കണ്ണൂർ: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ ദ്രുതപരിശോധനയ്ക്കു വിജിലൻസ് കോടതിയുടെ ഉത്തരവ്. അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റക്കേസിൽ നാലാം പ്രതിയായ കാന്തപുരത്തെ ഒഴിവാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണു കോടതിവിധി.

അഡ്വ. ഇ നാരായണൻ മുഖേന ഇരിട്ടി സ്വദേശിയായ എ.കെ ഷാജിയാണ് അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റക്കേസിൽ കാന്തപുരത്തെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ത്വരിതാന്വേഷണത്തിനു ശേഷമേ കാന്തപുരത്തെ കേസിൽ പ്രതിയാക്കണോ എന്ന കാര്യം തീരുമാനിക്കു.

നേരത്തെ കാന്തപുരത്തെ ഒഴിവാക്കിയ കാരണം വ്യക്തമാക്കാൻ സ്പെഷ്യൽ ജഡ്ജി വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിലാണ് കോടതിയുടെ നടപടി. തെളിവ് ലഭിച്ചാൽ കാന്തപുരത്തെ പ്രതി ചേർക്കുന്നതിന് വിരോധമില്ലെന്നും കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

കറപ്പതോട്ടത്തിന്റെ 300 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കൽ കോളെജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചത്. കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടതും.

എന്നാൽ തുടർന്ന് വിജിലൻസ് കേസ് എടുത്തപ്പോൾ ഭൂമി ആദ്യം മറിച്ച് നൽകിയ കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ ഇതിൽ നിന്നും ഒഴിവായി. ഇതിലാണ് ഇപ്പോൾ ത്വരിത പരിശോധന നടത്താനുള്ള കോടതിയുടെ ഉത്തരവ്.