തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാടു കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കില്ലെന്നു തിരുവനന്തപുരം വിജിലൻസ് കോടതി. അതേസമയം കയ്യേറ്റത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണ റിപ്പോർട്ടുകൾ ആദ്യം ലോകായുക്ത പരിശോധിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നലകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം.

പൈപ്പ് മാറ്റുന്നതിന്റെ ഉത്തരവ് നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണ്. കെട്ടിട നിർമ്മാതാക്കൾ 16 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയത് രേഖകളിൽ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

പാറ്റൂർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വി എസ് ഹർജി നൽകിയത്. സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടുനൽകാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണും അടക്കമുള്ളവർ കുട്ടുനിന്നുവെന്നാണു വി.എസിന്റെ ഹർജിയിലെ ആരോപണം.