തൃശൂർ: ഓസ്ട്രിയയിലെ മലയാളി സമൂഹം ഞെട്ടലിലാണ്. ഗ്രേസിയുടെ മരണവും റോയിയുടെ അറസ്റ്റും ഉൾക്കൊള്ളാൻ അവർക്കായിട്ടില്ല. വെറുമൊരു കുടുംബ പ്രശ്‌നം എങ്ങനെ കൊലയിൽ എത്തിയെന്ന് ഇനിയും വ്യക്തമല്ല. വിയന്നയുടെ തലസ്ഥാനമായ വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴും പിന്നിൽ ഭർത്താവാണെന്ന് ആരും കരുതിയില്ല.

കൊരട്ടി വെളിയത്ത് റോയിയുടെ ഭാര്യ ഗ്രേസി (46) ആണു മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് റോയി (51) പൊലീസ് കസ്റ്റഡിയിലാണ്. ഇവർ വർഷങ്ങളായി വിയന്നയിൽ താമസിച്ചു വരുന്നവരാണ്. അതുകൊണ്ട് തന്നെ വിയന്നയിലെ മലയാളി സമൂഹത്തിന് ഏറെ അടുത്തറിയാവുന്ന കുടുംബമായിരുന്നു റോയിയുടേത്. റോയി എന്തിന് ഭാര്യയെ കൊന്നുവെന്നതിന് കൃത്യമായ ഉത്തരം ആർക്കുമില്ല. സംശയ രോഗമാകും കൊലയ്ക്ക് കാരണെന്നാണ് ഏവരും കരുതുന്നത്.

സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിലെ ബാത്ത് ടബിൽ കൈത്തണ്ട മുറിച്ചു രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും വിശദപരിശോധനയിൽ തലയുടെ പിൻഭാഗത്ത് മാരകമായ മുറിവു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. കൊല നടത്തിയ ശേഷം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ബാത്ത് ടബ്ബിൽ കിടത്തിയതാണെന്നു റോയി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മക്കൾ: റോബിൻ, റെൻസൻ, രേഖ.