- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യയെ ഭർത്താവിന്റെ വീട്ടുകാർ കൊലപ്പെടുത്തിയത്; ഫോൺ വിളിയിൽ നിലവിളി കേട്ടെന്നും സഹോദരി ദിവ്യ; സ്വന്തം വീട്ടിലേക്ക് പോകുന്നതിൽ നിന്നും വിദ്യയെ ഭർത്താവ് വിലക്കി, നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കുടുംബം
കണ്ണൂർ: പുതിയതെരു പനങ്കാവിലെ ഭർതൃമതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. പനങ്കാവ് സ്വദേശി വിദ്യയെ ഭർത്താവിന്റെ വീട്ടുകാർ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സഹോദരി ദിവ്യയാണ് രംഗത്ത് വന്നിരിക്കുന്നത്. പട്ടേൽ റോഡിലെ മനോജിന്റെ ഭാര്യയായ വിദ്യ നവംബർ 27 വെള്ളിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് മരണപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം.
തുടർന്ന് കോവിഡ് പരിശോധനകൾ പൂർത്തിയാക്കി ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ഭർതൃ വീട്ടുകാർക്ക് വിട്ടുകൊടുത്തു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യയുടെ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരി ദിവ്യ രംഗത്തെത്തിയത്.വിദ്യയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഭർത്താവ് വന്ന് വഴക്കുപറയുന്നതും, മർദ്ദിക്കുന്നതിന്റെ ശബ്ദവും നിലവിളിയും കേട്ടുവെന്നുമാണ് സഹോദരി ദിവ്യ പറയുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ദിവ്യ സാക്ഷ്യപ്പെടുത്തുന്നു.ഒന്നരവർഷം മുമ്പായിരുന്നു മനോജിന്റെയും വിദ്യയുടെയും വിവാഹം.
വിദ്യയുടെ വീട്ടിലേക്ക് പോകുന്നത് ഭർതൃവീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നുവെന്നും സഹോദരി പറയുന്നു. ഭർതൃവീട്ടിലെ പ്രശ്നങ്ങളും പീഡനങ്ങളും വിദ്യ അറിയിച്ചിരുന്നെന്ന് ദിവ്യ പൊലീസിനോട് വ്യക്തമാക്കി. വിവാഹിതയായ സ്ത്രീകൾ ഏഴു വർഷത്തിന് മുമ്പ് മരണപ്പെട്ടാൽ ഭർത്താവിനെതിരെ കേസെടുക്കണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കാനോ എക്സിക്യുട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താനോ വളപട്ടണം പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വിദ്യയുടെ മരണം കൊലപാതകമാണെന്നും ഭർത്താവിനേയും ബന്ധുക്കളേയും പ്രതിചേർത്ത് കേസെടുക്കണമെന്നുമാണ് സഹോദരിയും മറ്റ് ബന്ധുക്കളും ആവശ്യപ്പെടുന്നത്.നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അതുകൊണ്ട് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും കുടുംബം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ