മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകേണ്ടിയിരുന്നത് ബോളിവുഡ് സൂപ്പർ താരം വിദ്യാ ബാലൻ. സിനിമയുടെ നിർമ്മാതാവ് സോഫിയ പോളാണ് ഇക്കാര്യം അറിയിച്ചത്.

ആനിയമ്മയായി മീനയ്ക്ക് പകരം വിദ്യാ ബാലനെയാണ് തീരുമാനിച്ചിരുന്നത്. വിദ്യ കഥ കേട്ട് ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഡേറ്റിന്റെ പ്രശ്നങ്ങളെ തുടർന്ന് വിദ്യ പിന്മാറുകയായിരുന്നു. വിദ്യാ ബാലന്റെ പിന്മാറ്റത്തോടെയാണ് മീന ചിത്രത്തിലേക്ക് വരുന്നത്.

സിന്ധുരാജ് കഥ പറഞ്ഞത് മുതൽ ഉലഹന്നാനായി മനസ്സിലുണ്ടായിരുന്നത് മോഹൻലാലാണ്. മറ്റൊരാൾക്കും ഉലഹന്നാനെ ഭംഗിയാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മോഹൻലാലിന്റെ കഥാപാത്രത്തിനും അപ്പിയറൻസിനും പറ്റിയ നായിക വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷെ, അത് മലയാളികൾക്ക് സുപരിചിതമായ മുഖവുമായിരിക്കണം. മീന ആദ്യം മുതലേ ഞങ്ങളുടെ പരിഗണനയിലുണ്ടായിരുന്നു.

പക്ഷെ, ആ റോളിലേക്ക് വിദ്യാ ബാലനെ കാസ്റ്റ് ചെയ്യാനായി ഞങ്ങൾ ചെറിയൊരു ശ്രമം നടത്തിയിരുന്നു. അവരുടെ ഡേറ്റ് പ്രശ്നം കൊണ്ട് അത് നടന്നില്ല. വിദ്യാ ബാലൻ നടക്കാതെ വന്നപ്പോൾ പിന്നെ മറ്റാരെയും അന്വേഷിച്ച് ഞങ്ങൾ പോയില്ല. മീന തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഭയങ്കര സുന്ദരിയായ, റൊമാന്റിക്കായ ഒരു വീട്ടമ്മയാണ് ആനിയമ്മ. ഇതിന് പറ്റിയ ആൾ മീന തന്നെയാണ്.-ഗൃഹലക്ഷ്മിയോട് സോഫിയ വെളിപ്പെടുത്തി.