ഡബ്ലിൻ: അയർലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളം തുടർച്ചയായി ഏഴാമത് തവണ ഒരുക്കുന്ന വിദ്യാരംഭം ഒക്ടോബർ 23 വെള്ളിയാഴ്ച നാലു മണിക്ക്. മുൻപ് നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്ഥമായി ലൂക്കനിലെ ബാലിയോവൻ കമ്മ്യൂണിറ്റി സെന്ററിലാണ് (കേരള ഹൗസ്) വിദ്യാരംഭവും മെറിറ്റ് ഈവനിംഗും സംഘടിപ്പിക്കുന്നത്. ജ്ഞാനപീഠം ജേതാവും പ്രശസ്ത കഥാകാരനുമായ പത്മഭുഷൻ എം ടി വാസുദേവൻ നായർ, പ്രശസ്ത കവി പ്രൊഫ.മധുസൂദനൻനായർ, പ്രശസ്ത കവി ഒ.ൻ.വി കുറുപ്പിന്റെ മകൾ ഡോ.മായാദേവി കുറുപ്പ്, പ്രശസ്ത കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ.രവീന്ദ്രനാഥൻ തമ്പി തുടങ്ങി കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ മുൻ വർഷങ്ങളിൽ അയർലണ്ടിലെ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്.

ഇത്തവണ വിജയദശമിനാളിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നത് യുകെയിലെ കോളേജ് അദ്ധ്യാപികയും, അറിയപ്പെടുന്ന എഴുത്തുകാരിയുമായ ശ്രീമതി ജയശ്രീ ശ്യാംലാലാണ്. യുകെയിലെ സ്ഥിരതാമസക്കാരിയായ ജയശ്രീ ശ്യാംലാൽ മലയാള നാടകാചാര്യനായ ഒ.മാധവന്റെ മകളും, സിനിമതാരം മുകേഷിന്റെ സഹോദരിയുമാണ്. വിദ്യാരംഭത്തെ തുടർന്ന് മെരിറ്റ് ഈവനിങ് ചടങ്ങുകൾ ആരംഭിക്കുന്നതാണ്. ഈ വർഷം ജൂനിയർ സെർട്ട്, ലിവിങ് സെർട്ട് പരീക്ഷകളിൽ അയർലണ്ടിൽ നിന്ന് ഉയർന്ന മാർക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തിൽ നിന്നും അഭിമാനാർഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികൾക്ക് പ്രസ്തുത ചടങ്ങിൽ വച്ച് മലയാളം രൂപകൽപ്പന ചെയ്ത മെമന്റൊ നൽകുന്നതാണ്.

ഈ വർഷം ട്രിനിറ്റി കോളേജിൽനിന്നും ഡോക്ടറേറ്റ് നേടിയ രേഷ്മ ബാലചന്ദ്രൻ, യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഷേർലി ജോർജ് എന്നിവരെ മലയാളം പ്രസ്തുത ചടങ്ങിൽവച്ച് ആദരിക്കുന്നു.

വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ജോബി സ്‌കറിയ 085 7184293
ബിപിൻ ചന്ദ് 089 4492321
വി.ഡി രാജൻ 087 0573885
അജിത്ത് കേശവൻ 087 656 5449