കൊച്ചി: തുടർച്ചയായി 200 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയായ വിയറ്റനാം കോളനിയിലെ റാവുത്തറെ ആരും മറക്കാൻ ഇടയില്ല. എൻ.എഫ് വർഗീസിന്റെ ശബ്ദത്തിൽ എത്തിയ റാവുത്തർ വില്ലന്മാരുടെ ഉസ്താദായി ഒറ്റ ചിത്രത്തിലൂടെ മാറി. പിന്നീട് റാവുത്തറെ മലയാളത്തിൽ ആരും കണ്ടിട്ടില്ല. ആ പഴയ റാവുത്തറുടെ പുതിയ രൂപമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

അവതാരകയും നടിയുമായ ജൂവലാണ് പഴയ റാവുത്തറിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലമായിട്ടും മികച്ച ആരാധക പിന്തുണ അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. മലയാളികൾ അയച്ചിരുന്ന കത്തുകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നും ജുവൽ കുറിച്ചിട്ടുണ്ട്. റാവുത്തർ എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ ഗോവിന്ദരാജുവിനൊപ്പമുള്ള ചിത്രവും ജുവൽ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.റജുവലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കൃഷ്ണമൂർത്തിയും റാവുത്തറുമായുള്ള ഫൈറ്റ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. വില്ലന്റെ വരവ് കാണുമ്പോൾ തന്നെ കോളനി നിവാസികൾ നടുങ്ങിയിരുന്നു. കോളനിയിലെ വില്ലന്മാരായ വിജയരാഘവനേയും ഭീമൻ രഘുവിനേയുമൊക്കെ ഞെട്ടിച്ച് ആ റാവുത്തർ അന്നത്തെ വില്ലന്മാരിലെ വില്ലൻ തന്നെയായിരുന്നു.മോഹൻലാൽ, ഇന്നസെന്റ്, കനക, കെപിഎസി ലളിത, ഫിലോമിന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 1992ലാണ് പുറത്തിറങ്ങിയത്.