തിരുവനന്തപുരം: ഇന്നു രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തിൽ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകൾ താഴെ. അടുത്തു നിന്ന മരത്തിൽ നിന്നും കൊമ്പുകൾ പതിയെ താഴ്‌ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതിൽ നിൽക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു. 'വിശക്കുന്നുണ്ടോ?' ഞാൻ ചോദിച്ചു.-ഇങ്ങനെയാണ് വിദ്യാ എംആർ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങിയത്. പിന്നീട് അറിഞ്ഞത് ഞെട്ടിക്കുന്ന കഥയും. തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരിൽ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്നു പേരുള്ള ടീച്ചർ. ഇവർ പറയുന്നത് ശരിയാണോ എന്ന് അറിയാൻ വിവരങ്ങൾ ഫോട്ടോ സഹിതം വിദ്യ ഫെയ്‌സ് ബുക്കിലിട്ടു. പിന്നെ നിലയ്ക്കാത്ത കോൾ വിളിയായിരുന്നു. മലപ്പുറത്തുള്ളവർ ഈ ടീച്ചറെ തിരിച്ചറിഞ്ഞു. അവർ പറഞ്ഞതെല്ലാം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തലും എത്തിക്കഴിഞ്ഞു.

വൽസല ടീച്ചർ ഇസ്ലാഹിയയിലെ ടീച്ചർ ആയിരുന്നു. ഞങ്ങളുടെയൊക്കെ സഹപ്രവർത്തകയുമായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഭർത്താവിനും മോനുമൊപ്പം തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയതാണ് എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ടീച്ചർ.... അത്രയേ ഞങ്ങൾ മലപ്പുറത്തുകാർക്ക റി യൂ...... എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് യാതൊരറിവുമില്ല....... ഞങ്ങൾ തീർച്ചയായും അന്വേഷിക്കാൻ ശ്രമിക്കും. നന്ദി ഈ പോസ്റ്റിന്..... വിവിധ കുട്ടികൾക്ക് ഷെയർ ചെയ്തിട്ടുണ്ട്. സ്‌ക്കൂളുമായി സഹപ്രവർത്തകരുമായി ബന്ധപ്പെടട്ടെ....-ഇങ്ങനെ ഒരു കമന്റാണ് വിദ്യയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇത് കണ്ടതോടെ തിരുവനന്തപുരത്തെ അമ്മയെ കണ്ടെത്താൻ വിദ്യ തീരുമാനിക്കുകയായിരുന്നു. അതിനുള്ള ശ്രമത്തിലുമാണ്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഇത് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

റെയിൽവേ സ്റ്റേഷനിൽ കണ്ട ഭിക്ഷക്കാരിയിൽ ചില സംശയങ്ങൾ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാൻ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. 'കഴിക്കാൻ വല്ലതും വേണോ?' ആ കണ്ണുകൾ പെട്ടെന്നൊന്നു തിളങ്ങി. 'കയ്യിലുണ്ടോ ' അവർ വണ്ടിക്കു മുന്നിലിരുന്ന ഹെയർ ഓയിൽ പായ്ക്കറ്റിലേയ്ക്കു നോക്കി. 'അമ്മ ഇവിടെ തന്നെ നിൽക്കണം. ഞാൻ പോയി വാങ്ങി വരാം.' 'അതങ്ങു ദൂരെ പോണ്ടേ ''വിശക്കുമ്പോൾ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.'-ഇതായിരുന്നു വിദ്യ നൽകിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളിൽ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചത്.

വിദ്യയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവർ തുടർന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായ വൽസല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെൻഷൻ ആയിട്ട് ഏഴ് വർഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസിൽ ഇട്ടിട്ടുണ്ട്. 5000 രൂപ പെൻഷനുണ്ട്-അവർ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ...എന്നായി പിന്നീടുള്ള ചോദ്യം. പഴയ വിദ്യാർത്ഥികൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടിയ 'അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാൻ പോട്ടെ ' ഫോണിൽ സമയം നോക്കി. കൃത്യം 11.10 ''ഇനി എങ്ങോട്ടാ ടീച്ചറെ ' 'ശ്രീകണ്‌ഠേശ്വരത്ത് ' മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നിൽക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേർന്ന വത്സ ടീച്ചർ.-വിദ്യ പറയുന്നു.

പറഞ്ഞത് മുഴുവൻ സത്യമാണോന്നറിയില്ല. പക്ഷേ ഒന്നുറപ്പ് . ഇത് തെരുവിലെ ഭ്രാന്തിയല്ല. വിദ്യാസമ്പന്നയായ ഒരധ്യാപിക തന്നെയാണിവർ. ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവർ പറഞ്ഞത് സത്യമാണെങ്കിൽ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അദ്ധ്യാപികയെ യോ ആ സ്‌കൂളോ തിരിച്ചറിഞ്ഞെങ്കിൽ ...-ഇങ്ങനെയായിരുന്നു വിദ്യയുടെ കുറിപ്പ് അവസാനിച്ചത്. പക്ഷേ പ്രതീക്ഷയിലും വലിയ പിന്തുണയാണ് ലഭിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വൽസ ടീച്ചറിന്റെ മലപ്പുറത്തെ കുട്ടികൾ ടീച്ചറെ തിരിച്ചറിഞ്ഞു. ഏറ്റെടുക്കാനും തയ്യാറാണ്. ഈ ടീച്ചറെ അവരെ ഏൽപ്പിക്കുക എന്നുള്ളത് ഇനി നമ്മൾ തിരുവനന്തപുരത്തുകാരുടെ കടമയാണ് . ഒന്നു ശ്രമിച്ചു കൂടേ? തമ്പാനൂർ ഗണപതി ക്ഷേത്രത്തിനു സമീപം അല്ലെങ്കിൽ 11 നു ശേഷം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. ഉറപ്പ്  ടീച്ചർ ഉണ്ടാകും. ഞാനും ശ്രമിക്കാം.-ഇങ്ങനെയാണ് രണ്ടാമത്തെ പോസ്റ്റിൽ വിദ്യ പ്രതീക്ഷ പങ്കുവച്ചത്.  കിട്ടുന്നവർ വിളിക്കണേ എന്നും വിദ്യ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.

ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റിൽ നിരവധി പ്രതികരണങ്ങളെത്തി. അതിൽ നീനാ ശബരീഷ് കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെർമെന്റ് സർവ്വീസിൽ ൽ മറ്റു പല സ്‌ക്കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികൾ കേരളം മുഴുവനും പടർന്നു വളർന്നിരിക്കണം. അതിനപ്പുറത്ത് മറ്റു രാജ്യങ്ങളിലേക്കും അവർ പറന്നുയർന്നിട്ടുണ്ട്. ഈ വാർത്ത കേട്ടാൽ അവരോടിയെത്തും. കാരണം അവർ മലപ്പുറത്തുകാരാണ്. എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചർ എല്ലാവരിൽ നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ .... എല്ലാവരും ചിന്തിക്കും പോലല്ല ടീച്ചർ ചിന്തിച്ചിരുന്നത്. പ്ലെയിൻ സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു മോനുണ്ടായത്. സുന്ദരനായൊരാൺകുട്ടി. ടീച്ചർ പറയുന്ന കഥകൾ..... ടീച്ചറുടെ പ്രായം..... വിദ്യാഭ്യാസ യോഗ്യത...... വീട്ടിലെ ചുറ്റുപാട് പലതിലും പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നു-നീനാ ശബരീഷ് കുറിക്കുന്നു

പെട്ടെന്നൊരാൾക്ക് എന്തോ ഒരു ചെറിയ പ്രശ്‌നമില്ലേ എന്നു തോന്നിക്കാവുന്ന ഒര സ്വാഭാവികത. എന്നാലും വളരെ സ്‌നേഹമുള്ള ആത്മാർത്ഥതയുള്ള ഒരു കണക്കു ടീച്ചറായിരുന്നു വത്സല ടീച്ചർ ..... പറഞ്ഞ പല ജീവിത കഥകളും ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ നിരാശകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിർദ്ദോഷമായ നുണകൾ ആയിരുന്നുവോ? അതെല്ലാം? അറിയില്ല....... കാരണം ടീച്ചറെ അടുത്തറിയുന്ന നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങൾക്ക് മലപ്പുറം കാർക്ക് പരിചയമില്ല..... ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര വരെ അകമഴിഞ്ഞു സ്‌നേഹിച്ചിട്ടുണ്ട്. അന്തസ്സായി നല്ലൊര ദ്ധ്യാപികയായി അവരി വിടെ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് .... വർഷങ്ങൾക്കപ്പുറം..... പിന്നെ നടന്ന തൊന്നും ഞങ്ങൾക്കറിഞ്ഞുകൂട..... സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ കൂട്ടായി ശ്രമിക്കും അതുറപ്പ്.-ഈ വരികളാണ് വിദ്യയ്ക്കും പ്രതീക്ഷയാകുന്നത്.

തിരുവനന്തപരും സ്വദേശിയാണ് വിദ്യ. മന്ത്രി കെടി ജലീലിന്റെ ഓഫീസിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്. ഈ ജോലിയിലെ സൗഹൃദവും ബന്ധങ്ങളുമെല്ലാം ഈ ടീച്ചറെ കണ്ടെത്താനായി ഫലപ്രദമായി വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യ.