- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടിക്കട തുറക്കാൻപോലും മുട്ടൻ കൈക്കൂലി; ഹ്യൂണ്ടായ് യൂസ്ഡ് കാർ ഷോറൂമിന്റെ ഷെഡിന് ചോദിച്ചത് രണ്ടുലക്ഷം; റോഡിൽ നിർത്തിയിട്ട കാറിൽവച്ച് പണം വാങ്ങവെ വടകര മുനിസിപ്പാലിറ്റിയിലെ എൻജിനീയറെ കൈയോടെ പിടികൂടി വിജിലൻസ്
കോഴിക്കോട്: വടകര നഗരസഭയിൽ ചെറിയൊടു കടമുറി പണിയണമെങ്കിലും ഷെഡ് കെട്ടണമെങ്കിലും ഉദ്യോഗസ്ഥർക്ക് കാര്യമായി കൈമടക്കാതെ കാര്യം സാധിക്കില്ല-ഇത് വടകര മുനിസിപ്പാലിറ്റി എഞ്ചിനീയറിങ് വിഭാഗത്തിൽ കയറി ഇറങ്ങുന്ന ഓരോരുത്തരുടെയും പ്രതികരണമാണ്. ഏറെനാളായി മുനിസിപ്പൽ എഞ്ചിനീയറിങ് വീഭാഗത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഇന്നലെ മുനിസിപ്പൽ എഞ്ചിനീയർ തന്നെ കൈക്കൂലിക്കുരുക്കിൽ അകപ്പെട്ടതോടെ വ്യക്തമായത്. നാടകീയ രംഗങ്ങളിലൂടെയായിരുന്നു മുനിസിപ്പൽ എഞ്ചിനീയർ കൊല്ലം പത്തനാപുരം സ്വദേശി ആർ ശ്രീകുമാറിനെ (55) കായക്കൊടി സ്വദേശി സലീമിന്റെ പരാതിയിൽ വിജിലൻസ് ഡിവൈ.എസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഓഫീസിൽ വച്ച് പണം കൈമാറേണ്ടതില്ലെന്ന മുനിസിപ്പൽ എഞ്ചിനീയറുടെ നിർദേശമനുസരിച്ച് മരുതോങ്കര കുറ്റ്യാടി റൂട്ടിലെ കൊറ്റോം റോഡിൽ നിർത്തിയിട്ട കാറിൽ വച്ച് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു പരാതിക്കാരനായ സലീം പണം നൽകിയിരുന്നത്. നേരത്തെ സമീപത്ത് തമ്പടിച്ചിരുന്ന വിജിലൻസ് സ

കോഴിക്കോട്: വടകര നഗരസഭയിൽ ചെറിയൊടു കടമുറി പണിയണമെങ്കിലും ഷെഡ് കെട്ടണമെങ്കിലും ഉദ്യോഗസ്ഥർക്ക് കാര്യമായി കൈമടക്കാതെ കാര്യം സാധിക്കില്ല-ഇത് വടകര മുനിസിപ്പാലിറ്റി എഞ്ചിനീയറിങ് വിഭാഗത്തിൽ കയറി ഇറങ്ങുന്ന ഓരോരുത്തരുടെയും പ്രതികരണമാണ്. ഏറെനാളായി മുനിസിപ്പൽ എഞ്ചിനീയറിങ് വീഭാഗത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഇന്നലെ മുനിസിപ്പൽ എഞ്ചിനീയർ തന്നെ കൈക്കൂലിക്കുരുക്കിൽ അകപ്പെട്ടതോടെ വ്യക്തമായത്. നാടകീയ രംഗങ്ങളിലൂടെയായിരുന്നു മുനിസിപ്പൽ എഞ്ചിനീയർ കൊല്ലം പത്തനാപുരം സ്വദേശി ആർ ശ്രീകുമാറിനെ (55) കായക്കൊടി സ്വദേശി സലീമിന്റെ പരാതിയിൽ വിജിലൻസ് ഡിവൈ.എസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
ഓഫീസിൽ വച്ച് പണം കൈമാറേണ്ടതില്ലെന്ന മുനിസിപ്പൽ എഞ്ചിനീയറുടെ നിർദേശമനുസരിച്ച് മരുതോങ്കര കുറ്റ്യാടി റൂട്ടിലെ കൊറ്റോം റോഡിൽ നിർത്തിയിട്ട കാറിൽ വച്ച് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു പരാതിക്കാരനായ സലീം പണം നൽകിയിരുന്നത്. നേരത്തെ സമീപത്ത് തമ്പടിച്ചിരുന്ന വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്ന സമയത്ത് ശ്രീകുമാറിനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. നോട്ടുകളിൽ വിജിലൻസ് പുരട്ടിയിരുന്ന ഫിനോഫ്തലിൻ പൗഡർ ശ്രീകുമാറിന്റെ വിരലുകളിൽ കണ്ടെത്തി.
തുടർന്ന് ഇയാളുടെ ഓഫീസിലും താമസസ്ഥലത്തും റെയ്ഡ് നടത്തി. വിജിലൻസ് സിഐമാരായ വി വി ബെന്നി, ഗണേശ് കുമാർ, കെ കെ വിനോദ്കുമാർ, എസ്.ഐ മാരായ പ്രേമാനന്ദ്, കെ രാഘവൻ എന്നിവരങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. അറസ്റ്റിനു തൊട്ടു പിന്നാലെ ശ്രീകുമാറിന്റെ വടകരയിലെ ഓഫീസിലും ഇദ്ദേഹം താമസിക്കുന്ന വടകര മനയത്ത് ലോഡ്ജിലെ മുറിയിലും വിജിലൻസ് റെയ്ഡ് നടത്തി. വൈകുന്നേരത്തോടെ ശ്രീകുമാറിന്റെ പത്തനാപുരത്തെയും എറണാകുളത്തെയും വീടുകളിലും വിജിലൻസ് റെയ്ഡുണ്ടായി. രാത്രി ഏറെ വൈകിയും ഇവിടങ്ങളിൽ പരിശോധന തുടർന്നു.
വടകര ടൗണിനു സമീപം പുതുപ്പണത്തുള്ള ഹ്യുണ്ടായ് ഷോറൂമിന് മുന്നിലായി യൂസ്ഡ് കാർ വിൽപന നടത്താൻ ഷെഡ് നിർമ്മിക്കുന്നതിനാണ് സലീം മുനിസിപ്പൽ എഞ്ചിനീയറെ സമീപിച്ചത്. നിരവധി തവണ എഞ്ചിനീയറിങ് വിഭാഗത്തിൽ കയറി ഇറങ്ങിയെങ്കിലും ഷെഡ് നിർമ്മിക്കാനുള്ള അനുമതി സലീമിന് ലഭിച്ചിരുന്നില്ല. കാർ ഷോറൂമുമായി ബന്ധപ്പെട്ട ആളുകൾ സലീമിനു വേണ്ടി എഞ്ചിനീയറിങ് വിഭാഗത്തെ സമീപിച്ചെങ്കിലും കാര്യം നടക്കാതെ നീണ്ടു പോകുകയായിരുന്നു. ഇതോടെ അനുമതി നേടിയെടുക്കുന്നതിനായി സലീം തന്നെ നേരിട്ട് കയറിയിറങ്ങാൻ തുടങ്ങി.
എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് അനുമതി നിഷേധിച്ചു. ഷെഡ് കെട്ടാൻ അനുമതി നൽകുക എന്നത് കുറച്ച് പണിയുള്ള കാര്യമാണെന്ന് പറഞ്ഞ് അനന്തമായി നീട്ടികൊണ്ടുപോയി. പിന്നീടായിരുന്നു സലീമിനോട് രണ്ട് ലക്ഷം രൂപ വേണമെന്ന ആവശ്യം ഇയാൾ ഉന്നയിച്ചത്. ചെറിയ തുക നൽകാൻ തയ്യാറായെങ്കിലും ശ്രീകുമാർ ഇതിനു വഴങ്ങിയില്ല. ഒടുവിൽ വിലപേശലിൽ 40,000 രൂപ കുറച്ച് 1.6 ലക്ഷം രൂപയായി ഷെഡിനുള്ള കൈക്കൂലി നിശ്ചയിച്ചു. തുടർന്ന് സലീം വിവരം വിജിലൻസിനെ അറിയിക്കുകയും രേഖാമൂലം പരാതി നൽകുകയുമായിരുന്നു.
പെർമിറ്റ് പാസാക്കാനും മറ്റും ഇയാൾ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിനു മുമ്പ് ഇവിടത്തന്നെ മറ്റൊരു കെട്ടിടം പണിയാനും അനുമതി നിഷേധിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടം ട്രിബ്യൂണലിൽ കേസ് നടത്തിയായിരുന്നു പിന്നീട് അനുമതി നേടിയത്. സലീമിന്റെ ഷെഡിന് അനുമതി നൽകുന്നതിൽ നിയമപരമായി തടലമില്ലെന്നാണ് വിജിലൻസിനു കിട്ടിയ വിവരം. ഇതേകുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു. കൈക്കൂലിയുമായി മുമ്പും ഒട്ടേറെ ഉദ്യോഗസ്ഥർ പിടിയിലായിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുക അടുത്ത കാലത്തൊന്നും പിടിച്ചെടുത്തിട്ടില്ല.
ഞായറാഴ്ച ദിവസം ഡ്യൂട്ടി ചോദിച്ചു വാങ്ങി അനധികൃത നിർമ്മാണത്തിനും മറ്റുമായി എഞ്ചിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വഴിവിട്ട ഒത്താശകൾ നടത്തുന്നതായി മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ഭരണകക്ഷിയിൽ നിന്നു തന്നെ നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കൗൺസിൽ യോഗങ്ങളിൽ പലകുറി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എഞ്ചിനീയറിങ് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നെങ്കിലും ഉദ്യോഗസ്ഥർക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല. ഭരണ, പ്രതിപക്ഷത്തുള്ള ചില നേതാക്കളുടെ രഹസ്യ പിന്തുണ ഈ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നുള്ളതാണ് ഇവർക്ക് ബലം പകരുന്നത്.
നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഒരു കാര്യവും കൈമടക്കില്ലാതെ ഇവിടെ നടക്കില്ലെന്ന് കൗൺസിലർമാർ തന്നെ പറയുന്നു. കൈമടക്കിയില്ലെങ്കിൽ കാര്യങ്ങൾ നടത്താതെ അനന്തമായി നീളുന്ന സ്ഥിതിയാണുള്ളത്. അനുമതിയില്ലാതെ മുകൾ നില നിർമ്മാണം, പാർക്കിംങ് സ്ഥലം കച്ചവട കേന്ദ്രമാക്കൽ, റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെയുള്ള നിർമ്മാണ പ്രവർത്തികൾ, പഴയ കെട്ടിടം അറ്റകുറ്റപ്പണി എന്ന പേരിൽ പുതുക്കി നിർമ്മിക്കൽ തുടങ്ങിയവയെല്ലാം വ്യാപകമായി നടക്കുന്നുണ്ട്. എഞ്ചിനീയറിങ് വിഭാഗത്തിനു കീഴിൽ വരുന്ന ഈ കാര്യങ്ങളെല്ലാം നടക്കണമെങ്കിൽ ലക്ഷങ്ങൾ നൽകേണ്ടി വരും.
തദ്ദേശ സ്വയംഭരണ വകുപ്പിലെ അഴിമതി തുടച്ചു നീക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ വകുപ്പ് മന്ത്രിയുടെ കീഴിൽ ആരംഭിച്ചഘട്ടത്തിലായിരുന്നു വടകരയിലെ കൈക്കൂലി വേട്ട. മുനിസിപ്പൽ എഞ്ചിനീയർ പിടിയിലായതിനു പിന്നാലെ ഇയാൾക്കെതിരെ നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിട്ടുണ്ട്. ഫോണിലൂടെയും പരാതി ലഭിച്ചിട്ടുണ്ട്. മിക്ക പരാതികളും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

