തിരുവനന്തപുരം: മലബാർ സിമിന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ കോടതിവിമർശനം നേരിട്ടതിനു പിന്നാലെ വിജിലൻസ് ആരോപണവിധേയരെ പ്രതികളാക്കി രണ്ടു കേസുകൾ ചാർജുചെയ്തു. കഴിഞ്ഞദിവസം കേസ് പരിഗണിച്ച വേളയിൽ അന്വേഷണം അട്ടിമറിക്കപ്പെടുകയാണോ എന്നു ചോദിച്ച ഹൈക്കോടതി വിജിലൻസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ പ്രധാന ആരോപണം നേരിടുന്ന വിവാദവ്യവസായി വി എം രാധാകൃഷ്ണനും രാഷ്ട്രീയനേതാക്കളുമായുള്ളബന്ധം പരാമർശിച്ച കോടതി അതിനാലാണോ വിജിലൻസ് അലംഭാവം കാട്ടുന്നതെന്നും ചോദിച്ചു.

അതേസമയം, ഇങ്ങനെയൊരു വിമർശനം കോടതിയുടെ ഭാഗത്തുനിന്നുതന്നെ ഉയർന്നതിനാൽ അത് ഉർവശീശാപം ഉപകാരമായതുപോലെയാണ് വിജിലൻസിന്. ഭരണപക്ഷത്തെ നേതാവായ എളമരം കരീമിനെതിരെപ്പോലും ആക്ഷേപമുയർന്ന കേസിൽ കോടതി പരാമർശം പ്രയോജനപ്പെടുത്തി ശക്തമായി മുന്നോട്ടുപോകാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തയ്യാറാകുന്നതെന്നാണ് സൂചനകൾ.

അഴിമതി ആരോപണമുയർന്ന ഫ്‌ളൈആഷ് ഇറക്കുമതി, ബാങ്ക് ഗ്യാരണ്ടി നൽകിയതിലെ വീഴ്ച എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കേസും ഡീലർമാർക്ക് അനധികൃതമായി കമ്മീഷനിൽ ഇളവു നൽകിയെന്ന ആരോപണത്തിൽ മറ്റൊരു കേസുമാണ് ഇപ്പോൾ വിജിലൻസ് ചാർജ് ചെയ്തത്.
ആർക്ക് വുഡ് ആൻഡ് മെറ്റൽ എന്ന സ്ഥാപനത്തിന്റെ എംഡികൂടിയായ വിവാദ വ്യവസായി വി എം രാധാകൃഷ്ണൻ, രാധാകൃഷ്ണന്റെ സ്ഥാപനത്തിലെ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ് വടിവേലു എന്നിരും മലബാർ സിമന്റ്‌സ് മുൻ എംഡി സുന്ദരമൂർത്തി, ലീഗൽ ഓഫീസർ പ്രകാശ് ജോസഫ് എന്നിവരുമാണ് ഫ്‌ളൈആഷ് ഇറക്കുമതിയും ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ.

ഡീലർമാർക്ക് അനധികൃതമായി കമ്മീഷൻ നൽകിയതുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ കേസിൽ മലബാർ സിമന്റ്‌സ് എംഡി പത്മകുമാർ, മാർക്കറ്റിങ് മാനേജർ വേണുഗോപാൽ എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളത്. സിമന്റ് ഡീലർമാർക്ക് വിവിധ കാലയളവുകളിൽ ഇളവു നൽകിയതിൽ അഴിമതി നടത്തിയെന്ന ആരോപണമാണ് ഇവർക്കെതിരെ ഉള്ളത്. അതേസമയം അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് ബന്ധമുള്ള രാഷ്ട്രീയ നേതാക്കളും പ്രതിപ്പട്ടികയിൽ വരുമെന്നാണ് സൂചനകൾ.

കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എളമരം കരീമിന് ബന്ധമുണ്ടെന്ന തരത്തിൽ സുന്ദരമൂർത്തി നൽകിയ മൊഴി മുമ്പ് വിവാദമായിരുന്നു. കരീമിന് പണമടങ്ങുന്ന കവർ വിവാദ വ്യവസായി രാധാകൃഷ്ണൻ നൽകുന്നത് കണ്ടെന്നായിരുന്നു മൊഴി.  മലബാർസിമന്റ്‌സിനായി അസംസ്‌കൃത വസ്തുക്കൾ വാങ്ങിയതിൽ 2.7 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം ഉയരുന്നത്.

മലബാർസിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വിജിലൻസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവർ വി എം രാധാകൃഷ്ണനു വേണ്ടി നിലകൊള്ളുകയാണെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി സർക്കാറും സർക്കാർ അഭിഭാഷകരും കേസിൽ ഒത്തുകളിക്കുകയാണോ എന്നും ചോദിച്ചിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് 2015ൽ നടത്തിയ ക്വിക് വെരിഫിക്കേഷനിൽ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. മുൻ വ്യവസായ സെക്രട്ടറി പി.ബാലകൃഷ്ണൻ, മുൻ മലബാർ സിമന്റ്‌സ് എംഡി. എം.സുന്ദരമൂർത്തി, നിലവിലെ മലബാർ സിമന്റ്‌സ് എം.ഡി. പത്മകുമാർ, മുൻ വ്യവസായ മന്ത്രി എളമരം കരീം തുടങ്ങിയവർ പ്രതിപ്പട്ടികയിൽ വരേണ്ടിയിരുന്ന വിധത്തിലായിരുന്നു കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. എന്നാൽ, പിന്നീട് കാര്യമായ അന്വേഷണം മുന്നോട്ടുപോയില്ല.

ക്രമക്കേട് കണ്ടെത്തിയാൽ 48 മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ലളിത കുമാരി ഉത്തരവിന് വിരുദ്ധമായാണ് ഈ കേസിൽ അന്വേഷണ ഏജൻസികൾ നിലപാട് കൈക്കൊണ്ടിരിക്കുന്നതെന്ന കോടതി നിരീക്ഷിച്ചു. ക്വിക് വെരിഫിക്കേഷൻ കേസിൽ പ്രതികളായവരും പ്രതികളാകാൻ സാധ്യതയുള്ളവരും ഉൾപ്പെട്ട പട്ടിക വെട്ടിത്തിരുത്തിയെന്ന സംശയവും ഉന്നയിച്ച കോടതി എത്രയും വേഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് ആവശ്യപ്പെട്ടത്.

എത്രയും വേഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കോടതി അറിയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വരുന്ന 18 ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനോട് ഹാജരാകാനും കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജേക്കബ് തോമസിന്റെ നിർദ്ദേശപ്രകാരം ഇന്ന് വിജിലൻസ് മലബാർസിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ ചാർജുചെയ്തിരിക്കുന്നത്.

കേസിലെ പ്രതിയായ വിവാദ വ്യവസായി വി എം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തിരിക്കുന്നതെന്ന് വിമർശിച്ച കോടതി സംസ്ഥാന സർക്കാരുകളേക്കാളും മുകളിലാണോ വി എം രാധാകൃഷ്ണനെന്നും എന്തുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാരുകൾ എടുക്കുന്നതെന്നും ചോദിച്ചിരുന്നു. സാധാരണക്കാരന് നീതിവ്യവസ്ഥയോടുള്ള വിധേയത്വം ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികളെന്നും മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇത്തരം സംഭവങ്ങൾ കാണാതിരിക്കുന്നത് അത്ഭുതമാണെന്നും വി എം രാധാകൃഷ്ണൻ നിയമത്തിന് അതീതനായ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഇപ്പോൾ ആദ്യഘട്ടമെന്ന നിലയിൽ കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന സംശയിക്കുന്നവർക്കെതിരെ മാത്രമാണ് വിജിലൻസ് കേസെടുത്തിട്ടുള്ളതെങ്കിലും അന്വേഷണം കേസുമായി ബന്ധമുള്ള എൽഡിഎഫ് യുഡിഎഫ് നേതാക്കളിലേക്കും നീങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. വ്യവസായി വി എം.രാധാകൃഷ്ണനുമായി ബന്ധമുള്ളവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. ഐഎഎസുകാരും മലബാർ സിമന്റ്‌സ് ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്നാണ് സൂചന.