഗായകൻ വിധു പ്രതാപ് പറയുന്ന വോയിസ് ക്ലിപ്പ് വാട്‌സാപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. എന്നാൽ അത് അപകടം സംഭവിച്ച് കുറച്ച് സമയത്തിനകം എടുത്തതാണെന്നും അതിനിപ്പോൾ പ്രസക്തിയില്ലെന്നും വിധു പ്രതാപ് വ്യക്തമാക്കി.

ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വോയിസ് ക്ലിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന സർജറി കഴിഞ്ഞു. ബാലാഭാസ്‌കർ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ഫേയ്സ്ബുക്ക് ലൈവിൽ വന്ന വിധു പ്രതാപ് വ്യക്തമാക്കി. ബാലഭാസ്‌കറിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും ഗായകൻ വിധു പ്രതാപ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ തൃശ്ശൂരിൽ നിന്നും തിരികെ വരുന്നതിനിടെ പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇതിൽ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാല മരിക്കുകയും ചെയ്തു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫേ്സ്ബുക്ക് ലൈവിൽ വിധുവിന്റെ വാക്കുകൾ

അപകടം നടന്നയന്ന് രാവിലെ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേക്ക് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. ഏഴ് മണിക്ക് ആശുപത്രിയിലെത്തിയതിന് ശേഷമാണ് ആ മെസേജ് അയച്ചത്. അതിപ്പോഴും പ്രചരിക്കപ്പെടുകയാണ്.

നിരവധി ഗ്രൂപ്പുകളിൽ നിന്ന് ഇപ്പോഴും എനിക്കത് ലഭിക്കുന്നുണ്ട്. സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേർ ചോദിക്കുന്നു.

ആ വോയ്സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതിൽ പറഞ്ഞ സർജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ്.

നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാൻ ബാലു വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ പ്രാർത്ഥനയാണ് വേണ്ടത്.