അബുദാബി: അബുദാബി മലയാളി സമാജത്തിൽ മൂന്നിന് വിദ്യാരംഭം നടത്തും. പുലർച്ചെ അഞ്ചുമുതൽ സംഗീത സംവിധായകർ കെ. വിദ്യാധരൻ മാസ്റ്റർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നു വരെ മലയാളി സമാജത്തിൽ നേരിട്ടോ 025537600, 0558147180 എന്നീ നമ്പരുകളിൽ വിളിച്ചോ പേരു നൽകാം.

അബുദാബി ടാലന്റ് സ്‌കൂളുമായി സഹകരിച്ച് വയലിൻ, ഗിറ്റാർ, കീബോർഡ് എന്നീ സംഗീതോപകരണ പരിശീലനവും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കേരളനടനം, ചിത്രരചന, കർണാടക സംഗീതം, സിനിമാഗാനം എന്നിവയിലും പരിശീലനം നേടുന്നവർക്കുള്ള പ്രത്യേക വിദ്യാരംഭം പരിപാടിയും വിജയദശമി ദിനത്തിൽ വൈകുന്നേരം ആറുമുതൽ മലയാളി സമാജത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ഷിബു വർഗീസ് അറിയിച്ചു.

ദിവസവും മലയാളി സമാജത്തിൽ വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെ ഈ കലകളുടെ പരിശീലനക്ലാസുകളും തുടർന്നു നടക്കും. വിദ്യാധരൻ മാസ്റ്ററും മ്യൂസിക് തെറാപ്പിസ്റ്റ് പപ്പൻ പരപ്പനങ്ങാടി, കേരളനടനം നൃത്തവിദഗ്ധ രജനികലാക്ഷേത്ര, മുരളി ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുക. നൃത്തകാല പരിശീലനം നേടുന്നവർക്കായി നടക്കുന്ന ശില്പശാലയ്ക്കും കെ വിദ്യാധരൻ മാസ്റ്റർ നേതൃത്വം നൽകും.