മുംബൈ: തന്റെ മികച്ച ചിത്രങ്ങൾ എന്ന് പറയാൻ താൻ ആഗ്രഹിക്കുന്നതും തന്റെ ഇഷ്ട ചിത്രങ്ങൾ ഏതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലൻ.സ്ത്രീകേന്ദ്രീകൃതമായ ഒരുപാടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ പ്രിയം കഹാനി, ഡേർട്ടി പിക്ച്ചർ, തുമാരി സുലു എന്നീ മൂന്നു ചിത്രങ്ങളോടാണെന്ന് വിദ്യാ ബാലൻ പറഞ്ഞു.

'മനസ്സു പറയുന്നതുപോലെ ജീവിക്കുന്നവരാണ് ആ കഥാപാത്രങ്ങളെല്ലാം. യഥാർഥ ജീവിതത്തിൽ ഞാനും അങ്ങനെതന്നെയാണ്, മനസ്സിനെ പിന്തുടർന്നു ജീവിക്കുന്നു. യഥാർഥ ജീവിതത്തിൽ ഞാൻ വളരെ നാണംകുണുങ്ങിയാണ്. എന്നാൽ കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരേയും പോകാൻ ഞാൻ തയാറാകുമെന്ന് വിദ്യാ ബാലൻ പറഞ്ഞു.

'ഗർഭിണിയായ യുവതി കാണാതായ ഭർത്താവിനെത്തേടി കൊൽക്കത്തയിലെത്തുന്നതിനെ സംബന്ധിച്ച കഥയാണ് കഹാനി എന്നുമാത്രമാണ് സംവിധായകൻ സുജോയ് ഘോഷ് ചിത്രത്തെക്കുറിച്ച് എന്നോടു പറഞ്ഞത്. ആ സബ്ജക്റ്റിൽതാൽപ്പര്യം തോന്നിയ ഞാൻ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു.

ഡേർട്ടി പിക്ച്ചർ എന്ന ചിത്രം ചെയ്തപ്പോൾ സംവിധായകൻ തന്നോട് ഒരു നിർദ്ദേശം മാത്രമേ മുന്നോട്ടുവെച്ചുള്ളൂവെന്നും അത് ആ കഥാപാത്രത്തെ ബഹുമാനിക്കണം എന്നുമാത്രമാണ്. ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുൻവിധികളെയെല്ലാം കാറ്റിൽ പറത്തിയത് ആ ചിത്രത്തിലെ അഭിനയമായിരുന്നു.'തുമാരി സുലു എന്ന ചിത്രം തിരഞ്ഞെടുത്തപ്പോൾ അമ്മയെയാണ് ഓർമ്മ വന്നത്. ജോലിയും വീട്ടുകാര്യവും ഒരുപോലെ മാനേജ് ചെയ്യാൻ സ്ത്രീകൾ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന തിരിച്ചറിവും ആ ചിത്രം തനിക്കു നൽകിയതായി വിദ്യ ബാലൻ പറയുന്നു.