സൗന്ദര്യത്തിന് അമിത പ്രാധാന്യമുള്ള സ്ഥലമാണ് ബോളിവുഡ്. അവിടെയാണ് മലയാളിയായ വിദ്യാബാലൻ സ്വന്തമായ ഇരിപ്പിടം തന്നെ സ്വന്തമാക്കുകയും ചെയ്തു. ബോളിവുഡിൽ അഭിനയിക്കാൻ മൂക്കു മുതൽ മാറിടം വരെ പ്ലാസ്റ്റിക് സർജറി ചെയ്ത നിരവധി താര സുന്ദരികൾ എത്തുമ്പോഴാണ് ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാറായി വിദ്യമാറിയത്.

വിധു വിനോദ് ചോപ്ര നിർമ്മിച്ച പരിണീതയായിരുന്നു ഹിന്ദിയിലെ വിദ്യയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിന്റെ ഓഡീഷനായെത്തിയ വിദ്യയോട് വലിയ മൂക്കാണെന്നും സർജറി ചെയ്യണമെന്നും വിനോദ് ചോപ്ര ആവശ്യപ്പെട്ടുവത്രേ. എന്നാൽ അഭിനേത്രിയാകുന്നതിന് വേണ്ടി മൂക്ക് മുറിക്കാൻ വിദ്യ തയ്യാറായില്ല.

എന്നാൽ വിനോദ് ചോപ്രയോട് മറുത്തൊരക്ഷരം പറയാനുള്ള ധൈര്യവും വിദ്യക്കുണ്ടായില്ല. ഒടുവിൽ ചിത്രത്തിന്റെ സംവിധായകൻ പ്രദീപ് സർക്കാരിനോട് വിദ്യ കാര്യം അവതരിപ്പിച്ചു. താൻ മൂക്ക് ഫിക്സ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയിക്കാൻ വരികയാണെങ്കിൽ ഈ മൂക്ക് വെച്ചുതന്നെ വരും അല്ലെങ്കിൽ വരുന്നില്ലെന്നും വിദ്യ പറഞ്ഞു. ഒടുവിൽ മൂക്കിൽ കത്തിവെക്കാതെ തന്നെ വിദ്യ പടത്തിൽ അഭിനയിച്ചു. എങ്ങനെയാണ് പ്രശ്നം ഒത്തുതീർപ്പായതെന്ന് തനിക്കറിയില്ലെന്ന് വിദ്യ പറയുന്നു.