കൊൽക്കത്ത: ആരാധനാലയങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട നിലപാടു വ്യക്തമാക്കി ബോളിവുഡ് താരവും ദേശീയ അവാർഡു ജേത്രിയുമായ വിദ്യ ബാലൻ. ആരാധനാലയങ്ങളിൽ സ്ത്രീകളെ വിലക്കുന്നത് അവകാശലംഘനമാണെന്നു വിദ്യ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ പേരിൽ തുല്യത നിഷേധിക്കുന്നത് ശരിയല്ലെന്നും നടി പ്രതികരിച്ചു.

സാമൂഹിക ജീവിതത്തിലും ജോലിയിലെ അവസരങ്ങളിലും ഉൾപ്പടെ എല്ലായിടത്തും സ്ത്രീക്കും പുരുഷനും തുല്യത ലഭിക്കണം. സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരെ നിരവധി വിലക്കുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നു തന്നെ ചിലപ്പോൾ തോന്നാറുണ്ടെന്നും വിദ്യ പറഞ്ഞു.

ചില ജോലികൾ, അത് പുരുഷന്മാർക്ക് മാത്രം അവകാശപ്പെടുന്നതായി നിലകൊള്ളുന്നു. ഇവിടെ സ്ത്രീകൾക്ക് പിന്നാമ്പുറങ്ങളിലാണ് സ്ഥാനം. ആഗ്രഹങ്ങളെ വളരാൻ സഹായിക്കാത്ത എല്ലാത്തിനെയും നാം മറികടക്കേണ്ടതുണ്ട്. എനിക്ക് സാരി ധരിക്കാൻ ഇഷ്ടമാണ്. എന്നാൽ എല്ലാവരും ചോദിക്കുന്നു എന്തുകൊണ്ടാണ് നിങ്ങൾ പ്രായം കൂടിയവരുടെ വസ്ത്രം ധരിക്കുന്നതെന്ന്. എനിക്ക് സാരി ധരിക്കുന്നത് ഇഷ്ടമാണ്, അതിനാൽ ഇനിയും ധരിക്കുകതന്നെ ചെയ്യും എന്നാവും ഇത്തരക്കാർക്കുള്ള എന്റെ മറുപടി. ഇത് ഫെമിനിസമല്ല, സത്യമാണെന്ന് താരം പറയുന്നു. അപരിചിതരിൽനിന്നല്ല, ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള നിർദേശങ്ങളും മറ്റുമാണ് ഒരു സ്ത്രീയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നും വിദ്യ ബാലൻ പറഞ്ഞു.