വിയന്ന: വിയന്ന മേഖലയിൽ ഭൂകമ്പ സാധ്യത ഏറെയെന്ന് ഭൂമിശാസ്ത്രജ്ഞർ. ഭാവിയിൽ വൻ ഭൂകമ്പം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഇവിടെ കാണുന്നുണ്ടെന്നും ആയിരക്കണക്കിന് വർഷം മുമ്പ് ഇവിടെ ഉണ്ടായ വൻ ഭൂകമ്പങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ട സമയമായെന്നുമാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്.

വിയന്ന, ലോവർ ഓസ്ട്രിയ, സ്ലൊവാക്യയുടെ ചില മേഖലകൾ, ചെക്ക് റിപ്പബ്ലിക് എന്നിവ ഉൾപ്പെടുന്ന വിയന്ന ബേസിൻ ജിയോളജിക്കൽ മേഖലയാണ് ഇപ്പോൾ ഭൂകമ്പ സാധ്യതാ മേഖലയായി തെളിഞ്ഞിരിക്കുന്നത്. 200- 300 വർഷമായി വളരെ നിരുപദ്രമായി കിടന്നിരുന്ന ചില ഭൂകമ്പ രേഖകൾ ഇപ്പോൾ നേരിയ തോതിൽ സജീവമാകാൻ തുടങ്ങിയിട്ട്.

വിയന്ന മേഖലയിൽ വർഷങ്ങൾക്കു മുമ്പുണ്ടായിട്ടുള്ള ഭൂകമ്പങ്ങളുടെ ചരിത്രപഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. 1900 മുതലുള്ള രേഖകളാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ കൃത്യമായ പ്രവചനം സാധ്യമല്ലെന്നും ഭൂമിശാസ്ത്രജ്ഞർ പറയുന്നു. വിയന്ന ബേസിനിൽ അര ഡസനോളം ഭൂരേഖകൾ പതുക്കെ ചലിക്കാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ 20,000 വർഷങ്ങൾ കൂടുമ്പോഴും റിക്ടർ സ്‌കെയിലിൽ 6 അല്ലെങ്കിൽ 7 തീവ്രതയുള്ള ഭൂകമ്പങ്ങൾക്ക് ഇവ കാരണമാകും. അതുകൊണ്ടാണ് മുമ്പ് വിയന്നയിലുണ്ടായിട്ടുള്ള ഭൂകമ്പങ്ങളുടെ ചരിത്രം പരിശോധിക്കണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്.

1590-ൽ  നോർത്ത് ഈസ്‌റ്റേൺ ഓസ്ട്രിയയിലെ ന്യൂലെംഗാക്കിലുണ്ടായ ഭൂകമ്പമാണ് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം. ഇത് റിക്ടർ സ്‌കെയിലിൽ 5.5-6 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.