മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് നൽകി 112 ഏക്കർ മിച്ചഭൂമി നൽകിയതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയേ മതിയാകൂവെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണെന്നും നിരവധി സംശയങ്ങൾ ഉന്നയിക്കുന്നതാണെന്നും കോടതി പറഞ്ഞു. അടുത്ത മാസം അഞ്ചിന് കേസ് പരിഗണിക്കുന്നതിന് മുമ്പായി റിപ്പോർട്ട് ഹാജരാക്കണമെന്നും ജഡ്ജി പി.മാധവൻ ഉത്തരവിട്ടു.

സംഭവത്തിൽ റവന്യൂ മന്ത്രിക്ക് പങ്കില്ലെന്നും വ്യവസായ മന്ത്രിയാണ് ഫയൽ മന്ത്രിസഭയ്ക്ക് മുന്നിൽ ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നതെന്നും പറയുന്ന റിപ്പോർട്ടിൽ ഏത് സാഹചര്യത്തിലാണ് ഫയൽ ഔട്ട് ഓഫ് അജണ്ടയായി എത്തിയതെന്ന് വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യവും ഇതിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നും കോടതി വിജിലൻസിനോട് നിർദേശിച്ചു. ഫലത്തിൽ വ്യവസായ മന്ത്രിക്ക് എതിരെ അന്വേഷണം നടത്താൻ ഉത്തരവിടുകയാണ് കോടതി ചെയ്തിരിക്കുന്നത്. അസ്വാഭാവികമായ പലതും നടന്നിട്ടുണ്ടെന്ന സൂചനയാണ് ഇതിലുള്ളത്.

റവന്യൂമന്ത്രി അടൂർ പ്രകാശ് അടക്കമുള്ളവർ പ്രതിയായ കേസിലെ ത്വരിത പരിശോധനയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ നീക്കങ്ങളുടെ കൂടുതൽ രേഖകൾ ത്വരിത പരിശോധന റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി പരാമർശിച്ചു. ഭൂമിയിടപാട് മന്ത്രിസഭാ യോഗത്തിൽ അജണ്ടയായി ഉൾപെടുത്താനുള്ള വ്യവസായ വകുപ്പിനുള്ള താൽപര്യം എന്താണെന്നും വിജിലൻസ് കോടതി ചോദിച്ചു. റവന്യൂമന്ത്രി അടൂർ പ്രകാശ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരടക്കം അഞ്ചു പേർക്കെതിരെയാണ് ത്വരിത പരിശോധന നടക്കുന്നത്. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, തൃശൂരിലെ മാള എന്നിവിടങ്ങളിൽ 127 ഏക്കർ ഭൂമി വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് നൽകി വിട്ടുകൊടുത്ത റവന്യൂ വകുപ്പ് നടപടി വിവാദമായിരുന്നു.

സന്തോഷ് മാധവൻ ഇടനിലക്കാരനായ ഭൂമി ഇടപാടിൽ റവന്യു മന്ത്രി അടൂർ പ്രകാശ് കുറ്റക്കാരനല്ലെന്നു കാട്ടിയാണ് കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഉത്തരവിനുപിന്നിൽ പ്രത്യേക ലക്ഷ്യങ്ങളോ താൽപര്യങ്ങളോ ഇല്ലെന്നും അതിനാൽ വകുപ്പു മന്ത്രിക്കെതിരേ കേസ് എടുക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരേ പരാമർശങ്ങളുണ്ട്. ഭൂമി കൈമാറ്റം നടത്തരുതെന്നാവശ്യപ്പെട്ട് തഹസിൽദാർ തയാറാക്കിയ റിപ്പോർട്ട് യഥാസമയം മന്ത്രിക്കു കൈമാറുന്നതിൽ കലക്ടർ പരാജയപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ചു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്തതായി റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടാണ് ഫലത്തിൽ കോടതി തള്ളുന്നത്.

ജില്ലാ കലക്ടർമാരുടെയും ലാൻഡ് റവന്യൂ കമ്മീഷണർമാരുടെയും വിലക്കുകൾ നിരസിച്ചാണ് റവന്യൂ വകുപ്പ് ഈ ഭൂമി സന്തോഷ് മാധവന് വിട്ടുനൽകാൻ തീരുമാനിച്ചത്. മാർച്ച് രണ്ടിനാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ബംഗലൂരു ആസ്ഥാനമായുള്ള ഒരു ഐ.ടി കമ്പനിക്ക് വേണ്ടി ബിനാമി ഇടപാടിലൂടെയാണ് സന്തോഷ് മാധവൻ ഭൂമി സമ്പാദിച്ചതെന്ന് പറവൂർ അഡീഷണൽ തഹസീൽദാറും റിപ്പോർട്ട് നൽകിയിരുന്നു. കമ്പനി നേരിട്ട് മന്ത്രിയുടെ ഓഫീസിനെ സമീപിച്ചാണ് അനുകൂല ഉത്തരവ് സമ്പാദിച്ചതെന്നും റിപ്പോർട്ടുണ്ടായിരുന്നു. മിച്ചഭൂമിയായി നേരത്തെ ഏറ്റെടുത്തിരുന്ന വയൽ ഐ.ടി. പാർക്ക് സ്ഥാപിക്കാൻ എന്ന പേരിൽ തിരികെ നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്. പിന്നീട് വിവാദമായതിനെത്തുടർന്ന് ഉത്തരവ് മരവിപ്പിച്ചു.

ഭൂമി ഇടപാടിൽ അഴിമതി നടന്നിട്ടുള്ളതുകൊണ്ടാണ് വിവാദ ഉത്തരവ് പിൻവലിച്ചതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി അന്വേഷണം നടത്താൻ ഉത്തരവിട്ടത്. സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആദർശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ പുത്തൻവേലിക്കര വില്ലേജിൽ 95.44 ഏക്കർ നിലവും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മഠത്തുംപടി വില്ലേജിൽ 32.41 ഏക്കർ നിലവും 2006ൽ വാങ്ങിയിരുന്നു. ഈ ഭൂമി 1964ലെ കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം സർക്കാർ മിച്ച ഭൂമിയായി 2009 ജനവരിയിൽ ഏറ്റെടുത്തു.

ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളുകയും ചെയ്തതാണ്.ഈ ഭൂമിയിൽ ഹൈടെക് ഐ.ടി. പാർക്ക് സ്ഥാപിക്കാൻ സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനം അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന് ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പിന് ഇളവ് അനുവദിച്ച് കൊണ്ട് 2016 മാർച്ച് 2 ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ ഈ ഉത്തരവ് വിവാദമായതോടെ 2016 മാർച്ച് 23 ന് പിൻവലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഇടപാടിൽ എറണാകുളം സ്വദേശി ജി. ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിലാണ് റവന്യൂ മന്ത്രി അടക്കം അഞ്ചുപേർക്കെതിരേ ദ്രുതപരിശോധനയ്ക്കു വിജിലൻസ് ജഡ്ജി ജസ്റ്റിസ് പി. മാധവൻ ഉത്തരവിട്ടത്.