വിയന്ന: വിയന്നയിലെ ഒരു സ്‌കൂളിൽ മൂന്നു കുട്ടികൾക്ക് ക്ഷയരോഗമുണ്ടെന്ന് കണ്ടെത്തി. അതേസമയം സംഭവത്തിൽ വിയന്നയിലെ ബോർഡ് ഓഫ് ഹെൽത്ത് കൂടുതൽ പ്രതികരിക്കാത്തത് പൊതുജനങ്ങളിൽ ആകാംഷ വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏതു സ്‌കൂളിലാണ് ക്ഷയരോഗമുള്ള കുട്ടികളെ കണ്ടെത്തിയത് എന്നും മറ്റും പൊതുജനങ്ങൾക്ക് വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് ബോർഡ് ഓഫ് ഹെൽത്തിനെതിരേ രോഷം ഉയർന്നിരിക്കുന്നത്.

അതേസമയം ടിബി കണ്ടെത്തിയ കുട്ടികളുടെ മാതാപിതാക്കളേയും അദ്ധ്യാപകരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഓസ്ട്രിയൻ ബ്രോഡ്കാസ്റ്റർ ഒആർഎഫ് റിപ്പോർട്ട് ചെയ്യുന്നു.
സ്‌കൂൾ കുട്ടികളിൽ ക്ഷയരോഗ ബാധ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തണമെന്നാണ് പ്രൈവസി എക്‌സ്‌പേർട്ടുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ കുട്ടികളിലേക്ക് ഇതു പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനാണ് ക്ഷയരോഗ ബോധ കണ്ടെത്തിയ സ്‌കൂളിനെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷയരോഗം ഇപ്പോൾ പൂർണമായും ചികിത്സിച്ചു സുഖപ്പെടുത്താൻ സാധിക്കുന്ന രോഗമാണെന്നും ഇത് മൂടിവച്ചതു കൊണ്ട് സമൂഹത്തിന് കൂടുതൽ പ്രയോജനമൊന്നും ലഭിക്കില്ല എന്നും കോൺസ്റ്റിറ്റിയൂഷണൽ ലോ എക്‌സ്‌പേർട്ടുകൾ വ്യക്തമാക്കുന്നു. സ്‌കൂളിൽ പോകുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ മുൻകരുതൽ എടുക്കാൻ സാധിക്കാത്തത് ബോർഡ് ഓഫ് ഹെൽത്തിന്റെ ഈ മൗനവ്രതം മൂലമാണെന്നും ആരോപണമുണ്ട്. കൂടുതൽ കുട്ടികളിലേക്ക് ഇതു പടരാതെ മുൻകരുതൽ എടുക്കണമെങ്കിൽ ബോർഡ് ഓഫ് ഹെൽത്ത് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന മൗനം വെടിയണമെന്നാണ് ഡേറ്റാ പ്രൊട്ടക്ഷൻ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം രോഗം ബാധിച്ച കുട്ടികളുടെ സ്വകാര്യത കാത്തു സൂക്ഷിക്കാനാണ് സ്‌കൂളിന്റെ പേരുവിവരം മറച്ചുവച്ചിരിക്കുന്നതെന്നാണ് വിയന്ന ഹെൽത്ത് ബോർഡ് ചൂണ്ടിക്കാട്ടുന്നത്.  ടൂബർക്കുലോസിസ് ആക്ട് പ്രകാരം രോഗബാധിതരുടെ സ്വകാര്യത മാനിക്കേണ്ടതുണ്ടെന്നും വിയന്ന ഹെൽത്ത് ബോർഡ് വെളിപ്പെടുത്തി.