തിരുവനന്തപുരം: ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയാണ് വിദ്യയുടെ മുഖത്ത് ഇപ്പോൾ. തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടന്ന വത്സല എന്ന ഗണിത അദ്ധ്യാപികക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത് ഈ മുപ്പത്തി ഒൻപതുകാരിയുടെ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇത് വിദ്യയുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമല്ല. തന്റെ ഇടപെടൽ മൂലം നിരവതിപേരുടെ ജീതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ വിദ്യക്ക് കഴിഞ്ഞു. പ്രതികരണ ശേഷി ഉണ്ടായിട്ടും പലതിനോടും പ്രതികരിക്കാതെ മുന്നോട് പോകുന്ന ഏതൊരാളും വിദ്യയെ കണ്ടു പഠിക്കണം. ഒരു മാതാവിന്റെ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് വിദ്യ മറുനാടനുമായി പങ്ക് വെക്കുന്നു.

മുന്നിൽ യാചനയുമായ് എത്തുന്നവർക്ക് പൈസ കൊടുത്ത് മടങ്ങുമ്പോൾ അവർ ആരാണെന്നോ എന്താണെന്നോ തിരക്കാൻ ആരും മുതിരാറില്ല. എന്നാൽ വിദ്യ അങ്ങനെ ഒരാളല്ല. തന്റെ മുന്നിൽ യാചനയുമായ് എത്തിയ ഒരാൾക്ക് പോലും വിദ്യ പണം നൽകാറില്ല പകരം അവർക്കു വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുക്കും. വയറും മനസ്സും ഒരുപോലെ നിറയുമ്പോൾ അവരുടെ കണ്ണിൽ തെളിയുന്ന സന്തോഷം അതിലാണ് വിദ്യയുടെ സംതൃപ്തി. സമൂഹ മാധ്യമങ്ങളിലും വിദ്യ വളരെയധികം സജീവമാണ്. ഫേസ്‌ബുക് എല്ലാത്തിനോടും പ്രതികരിക്കാനുള്ള ഉത്തമ മദ്യമായാണ് വിദ്യ കരുതുന്നത്. മന്ത്രി കെ ടി ജലീലിന്റെ ഓഫീസിലെ കമ്പ്യൂട്ടർ അസ്സിസ്റ്റന്റാണ്് വിദ്യ.

നവംബർ 6ന് ഒരു സുഹൃത്തിനായ് തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ കാത്തുനിൽക്കുന്നതിനിടെയാണ് വിദ്യയുടെ കണ്ണുകൾ തൊട്ടടുത്ത് നിന്ന ഒരു ഒരു സ്ത്രീയിൽ പതിഞ്ഞത്. ആദ്യ കാഴ്ചയിൽ ഭിക്ഷക്കാരിയെന്നോ സമനിലതെറ്റിയതാണോ എന്നും തോന്നി. ചുറ്റിനും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്ന ശീലമുള്ള വിദ്യ അവരെ നിരീക്ഷിച്ചു. തൊട്ടടുത്ത് നിൽക്കുന്ന മരത്തിൽ നിന്നും പഴുത്ത കായ്കൾ പറിച്ചെടുക്കുവായിരുന്നു അവർ. അവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ പ്രത്യേകത തോന്നി.

മരത്തിൽ നിന്ന് കായ് പറിക്കുമ്പോഴും ഒരു ഇലയെ പോലും നോവിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. അരികിൽ ചെന്ന് വിശക്കുന്നോ എന്ന് ചോദിച്ചു. ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും അവരുടെ കണ്ണിൽ നിന്ന് തന്നെ അവരുടെ വിശപ്പ് വിദ്യ മനസിലാക്കി. ആഹാരം കൊടുത്തപ്പോൾ വളരെ സാവധാനം ഓരോ പൊതിയും അഴിച്ച് ആവിശ്യമായതു മാത്രം എടുത്തു കഴിച്ചു. ബാക്കി ഭദ്രമായ് പൊതിക്കെട്ടിൽ സൂക്ഷിച്ചുവെച്ചു. ശേഷം വിദ്യ അവരോട് സംസാരിച്ചു. ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു വിദ്യക്ക് അറിയാൻ കഴിഞ്ഞത്.

7 വർഷങ്ങള്ക്കു മുൻപ് റിട്ടയേർഡ് ആയ ഒരു ഗണിത അദ്ധ്യാപികയാണ് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന് വിദ്യക്ക് വിശ്വസിക്കാനായില്ല. ഇത് ഉറപ്പുവരുത്താനായി വിദ്യ വത്സയുടെ ഫോട്ടോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പിന്നീട് വിദ്യക്ക് ഫോൺകോളുകൾ വന്നുകൊണ്ടേയിരുന്നു. വത്സ പറഞ്ഞതെല്ലാം സത്യമായിരുന്നു. വത്സയുടെ വിദ്യാർത്ഥികൾ അവരെ തിരിച്ചറിഞ്ഞു. പിറ്റേ ദിവസം അതെ സ്ഥലത്തുനിന്ന് വിദ്യ അവരെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. സബ് കലക്റ്റർ ദിവ്യ എസ് അയ്യർ ഇടപെടുകയും വത്സയെ സർക്കാർ അഗതിമന്ദിരത്തിൽ പാർപ്പിക്കുകയും ചെയ്തു.

ജീവിതത്തിന്റെ മുക്കാൽ ഭാഗവും കുട്ടികൾക്ക് അറിവ് പകർന്നു നൽകിയ വത്സയെന്ന അദ്ധ്യാപിക ഒരു പക്ഷെ യാചനയുമായ് നമ്മുടെ മുന്നിലും വന്നിട്ടുണ്ടാകാം. പക്ഷെ ആരും അവരെ അറിഞ്ഞില്ല. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന വത്സയുടെ ജീവിതത്തിൽ വഴിത്തിരിവായത് വിദ്യയുടെ ഇടപെടലാണ്. ഇത് ജീവിതത്തിലെ അനേകം അനുഭവങ്ങളിൽ ഒന്ന് മാത്രമാണെന്നും ഇതെന്നു വിദ്യ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇതിനോടകം നിരവധി പേരാണ് വിദ്യക്ക് അഭിനന്ദനവുമായി എത്തുന്നത്. വാർത്ത പുറത്തുകൊണ്ടുവന്ന മറുനാടനോടുള്ള നന്ദിയും വിദ്യ പങ്കുവെച്ചു.

സാമൂഹ്യ പ്രവർത്തനത്തിന് പുറമെ നന്ദികേശം എന്ന സംരംഭം കൂടിയുണ്ട് വിദ്യക്ക്. താരനും മുടികൊഴിച്ചിലും അകറ്റാനുള്ള ഹെയർ ഓയിലാണ് നന്ദികേശം. വീട്ടമ്മമാർക്ക് ഒരു വരുമാനം എന്നത് കൂടിയാണ് ഇതിന്റെ ലക്ഷ്യം. ജീവിതം പച്ചപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ സഹജീവി സ്‌നേഹത്തിനും വിദ്യ സമയം കണ്ടെത്തുന്നു. ആഹാരം ഇല്ലാതെ തെരുവിൽ അലയുന്നവർക്കു ഒരു നേരത്തെ ആഹാരം എത്തിക്കാറുണ്ട് വിദ്യ. ചികിത്സക്ക് പണമില്ലാതെ കഷ്ട്ടപെടുന്നവർ വിദ്യയെ സമീപിക്കാറുണ്ട്, അവരെയും വിദ്യ നിരാശപ്പെടുത്താറില്ല. തന്റെ സുഹൃത്തുക്കളിൽ നിന്നും സന്മനസ്സുള്ളവരിൽ നിന്നും പണം ശേഖരിച്ച് അവരെ സഹായിക്കുന്നത് പതിവാണ്.

സന്മനസ്സുള്ള നിരവധിപേരുടേലും അടുത്ത സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് തനിക്കിതെല്ലാം ചെയ്യാൻ കഴിയുന്നതെന്നും വിദ്യ പറയുന്നു. പ്രശ്നം എന്തുതന്നെ ആയാലും തന്നാൽ കഴിയുന്ന രീതിയിൽ സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിക്കുകയും പരിഹാരം കാണാനും വിദ്യ ശ്രമിക്കാറുണ്ട്. പ്രതികരണ ശേഷിയുള്ള ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. തെറ്റ് കണ്ടാൽ അത് ചൂണ്ടികാണിക്കാനുള്ള ധൈര്യം ഓരോത്തർക്കും ഉണ്ടാകണമെന്നും വിദ്യ പറയുന്നു.