കൊച്ചി: മാധവിക്കുട്ടിയുടെ കഥപറയുന്ന ആമിയെന്ന സിനിമയിൽ വിദ്യാ ബാലൻ നായികയാവില്ലെന്ന മറുനാടൻ വാർത്ത സംവിധായകൻ കമലും സ്ഥിരീകരിച്ചു. അഭിനയിക്കാനില്ലെന്ന സൂചന വിദ്യാബാലൻ നൽകിയെന്ന് കമൽ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെ ആമിയെന്ന സിനിമ പ്രതിസന്ധിയിലാവുകയാണെന്ന മറുനാടൻ വാർത്ത സത്യമാണെന്ന് തെളിയുകയാണ്. പ്രധാനമന്ത്രി മോദിയെ കമൽ വിമർശിച്ചതും മാധവിക്കുട്ടിയെ കമലാ സുരയ്യയായി മാറുമ്പോഴുള്ള ഹിന്ദു വിരുദ്ധ സമീപനവും തന്നെയാണ് വിദ്യാ ബാലന്റെ പിന്മാറ്റത്തിന് കാരണം.

ഷൂട്ടിങ്ങിന് അഞ്ച് ദിവസം മുമ്പ് വിദ്യ എന്നെ വിളിച്ചിരുന്നു. കഥാപാത്രത്തെ പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല. ഹാഫ് മൈൻഡഡ് ആണ് എന്നാണ് വിദ്യ തന്നോട് പറഞ്ഞതെന്നും കമൽ വ്യക്തമാക്കി. എല്ലാ തയ്യാറെടുപ്പുകൾക്കും ശേഷം നാട്ടിലേക്ക് വരാൻ വിദ്യയ്ക്ക് ടിക്കറ്റ് അയച്ചുകൊടുത്തിരുന്നതാണ്. അപ്പോഴാണ് വിളിച്ച് ഹാഫ് മൈൻഡഡ് ആണ് കാരക്ടറാകാൻ തനിക്ക് കഴിയുന്നില്ലെന്നും വിദ്യ പറഞ്ഞതെന്നും കമൽ വിശദമാക്കി. ദേശീയ ഗാന വിവാദമാകില്ല മാധവിക്കുട്ടിയുടെ റോൾ സ്വീകരിച്ചാൽ ഭാവിയിൽ കുഴപ്പമുണ്ടാകുമെന്ന് അവർക്ക് മേൽ ഭീഷണിയുണ്ടായോ എന്നാണ് സംശയമെന്ന് കമൽ പറയുന്നു

ഈ വാർത്ത മറുനാടൻ ആദ്യം നൽകിയപ്പോൾ അത് തെറ്റാണെന്ന് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. സിനിമാ സമരമാണ് ആമിയുടെ പ്രതിസന്ധിക്ക് കാരണമെന്നും വിശദീകരിച്ചു. എന്നാൽ അവർ പോലും ഇപ്പോൾ വാർത്ത ശരിയാണെന്ന് സമ്മതിക്കുകയാണ്. കമലിനെ ഉദ്ദരിച്ചാണ് ഇത് ചെയ്യുന്നതും. ആമിയിൽ നിന്ന് വിദ്യാ ബാലൻ പിന്മാറുന്നതിന് കാരണം പ്രധാനമന്ത്രി മോദി വിരുദ്ധ പ്രസ്താവനയാണെന്ന് കമൽ സമ്മതിക്കുന്നില്ല. എന്നാൽ ആമിയുടെ തിരക്കഥയിൽ അവസാന വട്ട തിരുത്തലുകൾ വരുത്തിയെന്ന സൂചനയാണ് മറുനാടന് ലഭിക്കുന്നത്. ഇതോടെയാണ് ബോളിവുഡ് സുന്ദരി പിന്മാറുന്നത്.

മോദി വിരോധിയായ കമലിന്റെ സിനിമയിൽ അഭിനയിക്കരുതെന്ന അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുത്തായിരുന്നു നടി ഈ നിഗമനത്തിലേക്ക് എത്തിയത്. ഇതിനൊപ്പം മറ്റൊരു വാദവും നടി സ്വാധീനിച്ചെന്നാണ് സൂചന. കമലിന്റെ ആമിയെന്ന സിനിമ വലിയ വിവാദങ്ങൾക്ക് തുടക്കമിടും. ജെസി ഡാനിയലിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ട് സെല്ലുലോയിഡ് എന്ന സിനിമയും ചില വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. കെ കരുണാകരനേയും മറ്റും വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചിരുന്നു. ഇതിന് സമാനമായി ആമിയെന്ന സിനിമ മതപരമായ വിവാദങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന.

ശ്രീകൃഷ്ണ ഭക്തയായ മാധവിക്കുട്ടിയുടെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റം സാമൂഹിക-രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലവാദങ്ങൾ സജീവമായി ചർച്ചയാക്കിയിരുന്നു. ഇതിന് പുതിയ തലം നൽകാനാണ് കമൽ ആമിയെന്ന തിരക്കഥയിൽ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മാറ്റം വിശദീകരിക്കുമ്പോൾ ഹിന്ദു മതത്തെ പ്രതിരോധത്തിലാക്കുന്ന ചിന്തകൾ കടന്നു വരുന്നുണ്ട്. ഹിന്ദു സംഘടനകൾ ഇതിനെതിരെ വ്യാപകമായി പ്രതിഷേധിക്കാനും അവസരമൊരുങ്ങും. ആമിയെന്ന സിനിമയുടെ തിരക്കഥയുടെ രൂപം മനസ്സിലാക്കിയാണ് കമലിനെതിരെ ബിജെപി, സംഘ പരിവാർ നേതാക്കൾ ഇപ്പോഴേ വർഗ്ഗീയ ചുവയുള്ള ആരോപണവുമായി രംഗത്ത് വരുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് വിദ്യാ ബാലൻ മലയാള സിനിമയിൽ നിന്നും പിന്മാറുന്നത്. നടിയുടെ പിന്മാറ്റം ഉറപ്പായതോടെ ആമിയെന്ന സിനിമയുടെ പ്രവർത്തനവും പൂർണ്ണമായും നിലയ്ക്കും.

ഡിസംബർ 20 മുതൽ അറുപത് ദിവസത്തേക്കാണ് ആമിക്കായി വിദ്യാബാലൻ കമലിന് ഡേറ്റ് നൽകിയത്. എന്നാൽ സിനിമാ പ്രതിസന്ധി കാരണം ഡിസംബർ 20ന് ചിത്രീകരണം തുടങ്ങിയില്ല. നിർമ്മതാക്കളും തിയേറ്റർ ഉടമകളുമായുള്ള തർക്കം തീർന്നാലെ ഇനി മലയാള സിനിമാ ചിത്രീകരണം തുടങ്ങൂ. സമീപ കാലത്തൊന്നും ഇതിന് സാധ്യതയുമില്ല. അതായത് ഫെബ്രുവരി പകുതിയെങ്കിലുമായാലേ സിനിമാ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ. ഡിസംബർ 20 മുതൽ ദിവസങ്ങൾ തുടങ്ങിയാൽ ഏതാണ്ട് ഫെബ്രുവരി അവസാനം വരെയാണ് വിദ്യാബാലൻ ആമിയെന്ന സിനിമയ്ക്കായി മാറ്റി വച്ചിരുന്നത്. ഇത് അവസാനിക്കുമ്പോൾ മാത്രമേ സിനിമാ പ്രതിസന്ധി തീരൂവെന്ന് സാരം. അതുകൊണ്ട് തന്നെ നിയമപരമായ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ വിദ്യാബാലന് ആമിയെന്ന സിനിമയിൽ നിന്ന് പിന്മാറാനാകും.

ബോളി വുഡിലെ ഏറ്റവും തിരക്ക് പിടിച്ച നടിയാണ് വിദ്യാ ബാലൻ. എട്ട് മാസം മുമ്പ് വിദ്യക്ക് കമൽ തിരക്കഥ നൽകി. ആവേശത്തോടെ ഫോട്ടോഷൂട്ടിൽ വിദ്യ പങ്കെടുത്തു. ഗാനങ്ങൾ റെക്കോർഡ് ചെയ്തു സെറ്റിന്റെ പണിയും തീർന്നു. രാജ്യാന്തര ചലച്ചിത്രമേളക്ക് ശേഷം ഡിസംബർ 20ന് ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെ വിദ്യാബാലൻ സംവിധായകനെ ഞെട്ടിച്ച് കൂടുതൽ സമയമാവശ്യപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ സിനിമാ സമരവും കാര്യങ്ങൾ പ്രതികൂലമാക്കി. നിരന്തരം അന്വേഷിച്ചപ്പോഴും കഥാപാത്രത്തെ ഉൾക്കൊള്ളാൻ കൂടുതൽ സമയം വേണമെന്ന മറുപടി മാത്രമാണ് വിദ്യ നൽകിയത്. ലഭിക്കുന്ന സൂചന അനുസരിച്ച് തിരക്കഥ വായിച്ചതോടെ മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മാറ്റത്തിൽ ഒളിച്ചിരിക്കുന്ന വിവാദം വിദ്യാ ബാലന് മനസ്സിലായെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.